സ്‌കൂളുകളില്‍ പുതിയ കായിക മാതൃകയുമായി അഡെക്; ‘അബൂദബി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്’ പ്രഖ്യാപിച്ചു

അബൂദബി: വിദ്യാർഥികള്‍ക്ക് കൂടുതല്‍ സജീവവും അർഥവത്തായതുമായ കായിക അനുഭവങ്ങളും അവസരങ്ങളും ലക്ഷ്യമിട്ട് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (അഡെക്) ‘അബൂദബി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്’ പ്രഖ്യാപിച്ചു. വിദ്യാർഥികളില്‍ ആത്മവിശ്വാസം, കൂട്ടായ്മ, കഠിനാധ്വാനം എന്നിവ വളര്‍ത്തുന്നതിനൊപ്പം കായികരംഗത്തോടുള്ള അഭിനിവേശം ഊട്ടിയുറപ്പിക്കാനും ചാമ്പ്യന്‍ഷിപ് സഹായകമാവും. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലായി അക്കാദമിക് വര്‍ഷത്തിലുടനീളം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 350ലധികം സ്‌കൂളുകള്‍ 19 കായിക ഇനങ്ങളിലായി മാറ്റുരക്കും.

എലൈറ്റ് ലീഗ്, ടൂര്‍ണമെന്‍റ് ഫോര്‍മാറ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. അഞ്ച്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികള്‍ക്കായുള്ള എലൈറ്റ് ലീഗില്‍ ഫുട്‌ബാള്‍, ബാസ്‌കറ്റ്‌ബാള്‍, വോളിബാള്‍, പാഡല്‍, അത്ലറ്റിക്‌സ്, ജിയു-ജിത്സു, നീന്തല്‍ എന്നീ ഏഴ് കായിക ഇനങ്ങളിലായാണ് ആഴ്ച തോറും മത്സരങ്ങള്‍ നടക്കുന്നത്.

അണ്ടർ 9 മുതല്‍ അണ്ടർ19 വരെയുള്ള വിദ്യാർഥികള്‍ക്കായുള്ള ടൂര്‍ണമെന്‍റ് ഫോര്‍മാറ്റില്‍ റഗ്ബിക്ക് പുറമെ ആര്‍ച്ചറി, ബാഡ്മിന്‍റൺ, ചെസ്, സൈക്ലിങ്, ഫെന്‍സിങ്, ജൂഡോ, ഒബ്സ്റ്റക്കിള്‍ കോഴ്‌സ് റേസിങ്, ലേസര്‍ റണ്‍, ടേബിള്‍ ടെന്നീസ്, തായ്‌ക്വോണ്ടോ, ഗുസ്തി എന്നീ വ്യക്തിഗത ഇനങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ അണ്ടർ11 മുതല്‍ അണ്ടർ 15 വരെയുള്ള കുട്ടികള്‍ക്കായി ഫുട്‌ബാള്‍, ബാസ്‌കറ്റ്‌ബാള്‍, വോളിബോള്‍, അത്ലറ്റിക്‌സ്, ജിയു-ജിത്സു, നീന്തല്‍ എന്നീ മത്സരങ്ങളും ഇതിലുണ്ടാകും.

സ്‌പെഷല്‍ ഒളിമ്പിക്‌സ് യു.എ.ഇയുമായി സഹകരിച്ച് നിശ്ചയദാര്‍ഢ്യ വിഭാഗക്കാരായ കുട്ടികള്‍ക്കായി ‘യൂനിഫൈഡ് ലീഗു’കളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂളുകള്‍, വിദ്യാർഥികള്‍, അധ്യാപകര്‍, പരിശീലകര്‍ എന്നിവരെ ആദരിക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍, കായിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ഫണ്ടിങ് തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രത്യേക പുരസ്‌കാര പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ വിദ്യാർഥികള്‍ക്ക് 'ഓള്‍-സ്റ്റാര്‍ പ്രോഗ്രാമിലൂടെ' വിദഗ്ദ്ധ പരിശീലനവും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. സ്‌കൂളുകള്‍ വഴിയാണ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് sportscup.adek.ae സന്ദര്‍ശിക്കാം.

വിദ്യാർഥികളില്‍ കായിക സംസ്‌കാരം വളര്‍ത്തുന്നതിനും സമഗ്രമായ വ്യക്തിത്വവികസനത്തിനും ഈ പദ്ധതി കരുത്തേകുമെന്ന് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് താജ് അദ്ദീന്‍ അഹ്‌മദ് അല്‍ ഖാദി വ്യക്തമാക്കി. അബൂദബി സാംസ്‌കാരിക - ടൂറിസം വകുപ്പ്, അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

Tags:    
News Summary - Abu Dhabi Department of Education Launches New School Sports Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.