ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ എന്നിവ ഉൾപ്പെടെ വിവിധ കോൺസുലർ സേവനങ്ങളുടെ കരാർ മലയാളി കമ്പനിക്ക്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ സേവന ദാതാക്കളായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് കരാർ ലഭിച്ചത്. ജൂലൈ ഒന്ന് മുതൽ സേവനം നൽകുക അൽഹിന്ദ് ആയിരിക്കും.
ഇതു സംബന്ധിച്ച ലെറ്റർ ഓഫ് ഇന്‍റൻഡ് ഇന്ത്യൻ എംബസിയിൽ നിന്ന് കൈപ്പറ്റിയതായി കമ്പനി വൃത്തങ്ങൾ വാർത്ത കുറിപ്പിൽ അറിയിച്ചു. 23 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് അൽഹിന്ദ് ആയിരുന്നു. അന്തിമ പട്ടികയിലെ അവസാന നാലിൽ നിന്നാണ് അൽഹിന്ദിനെ തെരഞ്ഞെടുത്തത്.
യു.എ.ഇയിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ലഭ്യാക്കുക ഇനി അൽഹിന്ദ് സേവനകേന്ദ്രങ്ങൾ വഴിയാകും. ഇന്ത്യയിലേക്കുള്ള വിസ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടതും ഈ കേന്ദ്രങ്ങൾ വഴിയാണ്. വർഷങ്ങളായി ബി.എൽ.എസ്. എന്ന കമ്പനിയാണ് ഇന്ത്യൻ എംബസിയുടെ ഇത്തരം സേവനങ്ങൾ പുറംജോലി കരാർ ഏറ്റെടുത്ത് നടത്തുന്നത്. ഉപഭോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പുതിയ ടെൻഡറിൽ പങ്കെടുക്കുന്നതിന് രണ്ട് വർഷത്തേക്ക് ബി.എൽ.എസിനെ വിദേശകാര്യ മന്ത്രാലയം വിലക്കിയിരുന്നു.
യു.എ.ഇയിൽ ഇവരുടെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. പുതിയ സേവനദാതാക്കളെ കണ്ടെത്താൻ നടത്തിയ ടെൻഡറിൽ ഏറ്റവും കുറഞ്ഞ സേവനനിരക്ക് ഈടാക്കുന്ന സ്ഥാപനം എന്ന നിലയിലാണ് അൽഹിന്ദിനെ ഇതിനായി തെരഞ്ഞെടുത്തത്. അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളാണ് ഇവർ ഏറ്റെടുക്കുക.
യു.എ.ഇയിൽ ഏഴു എമിറേറ്റുകളിലായി 16 കേന്ദ്രങ്ങളിൽ സേവനം നൽകും. അബൂദബി ഖാലിദിയ, അൽറീം, മുസഫ, ഗയാതി, മദീനാ സായിദ്, അൽഐൻ എന്നിവിടങ്ങളിലാണ് അബൂദബി കേന്ദ്രങ്ങൾ. ദുബൈയിലും ഷാർജയിലും രണ്ട് വീതവും അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഖോർഫക്കാൻ, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ ഓരോന്ന് വീതം കേന്ദ്രങ്ങളിലുമാണ് അൽഹിന്ദ് സേവനം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.