ദുബൈ: സിനിമ പ്രേക്ഷകരുടെ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടെന്നും വ്യത്യസ്തമായ വിലയിരുത്തലുകൾ വരുന്നത് സിനിമക്ക് ഗുണം ചെയ്യുമെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജിബൂട്ടിയുടെ പ്രചാരണ ഭാഗമായി ദുബൈയിൽ എത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
മുമ്പൊക്കെ ഒരു സിനിമക്ക് രണ്ട് അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ നല്ലത്, അല്ലെങ്കിൽ മോശം. ഇന്ന് അതല്ല അവസ്ഥ. നാലുപേർ സിനിമ കാണാൻ പോയാൽ നാല് അഭിപ്രായമായിരിക്കും. ഒരുവിധത്തിൽ ഇത് നല്ലതാണ്.
എനിക്ക് ശരിയെന്നു തോന്നുന്ന ചിത്രങ്ങളാണ് ഞാൻ എടുക്കുന്നത്. അതിനർഥം മറ്റുള്ളവർ ചെയ്യുന്ന സിനിമകൾ ശരിയല്ല എന്നല്ല. ഓരോ സിനിമയും ഓരോ രീതിയിലാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നത്. എല്ലാ സിനിമക്കും ഇവിടെ സ്പേസ് ഉണ്ട്. സിനിമയിൽ മോശം പദ പ്രയോഗങ്ങൾ കടന്നുവരുന്നത് കുടുംബപ്രേക്ഷകരെ സിനിമയിൽനിന്ന് അകറ്റും എന്നുപറയുന്നത് ശരിയല്ല. താൽപര്യമില്ലാത്തവർ ഇത്തരം സിനിമകൾ കാണാതിരുന്നാൽ പോരേ. ആദ്യ ദിവസം കഴിഞ്ഞാൽ സിനിമ എന്താണെന്ന് കൃത്യമായി അറിയാൻ കഴിയുമല്ലോ. പ്രവാസ സിനിമയെ കുറിച്ച് ആലോചിച്ചിട്ടില്ല.
അത്രത്തോളം ആഴത്തിൽ പ്രവാസികളുടെ ജീവിതത്തെ കുറിച്ച് ധാരണയില്ല. എങ്കിലും, മലയാളി സിനിമയുടെ പ്രേക്ഷകരിൽ വലിയൊരു ഭാഗവും പ്രവാസികളാണെന്നറിയാം. അവരെ കുറിച്ചുള്ള സിനിമ തീർച്ചയായും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ജിബൂട്ടിയുടെ ചിത്രീകരണമെന്ന് സംവിധായകൻ എസ്.ജെ സിനു പറഞ്ഞു. ആഫ്രിക്കയിലെ ജിബൂട്ടിയിലാണ് ചിത്രത്തിെൻറ 80 ശതമാനവും ചിത്രീകരിച്ചത്. രണ്ടുവർഷം മുമ്പാണ് ചിത്രീകരണം തുടങ്ങിയത്. ആ സമയത്ത് കോവിഡ് ലോക്ഡൗണായി.
എന്നാൽ, അവിടത്തെ സർക്കാറിെൻറ സഹായത്തോടെയാണ് ചിത്രം പൂർത്തീകരിച്ചത്. പുതുമയുള്ള കഥയാണ് ജിബൂട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിത് ചക്കാലക്കൽ, ബിജു സോപാനം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജിബൂതിയിലെ പ്രവാസത്തിെൻറ കഥപറയുന്ന സിനിമ വ്യാഴാഴ്ച ഗൾഫിലെ തിയറ്ററുകളിലെത്തി. വെള്ളിയാഴ്ചയാണ് കേരളത്തിലെ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.