ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമായ ഫിലിപ്പീൻ സ്വദേശിനി ഡോ. ചെല്ലദുരൈ പാണ്ഡിയൻ ഹരിഹരനൊപ്പം 

അപൂർവ മസ്തിഷ്‌ക മുഴ ശസ്ത്രക്രിയയിലൂടെ നീക്കി ആസ്റ്റർ; 3 സെ.മീ വലിപ്പമുള്ള ട്യൂമറാണ് നീക്കിയത്

ദുബൈ: 48 വയസ്സുകാരിയായ ഫിലിപ്പീൻ സ്വദേശിനിയുടെ അപൂർവ മസ്തിഷ്‌ക ട്യൂമർ വിജയകരമായി ശസ്ത്രക്രിയ ചെയ്ത് നീക്കി ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഏകദേശം അഞ്ച് മാസമായി ശക്തമായ തലവേദന, ഛർദ്ദി, മാനസിക അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും ആദ്യം ഇത് മൈഗ്രെയ്ൻ അല്ലെങ്കിൽ വെർട്ടിഗോ എന്നാണ് കരുതിയിരുന്നത്. തുടർന്ന് നടത്തിയ എം.ആർ.ഐ പരിശോധനയിലാണ് ഗുരുതരമായ ട്യൂമർ കണ്ടെത്തിയത്. ഏകദേശം 3 സെ.മീ വലിപ്പമുള്ള ഈ ട്യൂമർ ചുറ്റുമുള്ള മസ്തിഷ്ക കോശങ്ങളിൽ കാര്യമായ സമ്മർദം ചെലുത്തുന്നതായിരുന്നു. ക്ലിനിക്കൽ കണ്ടെത്തലുകളും ന്യൂറോളജിക്കൽ അപകടസാധ്യതകളും കണക്കിലെടുത്ത്, അടിയന്തിര ശസ്ത്രക്രിയ ഡോക്ടർമാർ ശുപാർശ ചെയ്തു. പ്രത്യേകിച്ച് മസ്തിഷ്‌കത്തിലെ പ്രധാന രക്തവാഹിനിയായ സൂപീരിയർ സാജിറ്റൽ സൈനസിനോട് ചേർന്നായിരുന്നതിനാൽ ശസ്ത്രക്രിയക്ക് അപകടസാധ്യതയുണ്ടായിരുന്നു. രക്തസ്രാവം, സ്‌ട്രോക്ക്, മസ്തിഷ്‌ക വീക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരുന്നു.

ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ ഡോ. ചെല്ലദുരൈ പാണ്ഡിയൻ ഹരിഹരനും ഡോ. മനീഷ് ശ്രീനിവാസ മുർത്തിയും അടങ്ങിയ വിദഗ്ധസംഘം നടത്തിയത്. മൈക്രോസ്കോപ്പ് സഹായത്തോടെയുള്ള ശസ്ത്രക്രിയയിൽ ഇൻട്രോപ്പറേറ്റീവ് മോണിറ്ററിങ്, അൾട്രാസൗണ്ട് ഗൈഡൻസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്തത്. തലയുടെ പിൻഭാഗത്ത് തലയോട്ടി തുറക്കുക, ട്യൂമർ ഭാഗികമായി നീക്കം ചെയ്യുക, തുടർന്ന് തലച്ചോറിന്റെ മൂടുപടം നന്നാക്കുക, രോഗിയുടെ സ്വന്തം അസ്ഥി ഉപയോഗിച്ച് തലയോട്ടി പുനർനിർമ്മിക്കുക എന്നിവ ശാസ്ത്രക്രിയയിൽ ഉൾപ്പെട്ടു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം ഐ.സി.യുവിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രോഗിയെ പിന്നീട് വാർഡിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് ശേഷം 2025 ജൂലൈയിൽ എലിസ റേഡിയേഷൻ തെറാപ്പി പൂർത്തിയാക്കിയതോടെ ട്യൂമറിന് പൂർണമായ പരിഹാരമായി.

ദീർഘകാല തലവേദന പോലുള്ള ലക്ഷണങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി പരിശോധന നടത്തുന്നത് ജീവൻ രക്ഷിക്കാനാകുമെന്ന് ഡോക്ടർമാർ ഓർമിപ്പിച്ചു.

Tags:    
News Summary - Aster undergoes surgery to remove rare brain tumor; 3 cm tumor removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.