ദുബൈ: പ്രമുഖ സ്പോർട്സ് നെറ്റ്വർക്കായ ബീൻ സ്പോർട്സിന്റെ യു.എ.ഇയിലെ സംപ്രേഷണം ഇത്തിസാലാത്ത് നിർത്തിവെച്ചതിന് പിന്നാലെ ‘ഡു’ നെറ്റ്വർക്കുമായി ചർച്ച തുടരുന്നു. ഈ മാസം 30 വരെ ‘ഡു’ നെറ്റ് വർക്ക് വഴി സംപ്രേഷണം തുടരുമെന്നും ജൂലൈ ഒന്ന് മുതലുള്ള കാര്യം പറയാൻ കഴിയില്ലെന്നും ‘ഡു’ വക്താവ് വ്യക്തമാക്കി. പ്രീമിയർ ലീഗുകളടക്കം പ്രധാന കായിക മത്സരങ്ങൾ സംപ്രേഷണംചെയ്യുന്ന നെറ്റ്വർക്കാണ് ബീൻ സ്പോർട്സ്.
ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബീൻ സ്പോർട്സിന്റെ സംപ്രേഷണം ഇത്തിസാലാത്തിന് കീഴിലെ ടി.വി ചാനൽ വിതരണ സംവിധാനമായ ഇലൈഫിൽ ജൂൺ ഒന്ന് മുതൽ ലഭ്യമായിരിക്കില്ലെന്ന് കഴിഞ്ഞദിവസം ഇത്തിസാലാത്ത് പ്രഖ്യാപിച്ചിരുന്നു. വാണിജ്യപരമായ കാരണമാണ് ചാനൽ ചൂണ്ടിക്കാണിച്ചത്. വിവിധ തലങ്ങളിൽ ചർച്ച ചെയ്തിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് സംപ്രേഷണം നിർത്തുന്നതെന്നും അവർ അറിയിച്ചിരുന്നു. നേരത്തേ ബീൻ പാക്കേജ് സബ്സ്ക്രൈബ് ചെയ്തവർക്ക് ഇളവ് നൽകുകയും തുക തിരികെ നൽകുകയും ചെയ്യും. ഇതേ തുടർന്നാണ് ‘ഡു’വുമായി ചർച്ച തുടരുന്നത്.
അടുത്ത ദിവസങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള എഫ്.എ കപ്പ് ഫൈനൽ, മാഞ്ചസ്റ്റർ സിറ്റിയും ഇന്റർമിലാനും തമ്മിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്നിവ നടക്കാനിരിക്കെയാണ് ബീൻ സംപ്രേഷണം പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.