നഴ്സ് നവോമി ഓയോ ഓഹീൻ ഓട്ടി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025 യു.എ.ഇ മന്ത്രിസഭാംഗവും സഹിഷ്ണുത- സഹവർത്തിത്വ മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനിൽനിന്ന് സ്വീകരിക്കുന്നു
പ്രൗഢ ഗംഭീരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025ന് യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബൈ ആയിരുന്നു വേദി. ആരോഗ്യപരിചരണത്തിലെ വാഴ്ത്തപ്പെടാത്ത നായകവ്യക്തിത്വങ്ങളായ നഴ്സുമാരെ ആദരിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സംഘടിപ്പിച്ച, ലോകം കൗതുകത്തോടെ നിരീക്ഷിച്ച പരിപാടിയെ അനുഗ്രഹിച്ച് വൻജനാവലിയാണ് ഒഴുകിയെത്തിയത്.
വിശിഷ്ടാതിഥികളായി യു.എ.ഇ മന്ത്രിസഭാംഗവും സഹിഷ്ണുത- സഹവർത്തിത്വ മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ബോളിവുഡ് നടി സുഷ്മിത സെൻ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ എന്നിവരും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ്പ് സി.ഇ.ഒ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് ഗ്രൂപ്പ് ഹെഡ്-ഗവർണൻസ് ആൻഡ് കോർപറേറ്റ് അഫേഴ്സ് ടി.ജെ വിൽസൺ എന്നിവരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും മഹാസാന്നിധ്യങ്ങളായി.
തങ്ങളുടെ സഹാനുഭൂതിയും സമർപ്പണവും പരിചയമികവും ആരോഗ്യ പരിചരണത്തിന് അസാധാരണ ഉയരങ്ങൾ നൽകിയവർക്കുള്ള അംഗീകാരവും ആഘോഷവുമായി മാറിയ ദിനമായിരുന്നു അത്.
ഘാനയിൽനിന്നുള്ള നഴ്സ് നവോമി ഓയോ ഓഹീൻ ഓട്ടിയായിരുന്നു ഈ ദിനത്തിലെ താരം. അവരായിരുന്നു ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025ലെ കിരീടജേത്രി. ഘാനയിലെ മുൻനിര അർബുദ ചികിത്സാകേന്ദ്രമായ കോർലെ ബു ടീച്ചിങ് ഹോസ്പിറ്റലിൽ നേഷനൽ റേഡിയോതെറപ്പി ഓൺകോളജി ആന്റ് ന്യൂക്ലിയർ മെഡിസിൻ സെന്റർ മേധാവിയും ഓങ്കോളജി നഴ്സ് സ്പെഷലിസ്റ്റുമായിട്ടാണ് പുരസ്കാര യാത്രക്ക് നഴ്സ് നവോമിയുടെ പ്രയാണത്തിന് നാന്ദി കുറിക്കുന്നത്. നേതൃത്വം നൽകിയും വിദ്യാഭ്യാസം പകർന്നും എല്ലാവർക്കും തുല്യ കാൻസർ പരിരക്ഷ ഉറപ്പാക്കിയും ഘാനയിലും മറ്റിടങ്ങളിലും അർബുദ രോഗ പരിചരണത്തിന് പുതുമുഖം പകരുന്നതായിരുന്നു അവരുടെ മഹത്തായ സേവനം.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025 ജേതാവ് നഴ്സ് നവോമി ഓയോ ഓഹീൻ ഓട്ടി
മികവ് ഉറപ്പാക്കുന്നതിൽ നഴ്സ് നവോമിയുടെ വിട്ടുവീഴ്ചയില്ലാത്ത സമർപണം പ്രകടമാക്കുന്നതാണ് അവരുടെ അത്യുദാത്ത പദ്ധതികൾ. 2015ൽ ഘാനയിൽ അർബുദ ചികിത്സയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് നഴ്സിങ് കരിക്കുലം തുടങ്ങുന്നതിൽ നിർണായക പങ്കാണ് അവർ വഹിച്ചത്. അവർക്കു കീഴിൽ 60 അർബുദ ചികിത്സ നഴ്സ് സ്പെഷലിസ്റ്റുമാരും 10 സ്തനചികിത്സാ നഴ്സുമാരും ഇതിനകം പരിശീലനം പൂർത്തിയാക്കി. രാജ്യത്തുടനീളം സ്പെഷലൈസ്ഡ് കാൻസർ സേവനങ്ങൾക്ക് നാടകീയ വേഗവും വൈപുല്യവും നൽകുന്നതായിരുന്നു ഇത്. കാനഡയിലെ ക്രോസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള രാജ്യാന്തര കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ അർബുദ ചികിത്സ നഴ്സിങ് പരിശീലന പരിപാടികൾ സ്ഥാപിക്കുന്നതിലും അവർ സഹായകമായി. അതുവഴി തദ്ദേശീയ നഴ്സുമാർക്ക് ലോകോത്തര വിദ്യാഭ്യാസം നൽകാനും രോഗികൾക്ക് ലഭിക്കുന്ന ചികിത്സ കൂടുതൽ പ്രയോജനകരമാകാനും സഹായകമായി.
