ദുബൈ: ഇത്തിസാലാത്തിന് പിന്നാലെ ‘ഡു’ നെറ്റ്വർക്കും ബീൻ സ്പോർട്സ് ചാനൽ നെറ്റ്വർക്കിനെ കൈവിടുന്നു. ഇതോടെ, യു.എ.ഇയിലുള്ളവർക്ക് പ്രധാന ഫുട്ബാൾ മത്സരങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ജൂലൈ ഒന്ന് മുതൽ തങ്ങളുടെ നെറ്റ്വർക്കിൽ ബീൻ സ്പോർട്സ് ചാനലുകൾ ലഭ്യമായേക്കില്ല എന്ന് ‘ഡു’ അധികൃതർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ‘ഡു’ ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.
യു.എ.ഇയിൽ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ പ്രധാന ഫുട്ബാൾ മത്സരങ്ങളുടെ സംപ്രേഷണാവകാശം ബീൻ സ്പോർട്സിനാണ്. ലോകകപ്പ് സംപ്രേഷണം ചെയ്ത ബീൻ സ്പോർട്സാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള മത്സരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. യു.എ.ഇയിൽ ഇത്തിസാലാത്ത്, ഡു നെറ്റ്വർക്കുകൾ വഴിയാണ് ബീൻ സ്പോർട്സ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത്. എന്നാൽ, ജൂൺ ഒന്ന് മുതൽ ഇത്തിസാലാത്തിന്റെ പ്ലാറ്റ്ഫോമുകളിൽ ബീൻ സ്പോർട്സ് സംപ്രേഷണം നിർത്തിയിരുന്നു. വാണിജ്യപരമായ കാരണമാണ് ചാനൽ ചൂണ്ടിക്കാണിച്ചത്. വിവിധ തലങ്ങളിൽ ചർച്ച ചെയ്തിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് സംപ്രേഷണം നിർത്തുന്നതെന്നും അവർ അറിയിച്ചിരുന്നു. നേരത്തെ ബീൻ പാക്കേജ് സബ്സ്ക്രൈബ് ചെയ്തവർക്ക് ഇളവ് നൽകുകയും തുക തിരികെ നൽകുകയും ചെയ്യും.
ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇത്തിസാലാത്തിന്റെ പ്രേക്ഷകർക്ക് നഷ്ടമാകും. അബൂദബിയുടെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റിയും ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനും തമ്മിലാണ് ഫൈനൽ. ആസ്ട്രേലിയൻ സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമായ ഫോക്സ്ടെലും ബീൻ സ്പോർട്സുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് പ്രഖ്യാപിച്ചിരുന്നു. ജൂലൈ മുതൽ തങ്ങൾ ബീൻ സ്പോർട്സ് സംപ്രേക്ഷണം ചെയ്യില്ലെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ആസ്ട്രേലിയയിലെ പ്രധാന ഫുട്ബാൾ, റഗ്ബി മത്സരങ്ങളുടെ സംപ്രേഷണാവകാശം ബീൻ സ്പോർട്സിന് നഷ്ടമായതോടെയാണ് ഫോക്സ്ടെൽ പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.