അബൂദബി: പശ്ചിമ അബൂദബിയിലെ ഗയാത്തിയിൽ അലക്ഷ്യമായി മാലിന്യം തള്ളുന്നതിനെതിരെ 'അൽ ദഫ്ര മെറിറ്റ് കാമ്പയിൻ' ആരംഭിച്ചു. അൽ ദഫ്ര റീജ്യൻ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ അബൂദബി മാലിന്യ നിർമാർജന കേന്ദ്രമായ തദ്വീർ കമ്പനിയുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടി ആരംഭിച്ചത്.
ഗയാത്തി നഗര മേഖലയിലും പ്രാന്തപ്രദേശങ്ങളിലും മാലിന്യം നീക്കംചെയ്ത് ശുദ്ധമായ അന്തരീക്ഷം നിലനിർത്തുകയാണ് ലക്ഷ്യം. മാലിന്യ നിർമാർജനത്തിന് സാമൂഹിക ഉത്തരവാദിത്തമുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ വിഭാഗങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യം എങ്ങനെ ശരിയായി കൈകാര്യം ചെയ്യാമെന്നതും ബോധവത്കരിക്കും.
അൽ ദഫ്ര മെറിറ്റ് കാമ്പയിൻ ആറു പ്രധാന മാലിന്യ നിർമാർജന ലംഘനങ്ങളെ അടിസ്ഥാനമാക്കിയാണ്. കാർഷിക മാലിന്യം, നിർമാണ മാലിന്യം, മാലിന്യ പാത്രങ്ങൾ, ഫർണിചറും ഇലക്ട്രിക്കൽ ഉപകരണങ്ങളും നിയുക്ത മാലിന്യ കണ്ടെയ്നറിന് പുറത്ത് മാലിന്യം വലിച്ചെറിയൽ, ചത്ത മൃഗങ്ങളുടെ മാലിന്യം അലക്ഷ്യമായി തള്ളൽ എന്നിവ സുരക്ഷിതമായി നിർമാർജനം ചെയ്യാനുള്ള ബോധവത്കരണമാണ് നൽകുകയെന്ന് അൽ ദഫ്ര മുനിസിപ്പൽ അധികൃതർ അറിയിച്ചു.
എല്ലാ രാജ്യങ്ങളിലെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബോധവത്കരണ പരിപാടിയിൽ പങ്കെടുപ്പിക്കും. അൽ ദഫ്ര മേഖലയുടെ പരിസ്ഥിതിയും ശുചിത്വവും സംരക്ഷിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്ത സംസ്കാരം വളർത്തിയെടുക്കുന്നതിനും പ്രത്യേക പരിശീലനം നൽകും. സമൂഹത്തിലെ വ്യക്തികളുടെ ഉത്തരവാദിത്തമാണ് ശരിയായ മാലിന്യ നിർമാർജനമെന്ന ആശയത്തിെൻറ ഏകീകരണം, പരിസ്ഥിതിക്ക് ഹാനികരമായ പെരുമാറ്റങ്ങൾ പരിമിതപ്പെടുത്തേണ്ടതിെൻറ ആവശ്യം എന്നിവ കാമ്പയിനിൽ ഉയർത്തിക്കാട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.