ഘാനയുടെ അതിർത്തി കടന്നും അവരുടെ സ്വാധീനം ഏറെ വലുതായിരുന്നു. ആഫ്രിക്കൻ ഓർഗനൈസേഷൻ ഫോർ റിസർച്ച് ആന്റ് ട്രെയിനിങ് ഇൻ കാൻസർ (AORTIC) അംഗവും ഗ്ലോബൽ ബ്രിഡ്ജസ് ഓൺകോളജി ജി.എം ഗ്രാന്റ് കോഇൻവെസ്റ്റിഗേറ്ററും ഇന്റർനാഷനൽ സൊസൈറ്റി ഓഫ് നഴ്സസ് ഇൻ കാൻസർ കെയർ (ISNCC) സഹകാരിയുമെല്ലാമായി നഴ്സ് നവോമി വൻകരയുടെ നയങ്ങൾക്ക് രൂപം നൽകുന്നതിൽ മുന്നിൽനിന്നതിനൊപ്പം ആഫ്രിക്കയിലുടനീളം 48ലേറെ നഴ്സുമാർക്ക് മെന്ററുമായി. ASCOയുടെ ബഹുവിഷയ കാൻസർ മാനേജ്മെന്റ് കോഴ്സുകളുടെ ആഗോള ഫാക്കൽട്ടി അംഗമാണ് നവോമി. ആഗോള അർബുദ വ്യവഹാരങ്ങളിൽ ആഫ്രിക്കൻ കാഴ്ചപ്പാട് ഉൾച്ചേർക്കാനും സാംസ്കാരിക പ്രസക്തമായ പരിചരണ മോഡലുകൾക്കായി മുന്നിൽ നിലനിൽക്കാനും അവർക്കായി.
ഗവേഷണം, നവീകരണം എന്നിവയിലുറച്ചതാണ് നവോമിയുടെ നേതൃത്വം. ആഫ്രിക്കൻ വനിതകളിൽ സ്തനാർബുദ അപകടസാധ്യത മാറ്റിയെടുക്കുന്നതിലും അവർ നിർണായക പങ്കുവഹിച്ചു. ഈ രംഗത്ത് ആഗോള ക്ലിനിക്കൽ ട്രയൽ ചട്ടങ്ങൾ ഉണ്ടാക്കുന്നതിലും രോഗിയുമായി ഇടപഴകുന്നതിൽ നഴ്സിങ്ങിന്റെ പങ്ക് മെച്ചപ്പെടുത്തുന്നതിലും ഡാറ്റ സമഗ്രതയിലും അവർ സംഭാവനകളർപ്പിച്ചു. ഇവയുടെ പേരിൽ നിരവധി പ്രശസ്ത അംഗീകാരങ്ങളും ആദരങ്ങളും അവരെ തേടിയെത്തി. ഘാന ആരോഗ്യ മന്ത്രാലയം എക്സ്ലൻസ് അവാർഡ്, ഘാന രജിസ്റ്റേഡ് നഴ്സസ് ആന്റ് മിഡ് വൈവ്സ് അസോസിയേഷൻ നൽകുന്ന ഡോ. ഡോർസിയ കിസ്സെഹ് ഇന്റർനാഷനൽ അവാർഡ് എന്നിവ ഇവയിൽ ചിലതു മാത്രം.
ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ്പ് സി.ഇ.ഒ അലീഷ മൂപ്പൻ
ദുബൈയിൽ പുരസ്കാരം ഏറ്റുവാങ്ങി നഴ്സ് നവോമി ഓഹീൻ ഓട്ടി പറഞ്ഞു: ‘‘ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് കൊണ്ട് ആദരിക്കപ്പെടുകയെന്നത് ഏറെ അഭിമാനം നൽകുന്നതാണ്. ഈ ആദരം എന്റേത് മാത്രമല്ല- ഘാനയിലും ആഫ്രിക്കയിലും ലോകത്തുടനീളവും ചങ്കുറപ്പും സഹാനുഭൂതിയും ശൂരതയുമാർന്ന സേവനവുമായി മുന്നിൽനിൽക്കുന്ന ഓരോ നഴ്സിനും അവകാശപ്പെട്ടതാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി, കാൻസർ ചികിത്സ രംഗത്തെ അസമത്വങ്ങൾക്ക് ഞാൻ നേരിട്ട് സാക്ഷിയായിട്ടുണ്ട്. പരിശീലനം, ബോധവത്കരണം, സംവിധാനങ്ങളുടെ നവീകരണം എന്നിവ വഴി ഈ അകലം ഇല്ലാതാക്കാൻ ഞാൻ എന്നെ സമർപിച്ചു. നാം സൃഷ്ടിച്ചെടുത്ത സ്വാധീനം കൂടുതൽ വിശാലമാക്കാൻ ഈ പുരസ്കാരം സഹായിക്കും. ആഫ്രിക്കയിലുടനീളം പരിശീലനം മെച്ചപ്പെടുത്തൽ, ഫാക്കൽട്ടി രൂപപ്പെടുത്തിയെടുക്കൽ, വരും തലമുറ ഓങ്കോളജി നഴ്സുമാർക്ക് പ്രചോദനമാകൽ... എന്നിങ്ങനെ എല്ലാം. എന്റെ ഈ യാത്രയുടെ ആത്മാവായി നിലകൊള്ളുന്ന ലളിതമായ സത്യം ഇതാണ്- നഴ്സിങ് ഒരു തൊഴിൽ മാത്രമല്ല. സാമൂഹിക നീതി, സമത്വം, പ്രതീക്ഷ എന്നിവക്കെല്ലാമുള്ള ശക്തി കൂടിയാണ്. ഇന്ന് ഞാൻ ഇവിടെ എഴുന്നുനിൽക്കുന്നത് എനിക്കു മാത്രമല്ല, പുതുവഴികൾ വെട്ടാനും ഏത് കടുത്ത സാഹചര്യങ്ങളിലും സേവനം നടത്താനും ധൈര്യം പ്രകടിപ്പിക്കുന്ന ഓരോ ആഫ്രിക്കൻ നഴ്സിനുമുള്ളതാണ്’’.
അറിവിന്റെ ആഴവും രാജ്യാന്തര സ്വാധീനവും മാത്രമല്ല നഴ്സ് നവോമിയെ വേറിട്ടതാക്കുന്നത്. കാൻസർ ചികിത്സ രംഗത്തെ സമ്പൂർണ നവീകരണത്തിന് നേതൃത്വം നൽകുന്നതിൽ ആഫ്രിക്കൻ നഴ്സുമാരുടെ ശക്തിയെ കുറിച്ച ഇടർച്ചയില്ലാത്ത വിശ്വാസം കൂടിയാണ്. മാർഗദർശനം, വിദ്യാഭ്യാസം, ഗവേഷണം, നയ നവീകരണം എന്നിവയിലെല്ലാം വലിയ പങ്കുവഹിച്ച അവർ, ശാക്തീകരണം ലഭിച്ച പുതുതലമുറ ഓങ്കോളജി നഴ്സ് നേതൃനിരയെ വാർത്തെടുക്കുന്നതും തുടരുകയാണ്. പ്രതീക്ഷയും ചികിത്സയും ഒരേ സമയം നൽകാനാകുമെന്നതാണ് ഈ നഴ്സുമാരുടെ സവിശേഷത.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025 പത്ത് ഫൈനലിസ്റ്റുകൾ
ആഫ്രിക്കയിലെ പരിവർത്തനത്തിന് ചാലകശക്തികളാകാം
2025ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ഏറ്റുവാങ്ങൽ നവോമി ഒഹീൻ ഓട്ടിയുടെ കരിയറിലെ വലിയ മാറ്റത്തിന്റെ നാഴികക്കല്ലായിരുന്നു. ആഫ്രിക്കയിലുടനീളം കാൻസർ നഴ്സിങ് നവീകരണത്തിൽ മുന്നിൽ നിൽക്കാനുള്ള അവരുടെ ഇച്ഛാശക്തിയെ ദൃഢീകരിക്കുന്നതായിരുന്നു അത്. ‘‘എനിക്കറിയാമായിരുന്നു, എന്റെ ജീവിതവും തൊഴിലും മഹത്തായ ഒരു ദൗത്യത്തിനായി ചുമതലയേൽപിക്കപ്പെട്ടതാണെന്ന്’’- നവോമിയുടെ വാക്കുകൾ. അവാർഡ് അവർക്ക് മുന്നിൽ തുറന്നിട്ടത് നഴ്സിങ് കരിയറിലും ആരോഗ്യ പരിചരണത്തിലും പരിഷ്കരണത്തിനായി വാദിക്കാനുള്ള പുതുവാതായനങ്ങളും വേദികളുമാണ്.
