ദുബൈ: ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്തമാസം യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് മൽസരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5മണി മുതൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് എമിറേറ്റ് ക്രിക്കറ്റ് ബോർഡാണ് അറിയിച്ചത്. അബൂദബിയിൽ നടക്കുന്ന മൽസരങ്ങൾക്ക് 40ദിർഹമും ദുബൈയിൽ നടക്കുന്ന മൽസരങ്ങൾക്ക് 50ദിർഹമും മുതലാണ് ടിക്കറ്റ് നിരക്ക്. ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൽസരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ഏഴ് മൽസരങ്ങൾക്കുള്ള 1400ദിർഹമിന്‍റെ പാക്കേജ് ടിക്കറ്റാണുള്ളത്. ഈ പാക്കേജിൽ ഉൾപ്പെടാത്ത മൽസരങ്ങളുടെ ടിക്കറ്റുകൾ പ്രത്യേകം വാങ്ങാവുന്നതുമാണ്. പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിലാണ് ടിക്കറ്റുകൾ നിലവിൽ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ ദുബൈ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലെയും അബൂദബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ടിക്കറ്റ് ഓഫീസുകളിലും ലഭ്യമായിത്തുടങ്ങും.
നേരത്തെ ഓൺലൈനിൽ മൽസരങ്ങളുടെ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുകയും ജാഗ്രത പാലിക്കണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എ.സി.സി) മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത്തരം വ്യാജടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ആരാധകർ ജാഗ്രത പാലിക്കണമെന്നും എ.സി.സി നിർദേശിച്ചിരുന്നു.
സെപ്റ്റംബർ 14നാണ് ഇന്ത്യയും പാകിസ്താനും ഏറ്റമുട്ടുന്ന മൽസരം ദുബൈയിൽ അരങ്ങേറുന്നത്. എട്ട് ടീമുകൾ മാറ്റുരക്കുന്ന മൽസരങ്ങളിൽ ഒന്നിലേറെ തവണ ഇന്ത്യയും പാിക്സ്താനും ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്. സെപ്റ്റംബർ 10ന് യു.എ.ഇയുമായാണ് ഇന്ത്യയുടെ ആദ്യ മൽസരം.യു.എ.ഇയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾക്ക് ശേഷം വലിയ കാത്തിരിപ്പില്ലാതെയാണ് വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് ഇമാറാത്ത് വേദിയാകുന്നത്. ഇന്ത്യ കപ്പുയർത്തിയ ചാമ്പ്യൻസ് ട്രോഫി മൽസരങ്ങളുടെ ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റുപോയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.