അ​ൽ ഹ​മീ​ദി​യ പാ​ലം

അജ്മാൻ അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു

അജ്മാന്‍: ശൈഖ് സായിദ് റോഡിലെ അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു. ഉദ്ഘാടനച്ചടങ്ങിൽ ഊർജ, അടിസ്ഥാനസൗകര്യ മന്ത്രാലയത്തിന്‍റെ അണ്ടർ സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം അൽ മൻസൂരി, അജ്മാൻ മുനിസിപ്പാലിറ്റി, പ്ലാനിങ് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ നുഐമി തുടങ്ങി നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. അജ്മാന്‍ ഹമീദിയ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് പുതിയ പാലം. ഓരോ ദിശയിലും നാല് വരികൾ ഉൾപ്പെടുന്ന 1,100 മീറ്റർ നീളമുള്ള പാലത്തിന്‍റെ പണിയാണ് പൂർത്തിയായത്.

ശൈഖ് സായിദ് റോഡിനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം എന്നിവക്ക് പുറമേ, കവലകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, മഴവെള്ള ഒഴുക്കുചാൽ എന്നിവയുടെ പണി തുടരുകയാണ്. ഈവർഷം അവസാനത്തോടെ എല്ലാ ജോലികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിക്കും.

യാത്രാ സമയം 60 ശതമാനം കുറക്കുക, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധപ്പെട്ട റെസിഡൻഷ്യൽ, സർവിസ് ഏരിയകളിലേക്കും അൽ ഹമീദിയ, അൽ റാശിദിയ പ്രദേശങ്ങളിലേക്കും പ്രവേശനം സുഗമമാക്കുക, ശൈഖ് മുഹമ്മദ് ബിൻ സായിദ് ഹോസ്പിറ്റൽ, ശൈഖ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ സായിദ് വിദ്യാഭ്യാസ സമുച്ചയം തുടങ്ങിയ സുപ്രധാന സൗകര്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുക എന്നിവയും ലക്ഷ്യമിടുന്നു. പദ്ധതിയുടെ നിർവഹണ ഘട്ടങ്ങളിലുടനീളം തുടർച്ചയായ ഫീൽഡ് ഏകോപനത്തിലൂടെ അജ്മാൻ പൊലീസ് ഗതാഗതം സുഗമമാക്കുന്നതിനും യാത്രകൾ നിയന്ത്രിക്കുന്നതിനും ആവശ്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

Tags:    
News Summary - Ajman Al Hamidiya Bridge partially opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.