അബൂദബി: സാമൂഹിക സേവനരംഗത്ത് സജീവമായിരുന്ന അബ്ദുൽ ബഷീർ മടക്കര പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി. സൗദി അറേബ്യയിലും യു.എ.ഇയിലുമായി 40 വർഷക്കാലത്തെ പ്രവാസത്തിന് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. 1987ൽ സൗദി അറേബ്യയിൽ സെയിൽസ്മാൻ ജോലിയിലാണ് പ്രവാസത്തിന്റെ തുടക്കം. എട്ടുവർഷക്കാലം അവിടെ ജോലി ചെയ്തു. ഈ കാലയളവിൽ ഹജ്ജും ഉംറയും നിർവഹിക്കാൻ സാധിച്ചത് അനുഗ്രഹമായി കാണുന്നു. 1995ൽ യു.എ.ഇയിലെത്തി. ചെറിയ ജോലികൾ ആയിരുന്നെങ്കിലും 30 വർഷത്തിനുശേഷം കമ്പനിയിൽനിന്ന് പിരിയുമ്പോൾ കസ്റ്റംസ് ക്ലിയറൻസ് ഓഫിസർ തസ്തികയിലാണുള്ളത്. 30 വർഷക്കാലം ഒരേ കമ്പനിയിൽതന്നെ ജോലി ചെയ്തുവെന്നതും പ്രത്യേകതയാണ്.
കണ്ണൂർ മാട്ടൂൽ മടക്കര അബ്ദുൽ കരീം - നഫീസ ദമ്പതികളുടെ മകൻ അബ്ദുൽ ബഷീറിന് പ്രവാസ ജീവിതം ഹൃദ്യമാണ്. ഭാര്യയും രണ്ട് പെൺമക്കളും മകനും അടങ്ങുന്നതാണ് കുടുംബം. മക്കൾക്ക് എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നൽകി. മകൻ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി യു.എ.ഇയിൽതന്നെ ജോലി ചെയ്യുകയാണ്. മാട്ടൂൽ മൻശഅ, തളിപ്പറമ്പ് അൽ മഖർ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകാരിയാണ് അദ്ദേഹം. ഐ.സി.എഫ് യൂനിറ്റ് ഡിവിഷൻ ഭാരവാഹിയായും പ്രവർത്തിച്ചു. നിലവിൽ നാദ്സിയ ഡിവിഷൻ എസ്.ഡി.സി സെക്രട്ടറിയാണ്. ഐ.സി.എഫ് നാദ്സിയ ഡിവിഷൻ, അബൂദബി റീജൻ, കണ്ണൂർ ജില്ല എസ്.വൈ.എസ് അബൂദബി ഘടകം യാത്രയയപ്പ് നൽകി. സംഗമത്തിൽ ഐ.സി.എഫ് പ്രസിഡൻറ് ഹംസ അഹ്സനി, സിദ്ദീഖ് അൻവരി, പി.വി. അബൂബക്കർ മൗലവി, അമീർ അലി സഖാഫി, ഹമീദ് പരപ്പ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.