അബ്ദുൽ മജീദും ഭാര്യയും
അൽഐൻ: ആയുസ്സിന്റെ നല്ലൊരു ഭാഗവും യു.എ.ഇയിൽ ചെലവഴിച്ച അബ്ദുൽ മജീദ് മാളിയേക്കൽ നാട്ടിലേക്ക് തിരിക്കുന്നു. തൃശൂർ ജില്ലയിലെ ചാവക്കാട് പാലിയൂർ സ്വദേശിയാണ്. 51 വർഷം യു.എ.ഇയുടെ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് സാക്ഷിയായി. 1973 ഡിസംബർ 14ന് മുംബൈ വഴി വിമാനത്തിൽ ദുബൈയിൽ എത്തി. അബൂദബിയിലെ അടുത്ത ബന്ധുക്കളുടെ അടുത്തേക്കാണ് പോയത്.
എന്നാൽ, അബൂദബിയിലേക്ക് പ്രവേശിക്കണമെങ്കിൽ വിസ നിർബന്ധമായിരുന്നു. അബൂദബിയിലെത്തി ആറ് മാസം കഴിഞ്ഞാണ് പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തത്. അഞ്ച് വർഷത്തെ വിസയാണ് ലഭിച്ചത്. 1974 പകുതിയോടെ ഗ്രേ വേക്കൻസി എന്ന കമ്പനിയിൽ ടാലി അക്കൗണ്ടന്റായി ഒരു വർഷക്കാലം ജോലി ചെയ്തു. തുടർന്ന് അബൂദബി വാട്ടർ ഇലക്ട്രിസിറ്റി വകുപ്പിൽ ജോലിക്ക് കയറി. ഒന്നര വർഷക്കാലം താൽക്കാലികാടിസ്ഥാനത്തിലും തുടർന്ന് അതേ കമ്പനിയിൽ സ്ഥിരം ജോലിയും ലഭിച്ചു. 1975ൽ അതത് സ്പോൺസർമാരുടെ കീഴിൽ മാത്രമേ ജോലി ചെയ്യാവൂ എന്ന നിയമം വന്നത്തോടെ റാസൽ ഖൈമയിലെ സ്പോൺസറിൽനിന്ന് വിടുതൽ ലഭിക്കാൻ പാസ്പോർട്ടും 500 ദിർഹമും നൽകിയെങ്കിലും പിന്നീട് പാസ്പോർട്ട് നഷ്ടമായതായി അറിയുകയായിരുന്നു. അക്കാലത്ത് ഇന്ത്യൻ എംബസി ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ നൽകിയാൽ പുതിയ പാസ്പോർട്ട് ശരിയാക്കി നൽകിയിരുന്നു.
ഇസ്ലാമിക് സെന്ററിന്റെ പ്രവർത്തകർ മുഖേന ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് പുതിയ പാസ്പോർട്ട് തരപ്പെടുത്തുകയും ഈ കമ്പനിയുടെ വിസയിലേക്ക് മാറുകയും ചെയ്തു. 1981 വരെ അബൂദബി വാട്ടർ ഇലക്ട്രിസിറ്റി കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന് അസീക്കൊ എന്ന കമ്പനിയിലേക്ക് മാറുകയും അബൂദബി വാട്ടർ ഇലക്ട്രിസിറ്റിയുടെ ജോലികൾ ചെയ്യുകയായിരുന്നു.1983ൽ കമ്പനി അൽഐനിലെ കമ്പനിയുടെ മാനേജറാക്കി നിയമിച്ചു. 2024 ഡിസംബർ വരെ ഈ കമ്പനിയിൽ ജോലി തുടർന്നു. ഇനി നാട്ടിലെത്തി കുടുംബസമേതം ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാനുള്ള ഒരുക്കത്തിലാണ് അബ്ദുൽ മജീദ്.
അൽഐനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ അംഗവും അൽ ഐൻ ഫ്രൈഡേ ഫോറം ഭാരവാഹിയുമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: രേഷ്മ, അബ്ദുൽ മനാസ്സിർ (അൽഐൻ), മസൂദ (ടീച്ചർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.