അക്കാഫ് അസോസിയേഷൻ ഓണാഘോഷം ഇന്ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ
ദുബൈ: ആയിരക്കണക്കിന് പ്രവാസികളിൽ ആഘോഷവും ആവേശവും തീർക്കാൻ അക്കാഫ് അസോസിയേഷൻ ഓണാഘോഷമായ പൊന്നോണക്കാഴ്ച ’26 ഇന്ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ അരങ്ങേറും. വെറും ആഘോഷങ്ങൾക്കപ്പുറം, ‘മാതൃവന്ദന’മെന്ന മാതൃകാപരമായ ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന പൊന്നോണക്കാഴ്ച പ്രവാസലോകത്തിന്‍റെ ഏറ്റവും വലിയ കൂട്ടായ്മയായി മാറിക്കഴിഞ്ഞു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 135-ഓളം കോളജ് അലുമ്നി അസോസിയേഷനുകളെ ഒരുമിപ്പിക്കുന്ന അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷം പ്രവാസി മലയാളികളുടെ ഒത്തൊരുമയും കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാവും. വിപുലമായ കലാ-സാംസ്കാരിക പരിപാടികളും 10,000 പേർക്കുള്ള ഓണസദ്യയും ഉൾപ്പെടെ, ആഘോഷങ്ങളുടെ രസവും രുചിയും മേളിക്കുന്നതാവും ഈ മഹാസംഗമം.
28 അമ്മമാർക്ക് ആദരവുമായി ‘മാതൃവന്ദനം’
പൊന്നോണക്കാഴ്ച ’26ന്‍റെ ഏറ്റവും ഹൃദയസ്പർശിയായ പരിപാടികളിലൊന്നാണ് ‘മാതൃവന്ദനം’. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 28 അമ്മമാരെ ഈ പരിപാടിയിലൂടെ ആദരിക്കും. യു.എ.ഇയിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ അമ്മമാരെയാണ് നാട്ടിൽനിന്ന് എല്ലാ ചെലവുകളും വഹിച്ച് ദുബൈയിലെത്തിച്ച് ആഘോഷങ്ങളുടെ ഭാഗമാക്കുന്നത്. തുടർച്ചയായ നാലാം വർഷമാണ് അക്കാഫ് അസോസിയേഷൻ അമ്മയോണം സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നെത്തുന്ന അമ്മമാർക്കായി ഒരുക്കുന്ന പ്രത്യേക സ്വീകരണവും ആദരവും ആഘോഷത്തിന് മാറ്റേകും.
മത്സരങ്ങളുടെ മഹോത്സവം
മലയാളി മങ്ക, പുരുഷ കേസരി തുടങ്ങി വിവിധ മത്സരങ്ങളുടെ ആവേശകരമായ ഫൈനൽ ഘട്ടങ്ങളും അത്തപ്പൂക്കളം, പായസം തയാറാക്കൽ, ഘോഷയാത്ര, വിവിധ നാടൻ കളികൾ തുടങ്ങിയ മത്സരങ്ങളും ട്രേഡ് സെന്‍ററിലെ സബീൽ ഹാളിൽ അരങ്ങേറും. മലയാളി മങ്ക, പുരുഷ കേസരി മത്സരങ്ങളിലെ ആദ്യ പത്ത് സ്ഥാനക്കാരാണ് മെഗാ വേദിയിൽ വീണ്ടും മാറ്റുരക്കുന്നത്. നാടൻപാട്ട് മത്സരത്തിലെ വിജയികൾക്കും കിഡ്സ് ഫാഷൻ ഷോയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും മെഗാ പരിപാടിയിൽ പ്രത്യേക അവസരമൊരുക്കും. കേരളത്തനിമയും ഓണത്തിന്‍റെ ഒരുമവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടും. ജാതി-മത-പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായി പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന വേദിയായി പൊന്നോണക്കാഴ്ച ’26 മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.