ആദരമേറ്റുവാങ്ങി ഘാനയിലേക്ക് അവരുടെ തിരിച്ചുവരവ് അനിതര സാധാരണ അനുഭവമായിരുന്നു. നവോമിയെ വരവേറ്റ് കൊട്ടോക വിമാനത്താവളത്തിൽ സഹപ്രവർത്തകരും സമുദായ നേതാക്കളും മുതൽ വിദ്യാർഥികളും മാധ്യമങ്ങളുമടക്കം വൻജനാവലി കാത്തുനിന്നു. പരമ്പരാഗത ചെണ്ട വാദ്യവും ആഹ്ലാദാരാവങ്ങളും അവരുടെ പേരുവെച്ച പ്ലക്കാർഡുകളും ദേശീയാഭിമാനത്തിരകളുമായി രാജകീയ വരവ് രാജ്യത്ത് അവർ തീർത്ത നേട്ടങ്ങൾ എത്ര ആഴമേറിയതാണെന്ന് അടയാളപ്പെടുത്തുന്നതായി.
വിജയകിരീടം പിടിച്ചതിന് പിന്നാലെ നഴ്സ് നവോമി കൊർലെ-ബു ടീച്ചിങ് ഹോസ്പിറ്റൽ നേതൃത്വവും സ്റ്റാഫും നഴ്സിങ് ആന്റ് മിഡ് വൈഫറി കൂട്ടായ്മയും പെന്തകോസ്റ്റ് ചർച്ചും ഘാന സപ്പോർട്ടേഴ്സ് യൂനിയനും പിന്നെ കുടുംബവുമടക്കം ഏവരും ചേർന്ന് അവർക്ക് ഊഷ്മള വരവേൽപ് ഒരുക്കി. എല്ലാവരും ഈ ചരിത്ര മുഹൂർത്തത്തിന്റെ നിറവിലും ആഘോഷത്തിലുമായിരുന്നു. പുരസ്കാരം അവരുടെ പൊതുഅംഗീകാരവും വ്യക്തിത്വവും ഏറെ സമുന്നതമാക്കിയിട്ടുണ്ട്. പ്രമുഖ ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ അവരുടെ അഭിമുഖം തേടി നിരന്തരം എത്തുന്നു.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025 പത്ത് ഫൈനലിസ്റ്റുകൾ
ഒരു വ്യക്തിഗത ആദരമായി തുടക്കം കുറിച്ച ഇത് നഴ്സിങ് സമൂഹത്തിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കുന്ന കരുത്തുറ്റ ഉപകരണമായി ഇതിനകം മാറിയിട്ടുണ്ട്. ഒപ്പം, അടിയന്തരപ്രാധാന്യമുള്ള അർബുദ പരിചരണ നയങ്ങളും നഴ്സിങ് പരിഷ്കരണങ്ങും മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗവുമായിട്ടുണ്ട്. ജൂൺ ഒന്നിന് വൈകാരികത മുറ്റിനിന്ന സ്വീകരണ ചടങ്ങ് അവരുടെ ദേവാലമായ പെന്തകോസ്ത് ഇന്റർനാഷനൽ വർഷിപ്പ് സെന്റർ (PIWC) ആറ്റമികിൽ നടന്നു. അവരുടെ ദൗത്യത്തിന് സ്വന്തം സമൂഹം നൽകിയ അത്യഗാധമായ പിന്തുണ അടിവരയിടുന്നതായിരുന്നു ഇത്. ഘാനയിലെ പരമ്പരാഗത നേതാക്കൾ, ആരോഗ്യ മന്ത്രി, വിദേശകാര്യ മന്ത്രി, ഘാന റിപ്പബ്ലിക് പ്രസിഡന്റ് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകളും വരാനിരിക്കുന്നു. രാജ്യത്ത് ദേശീയ ആരോഗ്യ പരിചരണ സംവാദങ്ങൾ രൂപപ്പെടുത്തുന്നതിൽ അവാർഡ് ചെലുത്തിയ സ്വാധീനമാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.
