അബൂദബി: അബൂദബിയിലെ അഞ്ച് വിമാനത്താവളങ്ങളിലായി 2024ല്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോഡ്. കഴിഞ്ഞ വർഷം അബൂദബി വിമാനത്താവളങ്ങളിൽ എത്തിയത് 2.94 കോടി യാത്രികർ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്.
2.88 കോടി യാത്രികർ. മുന്‍വര്‍ഷത്തില്‍ ഇത് 2.24 കോടി ആയിരുന്നു. സായിദ് വിമാനത്താവളത്തിലേക്ക് കൂടുതല്‍ എയര്‍ലൈനുകള്‍ സർവിസ് വ്യാപിപ്പിച്ചതാണ് യാത്രികരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് അബൂദബി എയര്‍പോർട്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 29 റൂട്ടുകളിലേക്ക് കൂടി സര്‍വിസ് തുടങ്ങിയതോടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്രാകേന്ദ്രങ്ങള്‍ 125ലേറെയായി ഉയർന്നിരുന്നു. 2023 നവംബറില്‍ ടെര്‍മിനല്‍ എ വിമാനത്താവളം തുറന്നതിലൂടെ ബ്രിട്ടീഷ് എയര്‍വേസ്, എയര്‍ അസ്താന, ഏജിയന്‍ എയര്‍ലൈന്‍സ്, യു.എസ് ബംഗ്ല എയര്‍ലൈന്‍സ്, ആകാശ എയര്‍, ഹൈനാന്‍ എയര്‍ലൈന്‍സ്, ഫ്ലൈനാസ്, തുര്ക്മെനിസ്താന് എയര്‍ലൈന്‍സ് എന്നീ എട്ട് എയര്‍ലൈനുകള്‍ കൂടി ഇവിടെ നിന്ന് സര്‍വിസ് തുടങ്ങി.
യാത്രികരുടെ റെക്കോഡ് എണ്ണത്തിലും ചരക്ക് നീക്കത്തിലെ ശ്രദ്ധേയമായ വളര്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ത്തീകരണവും അടക്കം നേടിയ 2024 അബൂദബി എയര്പോര്ട്സിനെ സംബന്ധിച്ച് വന്‍ വിജയമായ വര്‍ഷമായിരുന്നുവെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോര്‍ലിനി പറഞ്ഞു. 2023ല്‍നിന്ന് 21 ശതമാനം വര്‍ധനയോടെ 2024ല്‍ 7,78,990 ടണ്‍ ചരക്കുകളാണ് അബൂദബി വിമാനത്താവളങ്ങളിലൂടെ കടന്നുപോയത്. 2023ല്‍ യാത്രക്കാരുടെ എണ്ണം 2.24 കോടി ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.8 ശതമാനം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായത്.
സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ പുറത്തുവിട്ട കണക്കുപ്രകാരം 1.11 കോടി ആളുകള്‍ കഴിഞ്ഞ വര്‍ഷം അബൂദബിയിലെത്തി. ഇവിടന്ന് വിദേശത്തേക്കു പോയത് 1.13 കോടി പേരാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതല്‍ പേര് (32 ലക്ഷം) അബൂദബിയില്‍ എത്തി. അബൂദബിയില്‍നിന്ന് ഏറ്റവും കൂടുതല്‍ പേര് പോയതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കാണ് (35 ലക്ഷം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.