ദുബൈ: തദ്ദേശവാസികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി സംഘടിപ്പിക്കുന്ന ‘ആർട്ട് സൂക്ക്’ ഈ മാസം 17, 18 തീയതികളിലായി അൽ ജാലില സെന്റർ ഫോർ ചിൽഡ്രൻ (എ.ജെ.സി.സി.സി) ഹാളിൽ നടക്കും. സിക്ക പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടത്തുന്ന മേളയിൽ വിഷ്വൽ ആർട്സ്, പെയിന്റിങ്, ഫോട്ടോഗ്രഫി, ശിൽപങ്ങൾ, ഡിസൈനുകൾ, ഡിജിറ്റൽ മൾട്ടിമീഡിയ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നിർമാണങ്ങളും ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ക്രിയേറ്റിവ് സെന്ററുകൾ, പ്രത്യേക സ്റ്റുഡിയോകൾ എന്നിവർ പരമ്പരാഗത കരകൗശല രംഗത്തിൽ പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ക്രിയേറ്റിവ് വർക്കുകളും കരകൗശല ഉൽപന്നങ്ങളും പ്രദർശിപ്പിക്കും.
ആർട്ട് വിപണിയിൽ തല്ലി നെയ്ത്തിൽ വിദഗ്ധരായ മോന ഫാർസ്, ഹയ അൽ മർസൂഖി, മറിയം അൽ ഉബൈദി, ലീന അൽ മർസൂഖി, സാറ അൽ ഖയ്യാൽ എന്നീ കലാകാരന്മാരുടെ സാന്നിധ്യവുമുണ്ടാകും. മൺപാത്ര നിർമാണ വിഭാഗത്തിൽ നിന്നുള്ള 10 അംഗങ്ങളുടെ ശ്രദ്ധേയമായ നിർമാണങ്ങളും സെറാമിക് ഉൽപന്നങ്ങളും അലങ്കാര പാത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. സന്ദർശകർക്ക് വ്യത്യസ്തങ്ങളായ ഉൽപന്നങ്ങൾ കണ്ട് ആസ്വദിക്കാനും ആകർഷകമായ വിലയിൽ സ്വന്തമാക്കാനുമുള്ള അവസരമുണ്ടാകുമെന്ന് എ.ജെ.സി.സി.സിയുടെ മുതിർന്ന ഉദ്യോഗസ്ഥനും മീഡിയ ഡയറക്ടറുമായ ആദിൽ ഉമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.