2021ൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ നാന്ദി കുറിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ അവാർഡ് ആഗോളവ്യാപകമായി നഴ്സുമാർ പകർന്നുനൽകുന്ന അദ്വിതീയവും നിസ്തുലവുമായ സേവനങ്ങളെ ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 199 രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷത്തിലേറെ അപേക്ഷകരുമായി ഈ വർഷത്തെ പുരസ്കാരത്തിന് ലഭിച്ച നാമനിർദേശങ്ങൾ 2024നെ അപേക്ഷിച്ച് 28 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രോഗി പരിചരണം, നഴ്സിങ് നേതൃത്വം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യപരിചരണ രംഗത്തെ നൂതനത്വങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സ്വാധീനവുമായി നഴ്സുമാർ നൽകിവരുന്ന അവിശ്വസനീയ സമർപണത്തിന്റെ സാക്ഷ്യമായിരുന്നു ഈ വർഷത്തെ പുരസ്കാരദാന ചടങ്ങ്.
ആരോഗ്യ പരിചരണ രംഗത്തെ ഈ ഹീറോകൾക്ക് അംഗീകാരം നൽകുന്നതിന്റെ പ്രാധാന്യം ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഒരു നഴ്സ് ആരാകണമെന്നത് ശരിക്കും പുനർനിർവചിക്കുകയാണ് നഴ്സ് നവോമി ഓഹീൻ ഓട്ടി. മികച്ച രോഗപരിചാരികയും പരിഷ്കർത്താവും മാത്രമല്ല, നേതാവും മാറ്റങ്ങളുടെ കർത്താവുമാണ് അവർ. അവർ നൽകിയ സംഭാവനകൾ രോഗികൾക്കെന്ന പോലെ മൊത്തം ആരോഗ്യ പരിരക്ഷ സംവിധാനത്തിനും ഉയിര് പകരുന്നതാണ്. പിന്മുറക്കാർക്ക് പിന്തുടരാനുള്ള സുവർണ രേഖയും മാതൃകയുമാണ് അവർ. പുരസ്കാര പട്ടികയിൽ അവസാന 10ലെത്തിയ ഓരോരുത്തരും അസാധാരണമായ സമർപ്പണം, വൈദഗ്ധ്യം, അനുതാപം എന്നിവ പ്രകടമാക്കിയവരാണ്. ഇവരെല്ലാം ആരോഗ്യ പരിരക്ഷാ ദാതാക്കൾ മാത്രമല്ല, അതിർത്തികൾ ഭേദിച്ച് സ്വന്തം സമുദായങ്ങളിൽ അഗാധമായ സ്വാധീനം സൃഷ്ടിക്കാൻ പോന്നവരുമാണ്. ഇവരുടെ വേറിട്ട സംഭാവനകൾ ആദരിക്കപ്പെടാൻ അർഹമായവയാണ്. ഈ പുരസ്കാരം വഴി ലോകമൊട്ടും മനുഷ്യ ജീവിതം ശുഭകരമാക്കാനുള്ള ഇവരുടെ പ്രതിബദ്ധതയും അഭിവാഞ്ഛയുമാണ് നാം ആഘോഷമാക്കുന്നത്’’.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ജേതാവ് നവോമി ഒഹീൻ ഓട്ടിക്ക് ജന്മനാട്ടിൽ ലഭിച്ച സ്വീകരണം
