ഷാർജ സാറ്റ്-2 നിർമാണ കരാറിൽ ഒപ്പുവെക്കൽ ചടങ്ങിൽ എത്തുന്ന ഷാർജ ഉപഭരണാധികാരിയും ശൈഖ് സുൽത്താൻ ബിൻ
അഹ്മദ് അൽ ഖാസിമി
ഷാർജ: സാങ്കേതിക രംഗത്ത് പുതുമുന്നേറ്റം ലക്ഷ്യംവെച്ച് ഷാർജ സാറ്റ്-2 എന്ന പേരിൽ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാൻ ഷാർജ സർക്കാർ കരാർ ഒപ്പിട്ടു. നഗരാസൂത്രണം മുതൽ രക്ഷാപ്രവർത്തനം വരെയുള്ള നടപടികൾ സുഗമമാക്കാൻ സഹായിക്കുന്നതാകും പുതിയ സാറ്റലൈറ്റെന്ന് അധികൃതർ പറഞ്ഞു.
ഷാർജ യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും യൂനിവേഴ്സിറ്റി പ്രസിഡന്റുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് പുതിയ സാറ്റലൈറ്റ് നിർമിക്കാൻ കരാർ ഒപ്പിട്ടത്.
ഷാർജ അക്കാദമി ഓഫ് ആസ്ട്രോണമി, സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, നഗരാസൂത്രണ വകുപ്പ്, സേവ, ഷാർജ നഗരസഭ എന്നിവ തമ്മിലാണ് കരാർ.
30 സെന്റിമീറ്റർ ഉയരവും 20 സെന്റിമീറ്റർ വീതിയുമുള്ള ക്യുബിക് സാറ്റലൈറ്റാണ് ലക്ഷ്യമിടുന്നത്. നഗരാസൂത്രണം കാര്യക്ഷമമാക്കാനും ലാൻഡ് മാപ്പുകൾ തയാറാക്കാനും പുതിയ ഉപഗ്രഹം അധികൃതരെ സഹായിക്കും. പരിസ്ഥിതി മേഖലയിൽ കൃഷിയുടെ വ്യാപനം, മരുഭൂവത്കരണം, പരിസ്ഥിതി മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഇതിൽ സംവിധാനമുണ്ട്. എണ്ണ, ഗ്യാസ് ചോർച്ചകൾ, മലിനീകരണം എന്നിവ ഉപഗ്രഹം നിരീക്ഷിക്കും.
അപകട സാധ്യതകളെ കുറിച്ച് മുന്നറയിപ്പ് നൽകുന്നതാണ് മറ്റൊരു സൗകര്യം. വിവിധ ഘട്ടങ്ങളിൽ അപകടങ്ങളുടെ വ്യാപ്തി കുറക്കാൻ മുന്നറിയിപ്പ് നൽകാനും ഷാർജ സാറ്റ് 2വിന് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.സഹകരണ കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ഷാർജയിലെ ഫാമിലി അഫയേഴ്സ് അതോറിറ്റി ചെയർപേഴ്സൻ ഡോ. ഖൗല അബ്ദുൽ റഹ്മാൻ അൽ മുല്ല, ഷാർജ ടൗൺ പ്ലാനിങ് ആൻഡ് സർവേ വകുപ്പ് ചെയർമാൻ ഖാലിദ് ബിൻ ബുട്ടി അൽ മുഹൈരി, ഷാർജ ഗവൺമെന്റ് നിയമ വിഭാഗം മേധാവി ഡോ. മൻസൂർ മുഹമ്മദ് ബിൻ നാസർ, ഷാർജ ഇസ്ലാമിക് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. മുഹമ്മദ് അബ്ദുല്ല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.