ഷാർജ: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ വിദൂര പഠനം തുടരാൻ തീരുമാനിച്ചതായി അമേരിക്കൻ യൂനിവേഴ്സിറ്റി ഷാർജ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രധാന്യം നൽകുന്നത്. സംഭവ വികാസങ്ങൾ നിരീക്ഷിച്ച ശേഷമായിരുക്കും തുടർന്നുള്ള തീരുമാനങ്ങളെന്നും യൂനിവേഴ്സിറ്റി അറിയിച്ചു.
മുഴുവൻ ക്ലാസുകളും മൂല്യനിർണയവും യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോം വഴിയായിരിക്കും നടക്കുക. ഫാക്കൽറ്റികൾ, ജീവനക്കാർ എന്നിവർക്കും വിദൂര ജോലി അനുവദിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക മാർഗങ്ങൾ പിന്തുടരണമെന്ന് കമ്യൂണിറ്റി അംഗങ്ങളോട് യൂനിവേഴ്സിറ്റി അഭ്യർഥിച്ചു.
അതേസമയം, രാജ്യത്തുടനീളമുള്ള ചില സർവകലാശാലകൾ തിങ്കളാഴ്ച മുതൽ ചില വിദ്യാർഥികൾക്ക് ഘട്ടം ഘട്ടമായി നേരിട്ടുള്ള ക്ലാസുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ, ശാസ്ത്രീയ ഗവേഷണ മന്ത്രാലയ (എം.എച്ച്.ഇ.എസ്.ഇ)ത്തിൽ നിന്നുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. പ്രായോഗിക പരിശീലനം ആവശ്യമുള്ള കോഴ്സുകൾക്ക് നേരിട്ട് പഠനം പുനരാരംഭിക്കാൻ സ്ഥാപനങ്ങളോട് മന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു. ക്ലിനിക്കൽ പരിശീലനം, ലബോറട്ടറി വർക്ക്, ഫീൽഡ് ആപ്ലിക്കേഷൻ, വ്യക്തിഗത പരീക്ഷകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ മാർച്ച് രണ്ട് മുതൽ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക് മാറിയിരുന്നു.
അതേസമയം, രണ്ടാഴ്ച നീണ്ട വിദൂര പഠനം അവസാനിപ്പിച്ച് നിരവധി യൂനിവേഴ്സിറ്റികൾ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ തുടങ്ങി. പ്രായോഗിക പഠനം ആവശ്യമുള്ള മെഡിസിൻ, ഡെന്‍റിസ്ട്രി, ഫാർമസി, നഴ്സിങ്, ഫിസിയോ തെറപ്പി, മെഡിക്കൽ ലബോററ്ററി സയൻസ് തുടങ്ങിയ കോഴ്സുകളിൽ നേരിട്ടുള്ള പഠനവും അല്ലാത്തത് ഓൺലൈനായും നിലനിർത്തുന്ന ‘ഹൈബ്രിഡ് മോഡൽ’ പിന്തുടരാനാണ് ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു) പൊലുള്ളവയുടെ തീരുമാനം. ഇതിനായി കൃത്യമായ മാർഗനിർദേശങ്ങളും യൂനിവേഴ്സിറ്റികൾ പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.