ദുബൈയിൽ ബിസിനസ് തുടങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ..
ആഗോള വാണിജ്യ കേന്ദ്രങ്ങളിലൊന്നായി ദുബൈ കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിവേഗം വളരുകയാണ്. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വിവിധ മേഖലകളിലെ ബിസിനസ് അവസരങ്ങൾ, അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനക്ഷമത എന്നിവ ദുബൈയെ ആകർഷകമായ വാണിജ്യ കേന്ദ്രമാക്കുന്നു.
എന്നാൽ ഒരു വാണിജ്യ ലൈസൻസ് (Trade License) എടുത്ത് കമ്പനി രജിസ്റ്റർ ചെയ്യുന്നതുകൊണ്ടു മാത്രം ബിസിനസ് വിജയകരമാകണമെന്നില്ല. അനുയോജ്യമായ കമ്പനി ഘടന, കൃത്യമായ ലൈസൻസ്, സാമ്പത്തിക ആസൂത്രണം, നിയമപരമായ മാനദണ്ഡ പാലനം (Compliance), ബാങ്കിങ്, വിസ, വിപണനം (Marketing) തുടങ്ങിയ ഘടകങ്ങൾ തുടക്കത്തിൽ തന്നെ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
1. മേഖല തെരഞ്ഞെടുക്കൽ
ദുബൈയിൽ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ഏത് മേഖലയിലാണ് പ്രവർത്തിക്കാൻ പോകുന്നത് എന്നതിൽ വ്യക്തമായ ധാരണ വേണം. വ്യാപാരം, കൺസൾട്ടൻസി, പ്രൊഫഷനൽ സേവനങ്ങൾ, ഇ-കോമേഴ്സ്, ടൂറിസം, സാങ്കേതിക സേവനങ്ങൾ, ഭക്ഷ്യ മേഖല, റിയൽ എസ്റ്റേറ്റ്, ജനറൽ ട്രേഡിങ് തുടങ്ങിയ വിവിധ മേഖലകൾക്ക് വ്യത്യസ്ത ലൈസൻസിങ് നിബന്ധനകളാണുള്ളത്. ഒരു കമ്പനി ഭാവിയിൽ നൽകാൻ ഉദ്ദേശിക്കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് 'ബിസിനസ് ആക്റ്റിവിറ്റി' തിരഞ്ഞെടുക്കേണ്ടത്.
2. മെയിൻലാൻഡോ ഫ്രീസോണോ?
യു.എ.ഇ.യിൽ ബിസിനസ് ആരംഭിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട തീരുമാനങ്ങളിലൊന്നാണ് അനുയോജ്യമായ അധികാരപരിധി (Jurisdiction) തിരഞ്ഞെടുക്കുന്നത്. മെയിൻലാൻഡ്, ഫ്രീ സോൺ എന്നീ ഘടനകൾക്ക് വ്യത്യസ്ത സവിശേഷതകളും പ്രവർത്തനരീതികളുമാണുള്ളത്. ബിസിനസ് സ്വഭാവം, ലക്ഷ്യമിടുന്ന വിപണി, ഓഫീസ്, വിസ ആവശ്യകതകൾ, ഓഹരി ഉടമകൾ, ഭാവി വിപുലീകരണം, ബാങ്കിങ് ആവശ്യങ്ങൾ എന്നിവ വിലയിരുത്തി വേണം യോജിച്ച മേഖല തിരഞ്ഞെടുക്കാൻ.
3. കൃത്യമായ കമ്പനി ഘടന
കമ്പനിയുടെ നിയമപരമായ ഘടന (Legal Structure) ഭാവിയിലെ എല്ലാ പ്രവർത്തനങ്ങളെയും സ്വാധീനിക്കും. എത്ര ഓഹരി ഉടമകൾ ഉണ്ടാകും, ഉടമസ്ഥാവകാശം എങ്ങനെ ക്രമീകരിക്കും, ഏതൊക്കെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണം, ഭാവിയിൽ പുതിയ നിക്ഷേപകരെ ഉൾപ്പെടുത്തുമോ, ജീവനക്കാരെ നിയമിക്കുമോ തുടങ്ങിയ കാര്യങ്ങൾ തുടക്കത്തിലേ തീരുമാനിക്കണം.
4. മറ്റു ചെലവുകൾ
ബിസിനസ് ആരംഭിക്കാനുള്ള മൊത്തം ചെലവിൽ ലൈസൻസ് ഫീസ് മാത്രമായിരിക്കില്ല ഉണ്ടാകുക. സാഹചര്യങ്ങൾക്ക് അനുസരിച്ച് വാണിജ്യ ലൈസൻസ്, രജിസ്ട്രേഷൻ, മറ്റ് സർക്കാർ ഫീസുകൾ, സ്ഥാപന രൂപീകരണ നടപടികൾ, വിസ പ്രോസസിങ്, മെഡിക്കൽ പരിശോധന, എമിറേറ്റ്സ് ഐ.ഡി, ഓഫീസ് ചെലവ്, മറ്റു വകുപ്പുകളിൽ നിന്നുള്ള അനുമതികൾ, ബാങ്ക് അക്കൗണ്ട് രേഖകൾ തയാറാക്കൽ, അക്കൗണ്ടിങ്, ബുക്ക് കീപ്പിങ്, നികുതി രജിസ്ട്രേഷൻ, വാർഷിക പുതുക്കൽ ചെലവുകൾ എന്നീ ചെലവുകൾ കൂടി മുൻകൂട്ടി കണക്കാക്കേണ്ടതുണ്ട്.