മികവിന്റെ ആദരം, ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിനൊപ്പം
നഴ്സുമാർ വഹിക്കുന്ന അതിനിർണായക പങ്ക് ലോക ദൃഷ്ടിയിലെത്തിക്കാനുള്ള ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെ അവിരത ശ്രമങ്ങൾക്ക് കൂടുതൽ പ്രൗഢി നൽകുന്നതായിരുന്നു ആഗോള പ്രമുഖരുടെയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ്പ് സി.ഇ.ഒ അലീഷ മൂപ്പൻ അടക്കം ആരോഗ്യപരിരക്ഷ രംഗത്തെ നേതാക്കളുടെയും സാന്നിധ്യം. ലോകമൊട്ടുക്കും നഴ്സുമാരുടെ ഇടവും സ്ഥാനവും ഉയർത്തിക്കൊണ്ടുവരാനുള്ള കമ്പനിയുടെ അചഞ്ചലമായ കടപ്പാട് അവർ പ്രത്യേകം പറഞ്ഞു. അലീഷ മൂപ്പന്റെ വാക്കുകൾ ഇങ്ങനെ: ‘‘നവോമി ഓഹീൻ ഓട്ടി പങ്കുവെക്കുന്ന കഥ, ഓരോ നാളിലും വിവിധ ആശുപത്രികൾ, ക്ലിനിക്കുകൾ, ലോകമൊട്ടുക്കുമുള്ള സമൂഹങ്ങൾ എന്നിവിടങ്ങളിലെല്ലാം അരങ്ങേറുന്ന നിശ്ശബ്ദമായ ഹീറോയിസത്തിന്റെ കരുത്താർന്ന ഓർമപ്പെടുത്തലാണ്’’. അവരുടെ കർമമേഖലയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നതിൽ ഞങ്ങൾ അവിശ്വസനീയമാംവിധം സന്തോഷമുള്ളവരാണ്. ആരോഗ്യ പരിചരണ സംവിധാനങ്ങൾ നിലനിർത്തിയും മനുഷ്യ വംശത്തെ ചലിപ്പിച്ചും കർമരംഗത്തുള്ള ദശലക്ഷക്കണക്കിന് നഴ്സുമാരാണ് അവരിലൂടെ ആദരിക്കപ്പെടുന്നത്.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ നാലാമത് എഡീഷനാണ് ഈ വർഷത്തെ അവാർഡ്. മൂന്ന് വിജയകരമായ എഡീഷനുകൾ പിന്നിട്ടാണ് നാലാം എഡീഷന് വേദിയുണർന്നത്. ദുബൈയിൽ 2022 മേയിൽ നടന്ന ഉദ്ഘാടന എഡീഷനിൽ നഴ്സ് കെനിക്കാരിയായ അന്ന ഖബാലെ ദുബെ ആയിരുന്നു മഹത്തായ ആദരം ഏറ്റുവാങ്ങിയത്. 2023ലെ രണ്ടാം എഡിഷനിൽ യു.കെയിൽനിന്നുള്ള നഴ്സ് മാർഗരറ്റ് ഹെലൻ ഷെപ്പേർഡ് വിജയിയായി. 2024ൽ ഫിലിപ്പീൻസുകാരിയായ നഴ്സ് മരിയ വിക്ടോറിയ യുവാൻ ആയിരുന്നു ജേതാവ്. 2025ലെത്തുമ്പോൾ ദുബൈയിലെ വേദിയിൽ ആദരമേറിയത് നഴ്സ് നവോമി ഓഹീൻ ഓട്ടിയും. അവാർഡ് കൂടുതൽ വിപുലവും വിജയകരവുമായി മാറുന്നുവെന്ന വ്യക്തമാക്കുന്നതായിരുന്നു ഇത്തവണത്തേത്. 199 രാജ്യങ്ങളിൽനിന്നായി 1,00,000ലേറെ അപേക്ഷകരാണ് ഉണ്ടായിരുന്നത്.
