അബൂദബി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തലസ്ഥാന നഗരിയിലെ പൊതു ഗതാഗത ബസ് സ്റ്റേഷനിൽ സ്വയം പ്രവർത്തിക്കുന്ന അണുനശീകരണ സ്മാർട്ട് ഗേറ്റ് സ്ഥാപിച്ചു. അബൂദബി എമിറേറ്റിലുടനീളമുള്ള എല്ലാ ബസ് ടെർമിനലുകളിലും ഹൈടെക് സാനിറ്റൈസേഷൻ സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നും ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ അധികൃതർ വ്യക്തമാക്കി.ആളുകൾ സ്മാർട്ട് ഗേറ്റിലൂടെ കടന്നുപോകുമ്പോൾ അണുനാശിനി തളിക്കുന്നു. ആരോഗ്യത്തിന് ഹാനികരമാകാത്ത സംവിധാനം പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് നടപ്പാക്കുന്നതെന്നും അബൂദബി ഗതാഗത വകുപ്പു മേധാവികൾ വ്യക്തമാക്കി.
ദിവസവും രാവിലെ ആറു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കുന്ന ഈ ഗേറ്റ് അണു നശീകരണ വിദഗ്ധ സംഘം പതിവായി അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതു മുതൽ ഒട്ടേറെ മുൻകരുതൽ നടപടികളാണ് പൊതുജനാരോഗ്യം ലക്ഷ്യമാക്കി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ നടപ്പാക്കിയതെന്നും അധികൃതർ പറഞ്ഞു. പൊതുജന സുരക്ഷക്കായി ഓരോ സർവിസിനു ശേഷവും പൊതുഗതാഗത ബസുകൾ അണുമുക്തമാക്കുന്നുണ്ട്. ബസ് സ്റ്റേഷനിലെ ഇരിപ്പിടങ്ങളും ജനങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇടവിട്ട് ശുചീകരിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.