കുഞ്ഞുഹൃദയങ്ങൾക്ക് വേണം ഒരു കരുതൽ

ചികിത്സക്ക് ആശുപത്രിയിലെത്തുന്ന ഒത്തിരി നിർധനരായ ആൾക്കാരുണ്ട്. തന്റെ മക്കൾക്ക് എങ്ങനെ നല്ല ചികിത്സ നൽകും എന്നാലോചിച്ച്, പണമില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന ഒരുപാടുപേർ. ഒന്ന് ചുറ്റും തിരിഞ്ഞുനോക്കിയാൽ നിങ്ങൾക്കും കാണാം അങ്ങനെ ഒത്തിരിപേരെ. അന്നന്ന് കിട്ടുന്ന വരുമാനംകൊണ്ട് മാത്രം ജീവിക്കുന്നവർക്ക് പെട്ടന്നൊരു ചികിത്സാ ചെലവുവന്നാൽ അത് താങ്ങാവുന്നതിലും അപ്പുറമാകും. പലപ്പോഴും വേണ്ട ചികിത്സ നൽകാനാകാതെ എത്രയോ കുഞ്ഞുങ്ങൾ മരണപ്പെടുന്നു. നമ്മൾ എല്ലാവരും ഒന്ന് മനസ്സുവെച്ചാൽ ഇവരെയെല്ലാം സഹായിക്കാവുന്നതേയുള്ളൂ. ‘സേവ് ദ ലിറ്റിൽ ഹാർട്സ്’ എന്ന പദ്ധതിയുമായി ആസ്റ്റർ മിംസും മാധ്യമം ഹെൽത്ത്കെയറും ഒന്നിച്ച് രംഗത്തുവന്നതും ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ എത്രയോ പേരുടെ പുഞ്ചിരി മായാതിരിക്കാൻ അത് കാരണമാകും.

‘‘ഡോക്ടര്‍, ഇത് ചികിത്സിക്കേണ്ടതുണ്ടോ, കുഞ്ഞ് വളരുന്നതിനനുസരിച്ച് ക്രമേണ മാറില്ലേ?’’ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കന്മാർ അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. സന്തോഷത്തോടെ കുഞ്ഞിനെ കളിപ്പിക്കേണ്ട സമയത്ത് ഇനിയെന്ത് എന്ന ചോദ്യത്തോടെ പകച്ചു നിൽക്കേണ്ടിവരുന്ന അവസ്ഥ. ചികിത്സയിലൂടെയല്ലാതെ കുഞ്ഞുങ്ങളിലെ ഹൃദ്രോഗം വളര്‍ച്ചയുടെ ഭാഗമായി മാറുന്നത് വളരെ ചുരുങ്ങിയ കേസുകളില്‍ മാത്രമാണ്. കുട്ടിയുടെ പ്രായം, ഹൃദയത്തിലെ അസുഖത്തിന്റെ സ്വഭാവം, ദ്വാരമാണെങ്കില്‍ അതിന്റെ വലുപ്പം, സംഭവിച്ചിരിക്കുന്ന സ്ഥാനം എന്നിവയെയെല്ലാം ആശ്രയിച്ച് മാത്രമേ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരംപറയാന്‍ സാധിക്കൂ.

കുട്ടികളുടെ ഹൃദ്രോഗങ്ങളെക്കുറിച്ച് മനസിലാക്കിയാൽ മാത്രമേ കുട്ടികളുടെ ഹൃദ്രോഗങ്ങളെ ചികിത്സിക്കുന്ന ഡോക്ടർമാർ കടന്നുപോകുന്ന മാനസികാവസ്ഥകളും മനസിലാക്കാൻ സാധിക്കൂ. ഹൃദയത്തിന്റെ മുകളിലത്തെ അറകളാണ് ഏട്രിയ. ചില കുഞ്ഞുങ്ങളില്‍ ഈ അറകളെ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം കാണപ്പെടാറുണ്ട്. ഈ അവസ്ഥയെ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട് (എ.എസ്.ഡി) എന്ന് പറയുന്നു. ചിലരില്‍ എ.എസ്.ഡി തീരെ ചെറുതായി കാണപ്പെടും. 8 മില്ലിമീറ്ററില്‍ താഴെയാണ് ദ്വാരത്തിന്റെ വലുപ്പമെങ്കില്‍ ഏകദേശം 90 ശതമാനവും ഇത് സ്വാഭാവികമായി അടഞ്ഞ് പോകാറാണ് പതിവ്. എങ്കിലും കൃത്യമായ ഇടവേളകളിലുള്ള പരിശോധന തുടര്‍ന്നുകൊണ്ടേയിരിക്കണം. നാല് വയസ്സുവരെ നോക്കിയിട്ടും ഈ ദ്വാരം അടഞ്ഞിട്ടില്ലെങ്കില്‍, അടച്ചുകൊടുക്കുക തന്നെയാണ് പ്രതിവിധി. ശസ്ത്രക്രിയ വഴിയോ അല്ലെങ്കിൽ താക്കോൽ ദ്വാരം വഴിയോ ഡിവൈസ് വെച്ചോ ഈ ദ്വാരം അടക്കാം. കുഞ്ഞ് സ്‌കൂളില്‍ പോയി തുടങ്ങുന്ന സമയമാകുമ്പോഴേക്കും ശസ്ത്രക്രിയ ചെയ്ത് അസുഖം നിയന്ത്രണവിധേയമാക്കുന്നതാണ് നല്ലത്.