5. കൃത്യമായ വിസ ആസൂത്രണം
വിസ യോഗ്യത, ഓഫീസ് സൗകര്യങ്ങൾ എന്നിവ കമ്പനി ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വിസ പ്രോസസ്സിങ്ങിനെ കമ്പനിയുടെ മൊത്തത്തിലുള്ള പ്ലാനിങ്ങിന്‍റെ ഭാഗമായി തന്നെ കാണണം.
6. കോർപറേറ്റ് ബാങ്ക് അക്കൗണ്ട്
ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോൾ ബിസിനസിന്‍റെ സ്വഭാവം, ഉടമസ്ഥാവകാശ ഘടന, പ്രതീക്ഷിക്കുന്ന ഇടപാടുകൾ, ഫണ്ടിന്‍റെ ഉറവിടം, പ്രൊഫൈൽ, അനുബന്ധ രേഖകൾ എന്നിവ ബാങ്കുകൾ കർശനമായി പരിശോധിക്കും. അതിനാൽ കമ്പനി രൂപീകരണ വേളയിൽ തന്നെ ആവശ്യമായ രേഖകൾ സാക്ഷ്യപ്പെടുത്തി ബാങ്കിങ് സജ്ജത ഉറപ്പാക്കണം.
7. അക്കൗണ്ടിങ്, കോർപറേറ്റ് ടാക്സ്
കമ്പനി രൂപീകരണത്തിന് ശേഷം അക്കൗണ്ടിങ് റെക്കോർഡുകൾ, ഇൻവോയ്‌സുകൾ, ചെലവുകൾ, കരാറുകൾ, ബാങ്ക് ഇടപാടുകൾ എന്നിവ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ബിസിനസ് സ്വഭാവവും വിറ്റുവരവും അനുസരിച്ച് കോർപറേറ്റ് ടാക്സ് (Corporate Tax), വാറ്റ് (VAT) ബാധ്യതകൾ വ്യത്യാസപ്പെടാം.
8. അധിക അനുമതികൾ
ചില ബിസിനസ് പ്രവർത്തനങ്ങൾക്ക് ട്രേഡ് ലൈസൻസിന് പുറമേ ബന്ധപ്പെട്ട സർക്കാർ മന്ത്രാലയങ്ങളുടെയോ അതോറിറ്റികളുടെയോ പ്രത്യേക അനുമതി ആവശ്യമായി വരാം. ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, നിർമാണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ബിസിനസ് തുടങ്ങുമ്പോൾ അതത് മേഖലകളിലെ പ്രത്യേക നിബന്ധനകൾ മുൻകൂട്ടി പരിശോധിക്കണം.
9. വിപണന തന്ത്രങ്ങൾ
ട്രേഡ് ലൈസൻസ് ലഭിച്ചതുകൊണ്ടു മാത്രം ഉപഭോക്താക്കൾ തനിയെ വരില്ല. ബ്രാൻഡ് ഐഡന്‍റിറ്റി, വെബ്‌സൈറ്റ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ സാന്നിധ്യം എന്നിവ ബിസിനസ് ലോഞ്ചിന്‍റെ ഭാഗമാക്കണം.
10. വിപണി പഠനം
ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് വിപണിയിലെ ആവശ്യകതയും ഉപഭോക്താക്കളെയും എതിരാളികളെയും കുറിച്ച് പഠിക്കണം. ഉൽപ്പന്നത്തിനോ സേവനത്തിനോ വിപണിയിൽ യഥാർഥ ആവശ്യക്കാരുണ്ടോ എന്ന് തിരിച്ചറിയുകയാണ് വിജയം നിർണയിക്കുന്നത്.
പ്രൊഫഷനൽ സപ്പോർട്ടിന്‍റെ പ്രാധാന്യം
വിവിധ മേഖലകൾ, ലൈസൻസുകൾ, വിസ, ബാങ്കിങ്, ടാക്സ് പ്രോസസുകൾ എന്നിവ തുടക്കക്കാർക്ക് സങ്കീർണമായി തോന്നാം. അത്തരം ഘട്ടങ്ങളിൽ പ്രൊഫഷനൽ സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നത് തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഓരോ സംരംഭകന്‍റെയും ബിസിനസ് മാതൃക, ബജറ്റ്, ഭാവി പ്ലാനുകൾ എന്നിവ വിലയിരുത്തി അനുയോജ്യമായ വഴികൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.