ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ
സായിദ് ആൽ നഹ്യാൻ ആൽബം സമ്മാനിക്കുന്നു
ദുബൈ: ഭരണനേതൃത്വത്തിൽ 20 വർഷം പൂർത്തിയാക്കിയ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഒരുമിച്ചുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ ആൽബം സമ്മാനിച്ചു. അബൂദബി ഖസ്ർ അൽ ബഹ്റിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് പ്രസിഡന്റിന്റെ ഒപ്പും സന്ദേശവുമടങ്ങിയ ആൽബം സമ്മാനിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കുകയും, അദ്ദേഹത്തിന്റെ പ്രചോദനാത്മകവും അസാധാരണവുമായ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
യു.എ.ഇയുടെ സേവനത്തിലെ ഒരുമിച്ചുള്ള യാത്രയിലെ പ്രധാന സംഭവങ്ങളും ദേശീയ നേട്ടത്തിന്റെ അഭിമാന നിമിഷങ്ങളും രേഖപ്പെടുത്തുന്ന ഈ ആൽബം എന്റെ സഹോദരനും ആജീവനാന്ത സഹപ്രവർത്തകനുമായ നിങ്ങൾക്ക് സമർപ്പിക്കുന്നു. യു.എ.ഇയുടെയും അവിടത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി നിങ്ങളുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും തുടരുന്നതിന് നിങ്ങൾക്ക് ആരോഗ്യവും ക്ഷേമവുമുണ്ടാകട്ടെയെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു -ആൽബത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് കുറിച്ചു. ഭരണതലത്തിലെ പ്രമുഖരും മറ്റും ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇ വൈസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ശൈഖ് മുഹമ്മദ് 2006 ജനുവരി നാലിനാണ് സഹോദരൻ ശൈഖ് മക്തൂം ബിൻ റാശിദിന്റെ നിര്യാണത്തെത്തുടർന്ന് ഭരണാധികാരം ഏറ്റെടുത്തത്.
ഭരണാധികാരത്തിന്റെ 20ാം വാർഷികത്തിൽ വിവിധ ഭരണാധികാരികൾ ആശംസ സന്ദേശങ്ങൾ പങ്കുവെക്കുകയും മന്ത്രിസഭ ചേർന്ന് രണ്ട് പതിറ്റാണ്ടിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.