ദുബൈ: ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും ബാഗേജ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 20 കിലോ ആയിരുന്നത് 30 കിലോ ആയാണ് വർധിപ്പിക്കുന്നത്. ഇത്രയും തൂക്കം രണ്ട് ഭാഗമായി കൊണ്ടുപോകാം.
ജനുവരി 15 മുതൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമാകും. വിമാനക്കമ്പനികൾ ബാഗേജ് നയം കർശനമാക്കിയത് സമീപകാലത്ത് പ്രവാസികളെ നിരാശപ്പെടുത്തിയിരിക്കെ ആശ്വാസ വാർത്തയാണിത്.
അതേസമയം, ഇന്ത്യയിൽനിന്ന് തായ്ലൻഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കും ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും നിലവിലെ പോലെ 20 കിലോ ആകും സൗജന്യ ബാഗേജ്. തായ്ലൻഡിൽനിന്ന് ഇന്ത്യ ഒഴികെ രാജ്യങ്ങളിലേക്ക് 30 കിലോ അനുവദിക്കും. ഹാൻഡ് ബാഗേജ് പരിധി നിലവിലെ ഏഴ് കിലോ തന്നെയാകും. ഗൾഫ് സെക്ടറിൽ നേരത്തേ ബാഗേജ് 20 കിലോയും ഹാൻഡ് ബാഗേജ് ഏഴ് കിലോയും ആയിരുന്നെങ്കിലും അൽപം അധികമായാൽ വിട്ടുവീഴ്ച ചെയ്തിരുന്നു. എന്നാൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മാർഗനിർദേശ പ്രകാരമാണ് ഈ മാസം മുതൽ വിമാനക്കമ്പനികൾ ബാഗേജ് നയം കർശനമാക്കി.
അതിനിടെയാണ് ബാഗേജ് പരിധി വർധിപ്പിച്ച പുതിയ വാർത്ത. കഴിഞ്ഞ ദിവസം എയർ അറേബ്യ കൈക്കുഞ്ഞുള്ള യാത്രക്കാർക്ക് മൂന്നുകിലോ അധിക ഹാൻഡ് ബാഗേജ് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.
എയർ അറേബ്യ നേരത്തേ തന്നെ 10 കിലോ ഹാൻഡ് ബാഗേജ് അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.