ഷാർജ: വ്യാപാരസ്ഥാപനങ്ങളിൽ സംസം വെള്ളം വിൽക്കുന്നത് വിലക്കി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. സംസം വെള്ളത്തിന്റെ പേരിൽ നഗരത്തിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ സംസം വെള്ളത്തിന്റെ വ്യാപാരവും വിൽപനയും പ്രദർശനവും പാടില്ലെന്നാണ് ഷാർജ മുനിസിപ്പാലിറ്റിയുടെ ഉത്തരവ്. പ്രാദേശിക വിപണിയിൽനിന്ന് സംസം വെള്ളം വാങ്ങരുതെന്ന് ഉപഭോക്താക്കളോടും മുനിസിപ്പാലിറ്റി അധികൃതർ നിർദേശിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് അധികൃതരുടെ ഇടപെടൽ.
കഴിഞ്ഞയാഴ്ച സാധാരണ ടാപ്പിലെ വെള്ളം സംസം വെള്ളമെന്ന പേരിൽ വിൽപന നടത്തിയയാളെ അധികൃതർ പിടികൂടിയിരുന്നു. സംസം വെള്ളം എന്ന് ലേബൽ ചെയ്ത കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും റെയ്ഡിൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ വെള്ളം നിറച്ച് സോഷ്യൽ മീഡിയ വഴി പ്രചാരം നൽകിയാണ് ഇതു വിൽപന നടത്തിയിരുന്നത്. ഉയർന്ന വിലയ്ക്കാണ് വെള്ളം വിറ്റിരുന്നത്. ലൈസൻസില്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുകയോ സോഷ്യൽ മീഡിയ വഴി ഉൽപന്നങ്ങൾ വാങ്ങുകയോ ചെയ്യരുതെന്ന് ഷാർജ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും ഷാർജ ഭക്ഷ്യ നിയന്ത്രണ വകുപ്പ് മേധാവി ഖാലിദ് അൽ ഹമ്മാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.