ദുബൈ പൊലീസിന്റെ പട്രോളിങ് നിരയിൽ ഹൈബ്രിഡ് ലംബോർഗിനി ടെമറാരിയോ
ദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോളിങ് നിരയിലേക്ക് 920 എച്ച്.പി കരുത്തുള്ള ഹൈബ്രിഡ് ലംബോർഗിനി ടെമറാരിയോ സൂപ്പർകാറും. ലംബോർഗിനി അബൂദബി ആൻഡ് ദുബൈയുമായി സഹകരിച്ചാണ് ഈ പുത്തൻ സൂപ്പർകാർ സേനയുടെ ഭാഗമാക്കിയത്. മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.7 സെക്കൻഡ് മാത്രം മതിയാകുന്ന വാഹനമാണിത്.
സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം താമസക്കാരും വിനോദസഞ്ചാരികളുമായും കൂടുതൽ അടുത്തബന്ധം സ്ഥാപിക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസ് ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്രി പറഞ്ഞു. നഗരത്തിന്റെ സുരക്ഷിതത്വവും ആധുനിക പ്രതിച്ഛായയും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാൻ ഇത്തരം ആഡംബര പട്രോൾ വാഹനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലുമാകും ഈ സൂപ്പർകാർ പട്രോളിങ്ങിനായി ഉപയോഗിക്കുക. ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും പൊലീസുമായി ആശയവിനിമയം നടത്താനും സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഇത് അവസരമൊരുക്കുമെന്ന് ടൂറിസ്റ്റ് പൊലീസ് ഡിപാർട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ അബ്ദുൽവാഹിദ് വ്യക്തമാക്കി.
4.0 ലിറ്റർ ട്വിൻ-ടർബോ വി8 എഞ്ചിനും മൂന്ന് ഇലക്ട്രിക് മോട്ടോറുകളും ചേരുന്ന ഹൈ പെർഫോമൻസ് ഇലക്ട്രിഫൈഡ് വെഹിക്കിൾ സാങ്കേതികവിദ്യയാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ലംബോർഗിനിയുടെ സാങ്കേതികവിദ്യയും ദുബൈ പൊലീസിന്റെ സേവന പാരമ്പര്യവും കൈകോർക്കുന്ന അധ്യായമാണിതെന്ന് ലംബോർഗിനി ജനറൽ മാനേജർ മാർട്ടിനോ പിക്കോട്ടി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.