ഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും പഴക്കമുള്ളതും നിര്‍മാണ കലയിലെ അദ്ഭുതവുമായ ബിദിയ്യ പള്ളി സന്ദര്‍ശകര്‍ക്കായി തുറന്നു. ജനുവരി മുതല്‍ ഇവിടേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ മുമ്പ് രാത്രി ഒമ്പത് മണി വരെ സന്ദര്‍ശകരെ അനുവദിച്ചിരുന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. ആറ് മണിക്ക് ശേഷം പള്ളി അടക്കും. വടക്കന്‍ എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രധാന ആഗ്രഹം ബിദിയ്യ പള്ളി കാണുകയാണ്. എന്നാല്‍ മൂന്ന് മാസമായി പള്ളി അടഞ്ഞ് കിടക്കുന്ന വാര്‍ത്ത പലരും അറിയാത്തത് കാരണം നിരാശരായി മടങ്ങുന്നത് പതിവായിരുന്നു.
മ്യൂസിയം വകുപ്പ് നിര്‍ദേശിച്ച വസ്ത്രം ധരിച്ച് ആര്‍ക്കും പള്ളിയില്‍ കയറാവുന്നത് കൊണ്ട് ആയിരങ്ങളാണ് പള്ളി കാണാന്‍ എത്താറുള്ളത്. എന്നാല്‍ ചില പുനഃക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ജനുവരി മുതല്‍ പള്ളി താത്ക്കാലികമായി അടച്ചത്. വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്ന പള്ളിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശീതികരണികള്‍ പൂര്‍ണമായും മാറ്റി പള്ളിയിലെ തനത് കാലാവസ്ഥ നിലനിറുത്തിയിട്ടുണ്ട്. ആഢംബര പരവതാനികള്‍ മാറ്റി കേരളത്തില്‍ നിന്ന് കൊണ്ട് വന്ന കയർ പരവതാനിയാണ് വിരിച്ചിരിക്കുന്നത്. നമസ്കരിക്കാൻ സൗകര്യമുണ്ടെങ്കിലും സ്ഥിരമായി നമസ്കാരത്തിന് നേതൃത്വം നല്‍കുന്ന ആളുണ്ടാവില്ല. മലയരടിവാരത്തിനും കടലോരത്തിനും ഇടയിലാണ് ബിദിയ്യ പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ നിര്‍മാണ കല ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. നാല് മിനാരങ്ങളാണ് പള്ളിക്കുള്ളത്. ഇവയെല്ലാം കൂടി പള്ളിയുടെ അകത്തുള്ള ഒറ്റ തൂണിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള പള്ളികള്‍ എടുത്ത് പരിശോധിച്ചാല്‍ ഇത്തരമൊരു നിര്‍മാണം കണ്ടത്തൊന്‍ സാധിക്കില്ലെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
ലഭ്യമായ തെളിവുകള്‍ പ്രകാരവും റേഡിയോ കാര്‍ബണ്‍ അനാലിസിസ് മുഖേനയും നടത്തിയ പഠനത്തില്‍ എ.ഡി 1446 കാലഘട്ടത്തിലായിരിക്കാം പള്ളി നിര്‍മിച്ചതെന്ന് ചില ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍ ചിലരുടെ അഭിപ്രായം ഇതിലും പഴക്കമുണ്ടെന്നാണ്. പള്ളിക്ക് സമീപത്തായി രണ്ട് നിരീക്ഷണ കോട്ടകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഈന്തപ്പനയുടെ തടിയും നാരുകളും ഉരുളന്‍ കല്ലുകളും കുമായവും ശര്‍ക്കരയും ചേര്‍ന്ന മിശ്രിതം കൊണ്ടാണ് ഇവയുടെ നിര്‍മാണം. പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്ത് തോല്‍പ്പിച്ചവരായിരുന്നു ബിദിയ്യ, ഖോര്‍ഫക്കാന്‍ വാസികള്‍. പള്ളിയുടെ പരിസരങ്ങളില്‍ പുരാതന കാലത്ത് ജനവാസം ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
ഇതിന്‍െറ നിരവധി അടയാളങ്ങള്‍ ഇവിടെ കാണാം. കടല്‍ യാത്രക്കാരുടെ ഇടതാവളമായിരുന്നു ഇതെന്ന് കണക്കാക്കുന്നു. കടലിലെയും മലകളിലെയും പ്രത്യേക കാലാവസ്ഥയില്‍ നിന്ന് പള്ളിയെ സംരക്ഷിച്ചിരുന്നത് ചുവരുകളില്‍ തേച്ച് പിടിപ്പിച്ചിരുന്ന പ്രത്യേക ചായക്കൂട്ടുകളായിരുന്നു. എന്നാല്‍ ആധുനിക യുഗത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ പള്ളി തകര്‍ച്ച നേരിടാന്‍ തുടങ്ങിയപ്പോള്‍ ദുബൈ നഗരസഭയും ഫുജൈറ ഹെരിറ്റേജ് ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗവും സഹകരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പള്ളിയുടെ പ്രാചീനമായ രൂപത്തിന് തെല്ലും പോറലേല്‍ക്കാതെയായിരുന്നു ഇത്.
നവീകരണം പൂര്‍ത്തിയായ പള്ളി 2003 മാര്‍ച്ച് 13ന് സുപ്രീം കൗണ്‍സിലംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. അന്നുതൊട്ട് ഇന്ന് വരെ പള്ളിയുടെ പരിപാലനം ഒരു മലപ്പുറത്തുകാരന്‍െറ കൈയിലാണ്. കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശി നാസറാണ് പള്ളിയുടെ പരിപാലകന്‍. പള്ളിയുടെ ചരിത്രം മന:പാഠമാണിപ്പോള്‍ നാസറിന്. ഇവിടെ എത്തുന്ന മലയാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പള്ളിയുടെ ചരിത്രം മനസ്സിലാക്കാന്‍ നാസര്‍ വഴി സാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.