അബ്​ദുല്ല ബിൻ മുഹമ്മദ്​ ബിൻ ബുത്തി അൽ ഹമദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മീഡിയ കൗൺസിലിന്‍റെ മൂന്നാമത്​ യോഗം

ദുബൈ: അനുമതിയില്ലാതെ നിർമിത ബുദ്ധി(എ.ഐ)യോ മറ്റ്​ ആധുനിക ഡിജിറ്റൽ ഉപകരണ​ങ്ങളോ ഉപയോഗിച്ച്​ ദേശീയ ചിഹ്​നങ്ങളുടെയും പ്രമുഖ വ്യക്​തികളുടെയും ചിത്രങ്ങൾ നിർമിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളു​ടെ ലംഘനമാണെന്ന്​​ യു.എ.ഇ മീഡിയ കൗൺസിൽ വ്യക്​തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കാനും വ്യക്തികളെ അപകീർത്തിപ്പെടുത്താനും സ്ഥാപനങ്ങളുടെ പ്രശസ്തിയെ ഇല്ലാതാക്കാനും സാമൂഹിക മൂല്യങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനും​ എ.ഐ ഉപയോഗിക്കുന്നത് മാധ്യമ കുറ്റകൃത്യമായി കണക്കാക്കും.

മാധ്യമ നിയമലംഘന ചട്ടങ്ങൾക്ക്​​ കീഴിലാണ്​ ഇത്തരം നിയമലംഘനങ്ങൾ പരിഗണിക്കുക. ഇതിന്​ ശക്​തമായ പിഴചുമത്തുകയും ഭരണപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന്​ മീഡിയ കൗൺസിൽ മുന്നറിയിപ്പു നൽകി. രാജ്യത്ത്​ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ, ഉള്ളടക്ക നിർമാതാക്കൾ, സമൂഹ മാധ്യമ ഉപയോക്​താക്കൾ തുടങ്ങിയവർ യു.എ.ഇയിൽ നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതോടൊപ്പം പ്രഫഷണൽ നിലവാരവും ധാർമിക ഉത്തരവാദിത്തത്തവും ഉയർത്തിപ്പിടിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.

ഡീപ്​​ഫേക്ക്​ സാ​ങ്കേതിക വിദ്യകൾ വളർന്നതോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായുള്ള ശക്​തമായ​ ആയുധമായി എ.ഐ ടൂളുകൾ മാറിയിട്ടുണ്ടെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ്​ വിഷയത്തിൽ ദേശീയ മീഡിയ കൗൺസിൽ ശക്​തമായ നിലപാട്​ വ്യക്​തമാക്കിയത്​.

നാഷനൽ മീഡിയ കൗൺസിൽ, നാഷനൽ മീഡിയ ഓഫിസ്​ എന്നിവയുടെ ചെയർമാൻ അബ്​ദുല്ല ബിൻ മുഹമ്മദ്​ ബിൻ ബൂത്തി അൽ ഹമദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മീഡിയ കൗൺസിലിന്‍റെ മൂന്നാമത്​ യോഗം ഇതുൾ​പ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ആഗോള മാധ്യമ രംഗത്ത്​ പ്രകടമാകുന്ന ധ്രുതഗതിയിലുള്ള മാറ്റങ്ങൾക്കൊപ്പം നീങ്ങാനും ദേശീയ സമ്പദ്​വ്യവസ്ഥയെ പിന്തുണക്കുന്നതിൽ മേഖലയുടെ പങ്ക്​ ശക്​തിപ്പെടുത്താനും പുതിയ നടപടികൾ ലക്ഷ്യമിടുന്നതായി അൽ ഹമദ്​ പറഞ്ഞു. ​ തെരഞ്ഞെടുപ്പുകളിലും ഭൗമരാഷ്ട്ര സംഘർഷങ്ങളിലും എ.ഐ നിർമിത തെറ്റായവിവരങ്ങൾ വർധിച്ചിട്ടുണ്ടെന്ന്​ ഗവേഷണ പഠനങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Tags:    
News Summary - AI-generated national symbols banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.