ദുബൈ: രാജ്യത്തെ സ്കൂളുകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും പിന്തുടരേണ്ട 2029 വരെയുള്ള അക്കാദമിക് കലണ്ടർ പുറത്തിറക്കി. സ്വകാര്യ, സർക്കാർ സ്കൂളുകൾ പിന്തുടരേണ്ട അക്കാദമിക് കലണ്ടർ വിദ്യഭ്യാസ മന്ത്രാലയമാണ് പുറത്തുവിട്ടത്. അതേസമയം ഇന്ത്യൻ കരിക്കുലം അടക്കം പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് കലണ്ടർ ബാധകമല്ല.
സ്കൂളുകളുടെ അധ്യായന വർഷാരംഭം, സെമസ്റ്റർ ദിനങ്ങൾ, അവധി ദിനങ്ങൾ എന്നിവ കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്.ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ് ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കലണ്ടർ പുറത്തിറക്കിയത്. യു.എ.ഇ ആസ്ഥാനമായുള്ള എല്ലാ ഫെഡറൽ, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. അതേസമയം അന്താരാഷ്ട്ര ബ്രാഞ്ച് കാമ്പസുകൾക്ക് അവരുടെ അക്കാദമിക് വർഷത്തിന്റെ തുടക്കവും അവസാനവും അവരുടെ ആസ്ഥാന കാമ്പസ് കലണ്ടറുകളുമായി യോജിപ്പിക്കാൻ അനുവാദമുണ്ട്. അടുത്ത മൂന്ന് അധ്യയന വർഷങ്ങളിലെ കലണ്ടറിൽ ശൈത്യകാല അവധി, വേനൽക്കാല അവധി, വേനൽക്കാല സെമസ്റ്ററുകൾ എന്നിവയുടെ തീയതികൾ ഉൾപ്പെടും.
പുതിയ കലണ്ടർ പ്രകാരം 2026ലെ അധ്യയന വർഷം ആഗസ്റ്റ് 31ന് ആരംഭിക്കും. 2026 ഡിസംബർ 21 മുതൽ 2027 ജനുവരി 1 വരെയാണ് ശൈത്യകാല അവധി. 2027 ജനുവരി 4 ന് ക്ലാസുകൾ പുനരാരംഭിക്കും. 2027 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെയാണ് വസന്തകാല അവധി.
അധ്യയന വർഷത്തിൽ 2027 മെയ് 24 മുതൽ ജൂലൈ 2 വരെയുള്ള ഒരു വേനൽക്കാല സെമസ്റ്റർ ഉൾപ്പെടും. 2027 ജൂലൈ 2 ന് അധ്യായന വർഷം അവസാനിക്കും.അക്കാദമിക് കലണ്ടർ നേരത്തെ പ്രഖ്യാപിച്ചത് യാത്രകൾ നേരത്തെ തന്നെ ആസൂത്രണം ചെയ്യാനും മറ്റും ഏറെ സഹായകരമാണ്. പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങൾക്ക് നേരത്തെ തന്നെ കുടുംബ ചടങ്ങുകളും യാത്രകളും ആസൂത്രണം ചെയ്യാൻ ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.