അർധ സെഞ്ച്വറി നേടിയ അലി നസീറിന്റെ ആഹ്ലാദം
ഷാർജ: യു.എ.ഇ ദേശീയ ടീമിനായി അരങ്ങേറ്റ മത്സരത്തിൽതന്നെ തിളങ്ങി അലി നസീർ. വെസ്റ്റിൻഡീസിനെതിരെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ യു.എ.ഇ തോൽവിയറിഞ്ഞെങ്കിലും അർധസെഞ്ച്വറിയുമായി അലി നാസർ വരവറിയിച്ചു.
ഏഴാമനായി ക്രീസിലെത്തിയ അലി 52 പന്തിൽ 58 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. 129ന് ആറ് എന്ന നിലയിൽ ടീം തകർന്നുനിന്നപ്പോഴാണ് അലിയുടെ രക്ഷാപ്രവർത്തനം അരങ്ങേറിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് 19കാരനായ അലി നടത്തിയ ചെറുത്തുനിൽപാണ് യു.എ.ഇയുടെ സ്കോർ 200 കടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 202 റൺസെടുത്തപ്പോൾ 35.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിൻഡീസ് വിജയം നേടി. അലിക്കു പുറമെ വൃത്യ അരവിന്ദ് (40), ആസിഫ് ഖാൻ (27) എന്നിവർക്കു മാത്രമേ തിളങ്ങാൻ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ ബ്രൻഡൻ കിങ്ങും (112) ഷാമറാ ബ്രൂക്സുമാണ് (44) വിൻഡീസിന് അനായാസ ജയം സമ്മാനിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച ഷാർജയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.