നഴ്സ് നവോമി ഓഹീൻ ഓട്ടിക്ക് പുറമെ മറ്റ് അതിമിടുക്കരായ ഒമ്പത് നഴ്സുമാർ കൂടി അവരുടെ ആരോഗ്യമേഖലയിലെ സവിശേഷ സേവനങ്ങളുടെ പേരിൽ ഫൈനലിസ്റ്റുകളായി. സ്വിറ്റ്സർലൻഡിലെ സെന്റർ ഫോർ കമ്മ്യൂണിറ്റി-ഡ്രിവൺ റെസ്പോൺസിൽനിന്നുള്ള കാതറിൻ മേരി ഹോളിഡേ, പാപുവ ന്യൂ ഗിനി സ്വദേശിയായ എഡിത്ത് നാംബ, യു.എ.ഇയിൽനിന്നുള്ള ഫിറ്റ്സ് ജെറാൾഡ് ഡാലിന കമാച്ചോ, ഹോങ്കോങ് എസ്.എ.ആറിൽനിന്ന് ഡോ. ഡോ. ജെഡ് റേ ഗെംഗോബ മോണ്ടെയർ, യുഎസ്എക്കാരിയായ ഡോ. ജോസ് അർനോൾഡ് ടാരിഗ, കെനിയയിൽനിന്ന് ഖദീജ മുഹമ്മദ് ജുമാ, ഇന്ത്യയിൽനിന്ന് ഡോ. സുഖ്പാൽ കൗർ, ഇന്ത്യക്കാരി തന്നെയായ വിഭാബെൻ ഗുൺവന്ത് ഭായ് സലാലിയ എന്നിവരായിരുന്നു അവർ. അവരുടെ സംഭാവനകളെ ആദരിച്ച് ഫൈനലിസ്റ്റുകൾക്ക് എല്ലാവർക്കും കാഷ് പ്രൈസും നൽകി. ഒരു ലക്ഷം അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഈ നഴ്സുമാർ ഏണസ്റ്റ് ആന്റ് യങ് എൽ.എൽ.പി, സ്ക്രീനിങ് ജൂറി, ഗ്രാൻഡ് ജൂറി എന്നിവർ ചേർന്ന് പൂർത്തിയാക്കിയ കടുത്ത മൂല്യനിർണയ പ്രക്രിയകളിലൂടെയാണ് കടന്നുപോയത്. സ്വന്തം രോഗികളിലും സമൂഹങ്ങളിലും ആരോഗ്യ പരിരക്ഷ മേഖലയിൽ പൊതുവെയും ഈ നഴ്സുമാർക്കുള്ള സ്വാധീനം, സമർപ്പണം, സമചിത്തത എന്നിവയെല്ലാം പങ്കുവെക്കുന്നതാണ് ഓരോരുത്തരുടെയും കഥകൾ.
നഴ്സ് അന്ന ഖബാലെ ദുബെ, നഴ്സ് മാർഗരറ്റ് ഹെലൻ ഷെപ്പേർഡ്, നഴ്സ് മരിയ വിക്ടോറിയ യുവാൻ
നയപരമായ നവീകരണത്തിന് നേതൃത്വം: ഭാവിയെ രൂപപ്പെടുത്താൻ പദ്ധതികൾ
അവാർഡ് ഏറ്റുവാങ്ങിയ നവോമി പ്രഖ്യാപിച്ച പദ്ധതികൾ ആഫ്രിക്കയുടെ നഴ്സിങ് പരിസ്ഥിതിയിൽ സുസ്ഥിര സ്വാധീനത സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയും ശേഷീ വികസനവും വ്യക്തമാക്കുന്നതാണ്. നിലവിൽ നടപ്പാക്കിവരുന്ന പ്രധാന പദ്ധതികൾ ഇവയാണ്.
1. ഭൂഖണ്ഡത്തിലുടനീളമുള്ള ഓങ്കോളജി നഴ്സുമാർക്ക് ഒരേ നിലവാരത്തിലുള്ള ശേഷിയും ജ്ഞാനവും ഉറപ്പാക്കുന്ന ആഫ്രിക്കൻ കാൻസർ നഴ്സിങ് കോംപീറ്റൻസീസ് ചട്ടക്കൂട് പൂർത്തിയാക്കൽ.
