ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ
നഴ്സിങ് അവാർഡ് നഴ്സ്
നവോമി ഒയോ ഒഹെനെ ഒട്ടിക്ക്
യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ
ബിൻ മുബാറക് ആൽ നഹ്യാൻ
സമ്മാനിക്കുന്നു
ദുബൈ: ആഗോള നഴ്സിങ് മികവിന്റെ അംഗീകാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ആഫ്രിക്കൻ രാജ്യമായ ഘാന സ്വദേശിനി നഴ്സ് നവോമി ഒയോ ഒഹെനെ ഒട്ടിക്ക്. 2.5 ലക്ഷം യു.എസ് ഡോളർ സമ്മാനത്തുകയുള്ള അവാർഡ് ദുബൈ അറ്റ്ലാന്റിസ് ദി പാം ഹോട്ടലിൽ നടന്ന ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ സമ്മാനിച്ചു. ആരോഗ്യ പരിചരണരംഗത്തെ വാഴ്ത്തപ്പെടാത്ത ഹീറോകളായ നഴ്സുമാരെ ആദരിക്കുന്നതിന് ലോകോത്തര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ തുടക്കംകുറിച്ച പുരസ്കാരത്തിന്റെ അവസാന ഘട്ടത്തിലെത്തിയ 10 പേരിൽനിന്നാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
199 രാജ്യങ്ങളിൽനിന്നായി ലഭിച്ച ലക്ഷത്തിലേറെ അപേക്ഷകരിൽനിന്നാണ് അന്തിമ പട്ടികയിലെ 10 പേരെ തെരഞ്ഞെടുത്തിരുന്നത്. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടറും ഗ്രൂപ് ഹെഡുമായ ടി.ജെ. വിൽസൺ തുടങ്ങി പ്രമുഖർ പുരസ്കാരവിതരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുരസ്കാര ജേതാവായ നവോമി ഒട്ടി, കോർലെ-ബു ടീച്ചിങ് ഹോസ്പിറ്റലിലെ നാഷനൽ റേഡിയോതെറപ്പി ഓങ്കോളജി ആൻഡ് ന്യൂക്ലിയർ മെഡിസിൻ സെന്ററിലെ ഓങ്കോളജി നഴ്സ് സ്പെഷലിസ്റ്റും നഴ്സിങ് മേധാവിയുമാണ്. അർബുദരോഗികളുടെ പരിചരണത്തിൽ പരിവർത്തനത്തിന് നേതൃത്വം നൽകിയതിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. അവാർഡ് നേട്ടം വലിയ നിരവധി പേർക്ക് പ്രചോദനം നൽകുമെന്നും പരിശീലന പ്രവർത്തനങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉപയോഗിക്കുമെന്നും പുരസ്കാരം സ്വീകരിച്ചശേഷം നവോമി മാധ്യമങ്ങളോട് പറഞ്ഞു. കാതറിൻ മേരി ഹോളിഡേ (സ്വിറ്റ്സർലൻഡ്), എഡിത്ത് നാംബ (പാപുവ ന്യൂ ഗിനി), ഫിറ്റ്സ് ജെറാൾഡ് ഡാലിന കാമാച്ചോ (യു.എ.ഇ), ഡോ. ജെഡ് റേ ഗെംഗോബ മോണ്ടെയർ (ഹോങ്കോംഗ്), ഡോ. ജോസ് അർനോൾഡ് ടാരിഗ (യു.എസ്.എ), ഖദീജ മുഹമ്മദ് ജുമാ (കെനിയ), മഹേശ്വരി ജഗന്നാഥൻ (മലേഷ്യ), ഡോ. സുഖ്പാൽ കൗർ (ഇന്ത്യ), വിഭാബെൻ ഗുൺ വന്ത്ഭായ് സലാലിയ (ഇന്ത്യ) എന്നിവരാണ് പുരസ്കാരത്തിന്റെ അവസാന ഘട്ടത്തിലെത്തിയ മറ്റുള്ളവർ. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ പ്രമുഖരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയിയെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.