തടവുകാരെ പിന്തുണക്കുന്നതിനായി അജ്മാൻ ബാങ്ക് രണ്ട് ലക്ഷം ദിർഹം സംഭാവന നൽകുന്ന ചടങ്ങിൽ ഉദ്യോഗസ്ഥർ
അജ്മാൻ: സാമ്പത്തിക കേസുകളിൽ തടവിൽ കഴിയുന്നവരെ പിന്തുണക്കുന്നതിനായി അജ്മാൻ ബാങ്ക് 200,000 ദിർഹം സംഭാവന ചെയ്തു. മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരുടെ ഭാരം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ശരീഅത്ത് സൂപ്പർവിഷൻ മേധാവി ഡോ. ഫദൽ റഹിം, അജ്മാൻ ബാങ്കിലെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി മറിയം അബ്ദുർറഹ്മാൻ അൽ ഷുറാഫ എന്നിവരുടെ സാന്നിധ്യത്തിൽ അജ്മാൻ പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി സംഭാവന സ്വീകരിച്ചു. യു.എ.ഇയിലെ പൊലീസ് സേനയും ബാങ്കിങ് സ്ഥാപനങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്‍റെ ഭാഗമായുള്ളതാണ് ഈ സംരംഭം.
കോടതി നാടുകടത്താൻ ഉത്തരവിട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുങ്ങിക്കിടക്കുന്നവർക്ക് വിമാന ടിക്കറ്റുകൾ നൽകുന്നതിനായി ഫണ്ട് ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്ര നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തടവുകാർക്ക് കുടുംബങ്ങളുമായി വേഗത്തിൽ ഒന്നിക്കാനും ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് സേന വ്യക്തമാക്കി.
സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിൽ യു.എ.ഇയുടെ കാരുണ, ഐക്യദാർഢ്യം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ സംരംഭമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. അജ്മാൻ ബാങ്കിന്‍റെ മാനുഷിക സഹായത്തിന് കേണൽ അൽ ഗഫ്‌ലി നന്ദി പറഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള ബാങ്കിന്‍റെ പ്രതിബദ്ധതയും മാനുഷിക ലക്ഷ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയുമാണ് ഈ സംഭാവനയെന്ന് ഡോ. റഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.