2. രോഗീ പരിചരണം കൂടുതൽ കാര്യക്ഷമമാക്കാൻ ജനിതക വിദ്യയിൽ പ്രത്യേക വൈദഗ്ധ്യം നൽകി നഴ്സുമാരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് നഴ്സുമാർക്കായി കാൻസർ ജനറ്റിക് കൗൺസലിങ് പരിശീലന പരിപാടി വികസിപ്പിക്കൽ.
3. വരും തലമുറ നഴ്സ് നേതൃനിരക്കും സ്പെഷലിസ്റ്റുകൾക്കും പിന്തുണ ഉറപ്പാക്കി നഴ്സിങ് രംഗത്ത് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫണ്ട് സ്ഥാപിക്കൽ.
4. ഓങ്കോളജി നഴ്സുമാർക്ക് നേതൃത്വം, പരിഷ്കരണം, പിന്തുണ എന്നിവ ഉറപ്പാക്കുന്ന ധിഷണാപരമായ വേദിയായി കാൻസർ നഴ്സുമാർക്കായി ആഫ്രിക്കൻ ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കൽ.
ഈ ഉദാത്തമായ പദ്ധതികൾ നവോമിയുടെ പ്രഫഷനൽ ഉൾക്കാഴ്ച കൊണ്ട് മാത്രം പിറവിയെടുത്തവയല്ല. അതിനൊപ്പം, അർഹിക്കുന്ന അംഗീകാരം, ഉത്തരരവാദിത്വ ബോധം, ഈ ആഗോള പുരസ്കാരം നൽകിയ ഊർജം എന്നിവ കൂടി കൂടെയുള്ളതുകൊണ്ടാണ്. ‘‘ഈ പദ്ധതികൾ എന്റെ പ്രഫഷനൽ ദീർഘദൃഷ്ടി കൊണ്ട് മാത്രമുള്ളതല്ല. പകരം, ഈ അവാർഡ് നൽകിയ ഉത്തരവാദിത്വം, അംഗീകാരം, ഊർജം എന്നിവ കൂടി കൂടെയുള്ളത് കൊണ്ടാണ്’’- നവോമിയുടെ വൈകാരിക വാക്കുകൾ.
‘‘നഴ്സുമാരുടെ ശക്തിയിൽ വിശ്വസിച്ചതിന് നിങ്ങൾക്ക് നന്ദി. അതിർത്തികൾക്കതീതമായ സ്വാധീനശേഷിയുള്ള ഈ പുരസ്കാരത്തെ വല്ലാത്ത ആദരത്തോടെ ദർശിക്കാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ വിജയം ഒരു പ്രസ്ഥാനമാണ്. ഇവിടെ ഞങ്ങൾ നാന്ദി കുറിക്കുകയാണ്’’.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ലോകം മുഴുക്കെ നഴ്സുമാർക്ക് പ്രചോദനവും അംഗീകാരവും ചൊരിയുന്ന പ്രഭവകേന്ദ്രമായി തുടരുകയാണ്. അവർ അർപ്പിക്കുന്ന അവിശ്വസനീയമായ ജോലിയുടെ മികവ് പുറംലോകത്തെത്തിക്കുകയാണത്. അവർ സ്പർശിക്കുന്ന ജീവിതങ്ങൾക്കും ആരോഗ്യ പരിചരണ സംവിധാനങ്ങൾക്കും മേൽ അവർ പകരുന്ന മായ്ച്ചുകളയാനാകാത്ത മുദ്രയെ ലോകത്തിനായി തുറന്നുനൽകുന്നതാണിത്. ഈ പുരസ്കാരം വഴി നവോമിയെ പോലുള്ള അസാധാരണ പ്രതിഭാശേഷിയുള്ള നഴ്സുമാർ കൂടുതൽ ശാക്തീകരിക്കപ്പെടുകയാണ്. നയിക്കാനും പുതുവഴികൾ തെളിക്കാനും ആഗോളാടിസ്ഥാനത്തിൽ സാമൂഹിക നവോത്ഥാനം സാധ്യമാക്കാനും അവർക്ക് വഴി തെളിക്കുകയാണ്. നഴ്സിങ് ഒരു കരിയർ മാത്രമല്ലെന്നും പ്രതീക്ഷയുടെയും സമത്വത്തിന്റെയും പരിവർത്തനത്തിന്റെയും ശക്തികൂടിയാണെന്നുമള്ള സന്ദേശവും അത് പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.