ബ്രിക്സ് ഉച്ചകോടി: ഇറാൻ പ്രസിഡന്‍റും അബൂദബി കിരീടാവകാശിയും ചർച്ച നടത്തി
അബൂദബി: അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും ഇറാൻ പ്രസിഡന്‍റ് ഡോ. മസ്ഊദ് പെസഷ്കിയാനും കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹിയിൽ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും പരസ്പര താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. നിലവിലെ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തി. മേഖലയിലെ പിരിമുറുക്കങ്ങൾ കുറക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്‍റെ പ്രാധാന്യം നേതാക്കൾ വ്യക്തമാക്കി.
മേഖലയിലെ ജനങ്ങളുടെ സമാധാനത്തിനും സമഗ്ര വികസനത്തിനുമുള്ള അവസരങ്ങൾ വർധിപ്പിക്കാനും ശക്തമാക്കാനും ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-യു.എ.ഇ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ യു.എ.ഇയുടെ ഏറ്റവും പുതിയ പരമാധികാര നിക്ഷേപ ഫണ്ടായ അൽ ഇമാദ് വഹിക്കുന്ന പ്രധാന പങ്ക് ഇരുവരും അംഗീകരിച്ചു. പ്രതിരോധം, ബഹിരാകാശം, ആണവോർജം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
രാഷ്ട്രീയം, സംസ്കാരം, വാണിജ്യം, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലധിഷ്ഠിതമായ സമഗ്രമായ ഇന്ത്യ-യു.എ.ഇ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധത്തിൽ കൈവരിച്ച പുരോഗതി നേതാക്കൾ വിലയിരുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത അലൂമിനിയം നിക്ഷേപമായ ഒഡിഷയലെ 11.5 ബില്യൺ ഡോളർ സംയോജിത ഗ്രീൻഫീൽഡ് അലൂമിനിയം പദ്ധതിയുടെ വികസനത്തിന് നിക്ഷേപം നടത്താനുള്ള യു.എ.ഇ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനിയുടെ പ്രഖ്യാപനം ക്രിയാത്മകമാണെന്ന് വ്യക്തമാക്കിയ നേതാക്കൾ ഈ പദ്ധതി ഒഡിഷയെ ആഗോള അലൂമിനിയം നിർമാണ കേന്ദ്രമായി മാറ്റുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.