ഷാര്‍ജ അല്‍ നഹ്ദയിലെ ബാച്ലർ മുറിയിലെ രാഷ്ട്രീയ ചര്‍ച്ചാവേള
ഷാര്‍ജ: പരസ്യ പ്രചരണം അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെ ആവേശക്കൊടുമുടിയിലാണ് നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം. കഴിഞ്ഞ ഇലക്ഷനില്‍ നൈസായി ജയിച്ചുകയറിയ പല മണ്ഡലങ്ങളിലും ഇക്കുറി പൊരിഞ്ഞ പോരാട്ടമാണ്. അതുകൊണ്ടുതന്നെ ഓരോ വോട്ടിനും വിലയുള്ള കാലം. ഈ കാലത്തോട് പുറംതിരിഞ്ഞിരിക്കാന്‍ പ്രവാസ ലോകത്തിനാവില്ല. പട്ടികയില്‍ വോട്ടിെല്ലങ്കിലും പാര്‍ട്ടികളോടുള്ള കൂറ് കനലായി ചിലരുടെ നെഞ്ചില്‍ പടരുമ്പോള്‍, ഇതുവരെ പ്രവാസി വോട്ട് സഫലമാക്കാത്തവരോടുള്ള ഒടുങ്ങാത്ത ദേഷ്യമാണ് മറ്റുചിലരുടെ തലയില്‍ ഇരമ്പുന്നത്.
ഷാര്‍ജ അല്‍ നഹ്ദയിലെ കോളജ് സിഗ്നലിന് സമീപത്തുള്ള ഈ ബാച്ച്ലർമുറിയുടെ ചുവരുകളില്‍ നോക്കിയാല്‍ മാത്രം മതി, പ്രവാസ ലോകത്തെ തെരഞ്ഞെടുപ്പ് ചൂടറിയാന്‍. പാര്‍ട്ടി ചിഹ്നങ്ങളും കൊടികളും ചുവരില്‍ സ്ഥലം കണ്ടെത്തിയിട്ട് നാളുകളായി. വിശാലമായ ഹാളില്‍ പത്ത് പേര് ഒത്തുകൂടിയാൽ ചര്‍ച്ച ചിറപൊട്ടിയൊഴുകും. കോവിഡ് കാലത്ത് പ്രവാസികളോട് ചെയ്ത ചിറ്റമ്മ നയങ്ങളും കിറ്റുകളും, തലങ്ങും വിലങ്ങും നടപ്പിലാക്കിയ പുരോഗതികളും പാളിച്ചകളും ഇനിയും ചിറക് മുളക്കാത്ത എയര്‍ കേരളയും ഡോളറിലെ സ്വപ്നങ്ങളും പാലാരിവട്ടം പാലം പോലെ പൊളിഞ്ഞുവീണ പ്രവാസ കിനാക്കളും ചര്‍ച്ചകളില്‍നിന്ന് ചിറകടിച്ച് പറക്കും.
മലപ്പുറം ജില്ലക്കാരാണ് താമസക്കാരില്‍ അധികം. സമീപ ജില്ലക്കാര്‍ പേരിനുമാത്രം. കൂട്ടത്തില്‍ വേങ്ങര മണ്ഡലത്തിലെ ബഷീറിെൻറ മാതാവ് വര്‍ഷങ്ങളായി വാര്‍ഡ് മെംബര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പദവികള്‍ വഹിക്കുന്ന ആളാണ്. സലൂണിലെ ജോലി കഴിഞ്ഞാല്‍ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന ബഷീറിന് ഇക്കുറി വമ്പിച്ച ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍ വരുമെന്ന കാര്യത്തിൽ ഒട്ടുമേയില്ല സംശയം. എന്നാല്‍, ഈ വാദം അംഗീകരിക്കാതെ തള്ളിക്കളയുകയാണ് സഖാക്കളായ നൗഫലും നിസാമും ഹംസയും ജുനൈദും. തുടര്‍ഭരണം ഉറപ്പാണെന്ന് ഇവര്‍ തറപ്പിച്ച് പറയുമ്പോള്‍, അത് കുറുപ്പിെൻറ ഉറപ്പാണെന്നും ഉഡായിപ്പാണ് എല്‍.ഡി.എഫെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനും തൃശൂര്‍ ജില്ലക്കാരനുമായ ജിയാസിെൻറ വാദം.
പ്രവാസികളോട് പിണറായി സര്‍ക്കാര്‍ ചെയ്ത നെറികേടുകള്‍ ഇതിന് തെളിവായി ജിയാസ് നിരത്തുമ്പോള്‍, നിപയും പ്രളയവും കോവിഡും അതിജീവിച്ച സര്‍ക്കാറിെൻറ പോരിശകള്‍ ഇടതന്മാര് പാടുന്നു. എന്നാല്‍, ഈ പോരിശ അവിടെ നില്‍ക്കട്ടെയെന്നും കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് തണലായത് കെ.എം.സി.സിക്കാരാണെന്നും അവരുടെ തണലില്‍ ആയിരങ്ങളാണ് കോവിഡ് കാലത്ത് നാടണഞ്ഞതെന്നുമാണ് സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ അബ്ബാസിനും ഹാരിസിനും പറയാനുള്ളത്. എങ്കിലും പ്രവാസികള്‍ക്ക് വോട്ട് നിഷേധിച്ച കാര്യത്തിലുള്ള പ്രതിഷേധത്തിന് ഇവരെല്ലാം രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടാകും.
സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് ആക്കിയ കഥകള്‍ ഇടതുഭാഗത്ത് നിന്നുയരുമ്പോള്‍, വയനാട് സുല്‍ത്താന്‍ ബത്തേരി സാര്‍വജന ഹയര്‍ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റുമരിച്ച സംഭവം വലതുഭാഗം പരിചയാക്കുന്നു. വോട്ടുള്ളവര്‍ ഈ കൂട്ടത്തിലുണ്ട്, നാട്ടിലേക്ക് പോകാനുള്ള സാധ്യതയും ചര്‍ച്ചക്ക് വിഷയമാണ്.
ഇവിടത്തെ ബാൽക്കണിയില്‍നിന്ന് താഴേക്ക് നോക്കിയാല്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ താമസകേന്ദ്രം വ്യക്തമായി കാണാം. പാതി ഉറക്കത്തില്‍ നിന്നുണര്‍ന്ന് ജോലി സ്ഥലത്തേക്കുള്ള ബസില്‍ കയറിയാല്‍ ഇവരുടെ കണ്ണില്‍ ഉറക്കമെത്തും. തിരിച്ചുള്ള യാത്രയിലും ഉറക്കം തന്നെ കൂട്ട്. മുറിയില്‍ തിരിച്ചെത്തിയാല്‍ ഭക്ഷണം തയാറാക്കാനും തുണിയലക്കാനും നേരം തികയില്ല. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ പ്രവാസികള്‍ എന്ന മേല്‍വിലാസം ചാര്‍ത്തി ഇത്തരക്കാരെ പല ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കുന്ന പ്രവണതയോട് ഈ മുറി ഒരേസ്വരത്തിൽ പ്രതിഷേധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.