??.?.? ???????? ?????????? ???? ??? ???????? ??????? ?????? ?????

അല്‍ സാറ ഫലജിലൂടെ യു.എ.ഇ വനിതകളുടെ സാഹസിക യാത്ര

ഷാര്‍ജ: യു.എ.ഇയുമായി അതിര്‍ത്തി പങ്കിടുന്ന ഒമാന്‍ മേഖലയായ ബുറൈമിയിലെ പ്രാചീന ഫലജിലൂടെ യു.എ.ഇ വനിതകള്‍ സാഹസിക യാത്ര നടത്തി. 800 വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന നീര്‍ച്ചാലിലൂടെ ആറു കിലോമീറ്ററിലധികം ദൂരമാണ് ഇവര്‍ താണ്ടിയത്. 10 മീറ്ററിലധികം ആഴമുള്ള ഫലജിലൂടെയുള്ള യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറഞ്ഞു. ചില ഭാഗങ്ങളില്‍ പ്രാണവായുവിന്‍െറ കുറവ് നേരിട്ടിരുന്നു.  15 വര്‍ഷം മാലിന്യങ്ങള്‍ കൊണ്ട് ഒഴുക്ക് നിലച്ച് കിടക്കുകയായിരുന്നു ഈ നീര്‍ച്ചാലിനെ പ്രകൃതി സ്നേഹികള്‍ മുന്‍കൈയെടുത്താണ് ഇൗ വർഷാദ്യം പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.   മരുഭൂമിയിലെ പൗരാണികമായ അടയാളങ്ങള്‍ തേടിപിടിക്കാനുള്ള ആവേശമാണ് 22 അംഗങ്ങള്‍ അണിനിരന്ന ഇമാറാത്തി സാഹസിക ടീമിനുണ്ടായിരുന്നത്. സുരക്ഷാകവചങ്ങള്‍ ധരിച്ചാണ് സംഘം ഫലജിലേക്കിറങ്ങിയത്. പലഭാഗത്തും ഇരുളുറഞ്ഞ് കിടന്നിരുന്നു. സൂര്യപ്രകാശം ചിലഭാഗങ്ങളില്‍ ലഭ്യമായിരുന്നില്ല. മൊബൈല്‍ ഫോണിലെ ടോര്‍ച്ച്​ വെട്ടത്തിലായിരുന്നു ഈ ഭാഗങ്ങളിലൂടെ സംഘം സഞ്ചരിച്ചത്. അല്‍ സാറക്ക് പുറമെ പ്രദേശത്തെ അതിപുരാതനമായ മറ്റ് പ്രദേശങ്ങളിലും സംഘം യാത്ര നടത്തി. പങ്കെടുത്തവരില്‍ 16മുതൽ 67 വയസുകാർ വരെ ഉണ്ടായിരുന്നു.   എ.ഡി 500 മുതല്‍ക്കേ ഒമാനില്‍ നിലനിന്നിരുന്ന ഒരു ജലസേചനരീതിയാണ് അഫ്​ലജ് ജലസേചന സമ്പ്രദായം.  ധാഖിലിയ, ഷര്‍ഖ്വിയ, ബത്തിനഹ് എന്നീ പ്രദേശങ്ങളിലാണ് ഈ രീതി പ്രധാനമായും നിലനിന്നിരുന്നത്. എന്നാല്‍ ഉദ്ഖനനങ്ങളിലൂടെ പിന്‍കാലത്ത് ലഭിച്ച തെളിവുകളില്‍ നിന്ന് 2500 ബി.സി മുതല്‍ക്കേ ഈ സമ്പ്രദായം ഒമാനില്‍ നിലനിന്നിരുന്നുവെന്നാണ് ചരിത്ര ഗവേഷകര്‍ കരുതുന്നത്. ചെറു കനാലുകളും ചാലുകളും വഴി ജലം ഗാര്‍ഹിക-കാര്‍ഷിക ഉപയോഗത്തിനായി എത്തിക്കുന്ന ഒരു സവിശേഷ രീതിയാണിത്​. വെള്ളത്തിന്‍െറ പ്രവാഹം വേഗതയിലാക്കാന്‍ ഭൂഗുരുത്വബലമാണ് ഈ ജലസേചനരീതിയില്‍ പ്രയോഗിക്കുന്നത്.   ഏറെ ചരിത്രമുള്ള നിരവധി ഫലജുകള്‍ ഒമാനിലുണ്ട്. ഫലജ് അല്‍ ഖത്മീന്‍, ഫലജ് അല്‍ മാല്‍കി, ഫലജ് ദാരിസ്, ഫലജ് അല്‍ മയാസര്‍, ഫലജ് അല്‍ ജീല എന്നിവയെ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയൻറിഫിക് ആൻറ്​ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്കോ) ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുറൈമിയോട് തൊട്ട് കിടക്കുന്ന അല്‍ഐന്‍ മേഖലകളിലും ഫലജുകളുണ്ട്. ഒമാനുമായി അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ദുബൈയുടെ ഹത്ത മേഖലകളിലും ഫലജുകള്‍ കണ്ട് വരുന്നു. 
Tags:    
News Summary - Adventure travelling of UAE Ladies in Al Sara Falaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.