അബൂദബി: യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ക്ക് കരുത്ത് പകരാന്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ യൂറോപ്പിലെ മൊണാക്കോയുടെ രണ്ടിരട്ടി വലിപ്പത്തില്‍ അബൂദബിയില്‍ വന്‍കിട കാര്‍ഷിക നഗര പദ്ധതി യാഥാർഥ്യമാകുന്നു. അബൂദബി ദേശീയ നിക്ഷേപ വികസന കോര്‍പറേഷന്‍റെ (അഡിഡ്) കീഴിലുള്ള ഖിതാഫ് ഹോള്‍ഡിങ്ങിന്‍റെ നേതൃത്വത്തിലാണ് ‘ഖിതാഫ് സിറ്റി’ എന്ന നാല് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ബൃഹദ് പദ്ധതി വരുന്നത്.

വില്ലകളും ടൗണ്‍ഹൗസുകളും സ്വദേശികള്‍ക്കുള്ള ഭവനങ്ങളോടൊപ്പം കൃഷിയിടങ്ങളും അഗ്രിടെക് പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖിതാഫ് ഹോള്‍ഡിങ്ങിന്‍റെ മാനേജിങ് ഡയറക്ടറും അഡിഡ് ചീഫ് എക്‌സിക്യൂട്ടീവുമായ ശംസ അല്‍ഫഹിം ആണ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ആധുനിക സാങ്കേതികവിദ്യകളും കൃഷിയോട് താൽപര്യമുള്ളവരെയും ഒരുപോലെ ആകര്‍ഷിച്ച്, സുസ്ഥിരമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിയില്‍ താല്‍പ്പര്യമുള്ള വിവിധ സര്‍വകലാശാലാ വിദ്യാർഥികളെയോ വ്യക്തികളെയോ ലക്ഷ്യമിടുകയും, അവര്‍ക്കായി ഫാമുകള്‍ നല്‍കി സ്വന്തം ഉപയോഗത്തിനും വിപണിക്കുമായുള്ള ഉല്‍പാദനത്തിന് അവസരമൊരുക്കുകയും ചെയ്യാനാണ് ഉദ്ദേശം.

നിര്‍മിത ബുദ്ധിക്ക് മുന്‍ഗണന നല്‍കി അതിവേഗം ആധുനികവല്‍ക്കരിക്കപ്പെടുന്ന യു.എ.ഇയില്‍, സ്വദേശികളെ അവരുടെ വേരുകളിലേക്ക് മടക്കിക്കൊണ്ടുവരാനും രാജ്യത്തിന്‍റെ വളരുന്ന ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് സംഭാവന നല്‍കാന്‍ അവരെ പ്രാപ്തരാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. കൃഷിക്ക് പുറമെ മത്സ്യ കൃഷിയും നൂതന സാങ്കേതിക വിദ്യയും ഉള്‍പ്പെടുന്ന ആവാസവ്യവസ്ഥ ജനങ്ങളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുമെന്ന് ശംസ അല്‍ഫഹിം കൂട്ടിച്ചേര്‍ത്തു.

ഈ കാര്‍ഷിക നഗരത്തില്‍ ലബോറട്ടറി പ്രക്രിയയുടെ ഭാഗമായി സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് കൃഷി ചെയ്തുകൊണ്ടാണ് ആദ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഭൂരിഭാഗം ഭക്ഷണസാധനങ്ങളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന യു.എ.ഇക്ക്, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമൂലം മാസങ്ങളോളം നീണ്ടുനിന്ന വിതരണ ശൃംഖലയിലെ പ്രതിസന്ധി, ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം ഒരിക്കല്‍ കൂടി ഓർമിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അബൂദബിയില്‍ ഭക്ഷ്യസുരക്ഷക്കായി സുപ്രധാന കേന്ദ്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ സാഹചര്യങ്ങളെ ചെറുക്കുന്നതിനും യു.എ.ഇയെ സ്വയംപര്യാപ്തവും പ്രതിരോധശേഷിയുള്ളതുമാക്കി മാറ്റുന്നതിനുമാണ് ഖിതാഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

അബൂദബി നഗരത്തില്‍ നിന്നും അല്‍ ഐനില്‍ നിന്നും ദുബൈ ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 40 മിനിറ്റ് യാത്രാദൂരത്തിലാണ് ഖിതാഫ് സിറ്റി സ്ഥിതി ചെയ്യുന്നത്. അല്‍ ഹഫാര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശം സ്‌പോര്‍ട്‌സ് സിറ്റിയും ഉള്‍പ്പെടുന്ന വലിയൊരു മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമാണ്. ഇതിന് സമീപത്തുകൂടി ഇത്തിഹാദ് റെയിലിന്‍റെ പാത കടന്നുപോകുന്നുണ്ട് എന്നതിനാല്‍ ഭാവിയില്‍ ചരക്കുനീക്കത്തിനും ലോജിസ്റ്റിക്‌സിനും ഇത് ഏറെ നിര്‍ണായകമാകും.

ഇത്തിഹാദ് റെയില്‍വ കടന്നുപോകുന്ന അല്‍ ഹഫാര്‍ സിറ്റിയിലാണ് ഖിതാഫ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, ഇവിടുത്തെ ഉൽപന്നങ്ങള്‍ യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കാനുള്ള സ്ട്രാറ്റജിക് ലൊക്കേഷനാണിത്. രാജ്യത്ത് ഭക്ഷ്യസുരക്ഷക്കായി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഖിതാഫ് ഹോള്‍ഡിംഗ് രൂപീകരിച്ചത്. വരുന്ന ഫെബ്രുവരിയില്‍ കാര്‍ഷിക നഗര പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.

ഗ്ലോബല്‍ ഫുഡ് വീക്ക് വേളയില്‍ ടാന്‍സാനിയയും യു.എ.ഇയും തമ്മിലുള്ള ഗ്രീന്‍ കോറിഡോറിന് തുടക്കം കുറിച്ചിരുന്നു. ടാന്‍സാനിയയിലെ കര്‍ഷകരുമായി ബന്ധപ്പെടാനും ഉല്‍പ്പന്നങ്ങള്‍ കൈമാറാനുള്ള പ്ലാറ്റ്ഫോം ഒരുക്കാനും അവരുടെ ഉല്‍പന്നങ്ങള്‍ യു.എ.ഇയിലെത്തിച്ച് പ്രോസസ് ചെയ്ത് നിര്‍മാണം നടത്തി ഇവിടെ നിന്നുതന്നെ വീണ്ടും കയുമതി ചെയ്യാനും സാധിക്കുമെന്ന് ശംസ അല്‍ഫഹിം പറഞ്ഞു.

Tags:    
News Summary - Massive Agricultural City 'Kitaf City' Coming Up in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.