ഷാർജ: സ്വന്തമായി ഒരു കാറുവാങ്ങണം എന്ന വലിയ സ്വപ്നവുമുരുട്ടിക്കൊണ്ടാണ് പച്ചപ്പും ഭാരതപ്പുഴയിൽ നിന്നുള്ള കുളിർക്കാറ്റും നിറഞ്ഞ ഒറ്റപ്പാലം വിട്ട് വീട്ടിലകത്ത് മുഹമ്മദ് ബഷീർ മരുമണ്ണിൽ വന്നിറങ്ങുന്നത്. അന്നത്തെ വരുമാനം പക്ഷെ കാറു വാങ്ങാൻ തികയില്ലായിരുന്നു, അല്ലെങ്കിൽ അതിനേക്കാൾ വലിയ ആവശ്യങ്ങളുണ്ടായിരുന്നു. 38 വർഷങ്ങൾക്ക് ശേഷം സംതൃപ്തിയോടെ, സമാധാനത്തോെട നാട്ടിലേക്ക് മടങ്ങുേമ്പാഴേക്ക് മക്കളടക്കം പ്രിയപ്പെട്ടവർ കാറും മറ്റു വാഹനങ്ങളും വാങ്ങി. സഹോദരങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവിടെയെത്തിക്കുവാനും അവരുടെ ജീവിതത്തിൽ വർണങ്ങൾ നിറയുന്നതിന് സന്തോഷപൂർവം സാക്ഷ്യം വഹിക്കാനും ബഷീറിനായി.
1982ൽ യു.എ.ഇയിൽ എത്തിയ ശേഷം പത്തുവർഷത്തോളം ഷാർജ മുൻസിപ്പാലിറ്റിയിലും പിന്നീട് ഒരു പതിറ്റാണ്ട് ഷംസുൽ മആറഫ് ബുക്ക് ഷോപ്പിലും ജോലി ചെയ്തു. ഷാർജ 'ഷോയ്‌ഫാത്ത് ഇൻറർനാഷനൽ സ്കൂളിൽ' 18 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് നാട്ടിലേക്ക് പോകുന്നത്.
LATEST VIDEO
ഒറ്റപ്പാലത്തുകാരുടെ പ്രാദേശിക കൂട്ടായ്മയിൽ സജീവമായി നിലകൊണ്ട ഇദ്ദേഹം മുഖേന അൻപതിൽപരം ആളുകൾക്ക് വിവിധ മേഖലകളിൽ തൊഴിൽ നേടാനായി. ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക പ്രസിഡൻറായിരുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ പി.വി. വിവേകാനന്ദൻ സഹോദരതുല്യനായിരുന്നു. സാംസ്കാരിക^രാഷ്ട്രീയ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലിയായിരുന്നു മറ്റൊരു കൂട്ട്.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കോറോണയെന്ന മഹാവിപത്തിനെ നേരിടുന്ന ഈ സമയത്ത് ഒരു വലിയ ഒത്തുകൂടൽ സാധ്യമല്ലാതിരുന്നിട്ടും നാട്ടുകാരിൽ നിരവധിപേർ സൂം മീറ്റിങ്ങിലൂടെ ഒത്തുകൂടി പ്രിയപ്പെട്ട ബഷീർക്കാക്ക് ലളിതമായ യാത്രയയപ്പു നൽകി. എം.വി. അബ്ബാസ്, വിജയകുമാർ നായർ, അക്ബർ ഒ.കെ, ഉമ്മർ ഒറ്റപ്പാലം തുടങ്ങിയവർ നേതൃത്വം നൽകി.
ആസ്വദിച്ച് കൊതിതീരും മുൻപേ വിട്ടുപോന്ന ഇൗസ്റ്റ് ഒറ്റപ്പാലത്ത് പ്രിയപത്നി സൈനബക്കും മക്കൾക്കുമൊപ്പം ചെലവഴിക്കാനാണ് ബഷീർ ആഗ്രഹിക്കുന്നത്. ദുബൈ ഇസ്ലാമിക് ബാങ്കിൽ ഐ.ടി സപ്പോർട്ട് എൻജിനീയറായ മൂത്തമകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷഹീദ എന്നിവർ ഷാർജയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൻ മുഹമ്മദ് അഫ്സൽ ഒറ്റപ്പാലത്ത് ഐ.ടി മാജിക് കംപ്യൂട്ടേഴ്സ് സ്ഥാപനം നടത്തുന്നു. ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി യൂനിയൻ ചെയർമാൻ മുഹമ്മദ് അജ്മൽ, ബി.എസ്‌സി വിദ്യാർഥിനി ഫാത്തിമ അൻസിയ എന്നിവരാണ് ഇളയമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.