ഹൃദയത്തിന്റെ കീഴ് ഭാഗത്തെ അറകളാണ് വെൻട്രിക്കിൾ. ഇതിന്റെ ഭിത്തിയില്‍ ദ്വാരമുണ്ടാകുന്ന അവസ്ഥയെ വെന്‍ട്രികുലര്‍ സെപ്റ്റല്‍ ഡിഫക്ട് (വി.എസ്.ഡി) എന്ന് പറയുന്നു. ദ്വാരം ചെറുതാണെങ്കില്‍ സ്വാഭാവികമായി അടയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ ദ്വാരം ന്യൂമോണിയ പോലുള്ള അസുഖങ്ങള്‍ക്കോ അടുത്തുള്ള വാല്‍വിന്റെ ലീക്കിനോ, ശ്വാസകോശത്തിലേക്കു പോകുന്ന രക്തക്കുഴലില്‍ തടസ്സം സൃഷ്ടിക്കുവാനോ കാരണമാവുകയാണെങ്കില്‍ ചെറുതാണെങ്കില്‍ പോലും അടക്കണം. വലിയ ദ്വാരമാണെങ്കില്‍ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകം തന്നെ ശസ്ത്രക്രിയ ചെയ്ത് ഈ അവസ്ഥ ഇല്ലാതാക്കണം.

ഗർഭാവസ്ഥയിൽ ശരീരത്തിന് മുഴുവന്‍ രക്തം എത്തിക്കുന്ന പ്രധാന ഹൃദയ ധമനിയായ അയോര്‍ട്ടയെയും ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന പള്‍മണറി ആര്‍ട്ടറിയെയും ബന്ധിപ്പിക്കുന്ന രക്തക്കുഴലാണ് ഡക്ടസ് ആര്‍ടെറീയോസസ്. ജനനത്തിന് ശേഷം അടയേണ്ടതാണെങ്കിലും ചിലരില്‍ ഇത് അടയാതിരിക്കും. ഈ അവസ്ഥയെ പേറ്റന്റ് ഡക്ടസ് ആര്‍ടെറിയോസസ് (പി.ഡി.എ) എന്ന് വിളിക്കുന്നു. ചെറുതാണെങ്കിലും മാസം തികയാതെ പ്രസവിക്കുന്നവരിലും തനിയെ അടയുവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് അടയാതിരുന്നാൽ വലുപ്പമുള്ളതാണെങ്കിൽ ജനനശേഷം ആദ്യ മാസങ്ങളില്‍ തന്നെ ചികിത്സ നടത്തേണ്ടി വരും.

ഈ രോഗങ്ങൾ സ്വന്തം കുഞ്ഞിൽ വരുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ പലപ്പോഴും മാതാപിതാക്കന്മാർക്കു കഴിയൂ. ശരിയായ സമയത്ത് നല്ല ചികിത്സലഭിക്കുന്ന സ്ഥലത്ത് ചികിത്സിക്കാനും കഴിയണം. അക്ഷരാർഥത്തിൽ സ്വന്തം കുഞ്ഞിന്റെ ജീവനും കൈയിലെടുത്ത് ഓടേണ്ട അവസ്ഥയാകുമത്. ഈ അവസ്ഥക്ക് പരിഹാരമായാണ് ഞങ്ങൾ ‘സേവ് ദി ലിറ്റിൽ ഹാർട്സ്’ പദ്ധതിയുമായി എത്തുന്നത്.

ഇനി പണമില്ലാത്തതുകൊണ്ട് ഒരു കുഞ്ഞിന്റെയും, ഒരു മാതാപിതാക്കളുടെയും പുഞ്ചിരി മാഞ്ഞുപോകരുത്. ഇത് ഞങ്ങളുടെ ദൃഢനിശ്ചയം കൂടിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 7510861000 എന്ന നമ്പറിൽ ബന്ധപ്പെടാം.


ഡോ. രമാദേവി
(പീഡിയാട്രിക് കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഹെഡ്, 
ആസ്റ്റർ മിംസ്

 


Tags:    
News Summary - Baby hearts need care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.