അബൂദബി: വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി അബൂദബി പൊലീസ്. മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ ശ്രദ്ധ നഷ്ടമാവുന്ന ഡ്രൈവർമാർ വാഹനം റെഡ് സിഗ്നൽ മറികടക്കുകയും പാതമാറി വാഹനമോടിച്ചും അപകടങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗം പിടികൂടുന്നതിന് അത്യാധുനിക റഡാറുകൾ എമിറേറ്റിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ സ്മാർട്ട് പട്രോളിങ്ങും ഏർപ്പെടുത്തി നിയമലംഘനങ്ങൾ പിടികൂടുന്നുണ്ട്.
ഫോണിൽ സംസാരിച്ചും മെസേജ് അയച്ചും വിഡിയോ ചിത്രീകരിച്ചും ഇന്‍റർനെറ്റിൽ തിരഞ്ഞുമൊക്കെയാണ് ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടമാവുകയും അപകടങ്ങൾക്ക് ഇടയൊരുക്കുകയും ചെയ്യുന്നതെന്ന് അബൂദബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ മുഹമ്മദ് ദാഹി അൽ ഹുമിരി ചൂണ്ടിക്കാട്ടി. ഈവർഷം ആദ്യ ആറുമാസത്തിൽ ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിച്ചതിന് ഒരുലക്ഷത്തിലേറെ പേർ പിടിയിലായെന്നാണ് കണക്ക്. ഇവരിൽനിന്ന് 800 ദിർഹം വീതം പിഴയും ലൈസൻസിൽ നാലു ബ്ലാക്ക് പോയന്‍റും ചുമത്തിയെന്ന് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.