സി.എച്ച്. അബു

കടൽ കടന്നെത്തിയവർക്ക് അന്നവും അഭയവുമായ അബുക്ക ഇനി ഓർമ

ദുബൈ: നിറമുള്ള ജീവിതം കിനാവുകണ്ട്​ കടലലകൾ താണ്ടി ഖോർഫുക്കാൻ കടന്നെത്തിയവർക്കെല്ലാം കാരുണ്യത്തിെൻറ തണലൊരുക്കിയ അബുക്ക എന്ന സി.എച്ച്. അബു യാത്രയായി. കണ്ണൂർ തലശ്ശേരിയിലെ ചൊക്ലി സ്വദേശിയായ അബു പതിറ്റാണ്ടുകളോളം മരുഭൂവിൽ ജീവിതം തേടിയെത്തുന്നവരുടെ ആശ്വാസമായിരുന്നു.

ഉണ്ണാനും ഉറങ്ങാനും കഴിയാത്ത വറുതിക്കാലത്ത് ജീവിതത്തിെൻറ മരുപ്പച്ച തേടിയെത്തിയവരെയെല്ലാം ചേർത്തുപിടിച്ച ഇദ്ദേഹത്തിെൻറ കാരുണ്യത്തിൽ ജീവിതവിജയം നേടിയവർ നിരവധിയായിരുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമി കണ്ടു പകച്ചുപോയവർക്ക് സ്വന്തം കടയിലിടമൊരുക്കാൻ കുടിയേറ്റ കാലത്തെ കാരണവർക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ട കാര്യം പോലുമില്ലായിരുന്നു. ലോഞ്ച് വഴിയും മറ്റു മാർഗങ്ങളിൽ കൂടിയും ദിനംപ്രതി എത്തുമായിരുന്ന ആയിരങ്ങളാണ് കരുണ കൈമുതലാക്കി പ്രവാസമണ്ണിൽ നിലയുറപ്പിച്ച അബുവിെൻറ ആതിഥേയത്വത്തിൽ കഴിഞ്ഞുകൂടിയത്.

തന്നെ തേടിയെത്തുന്നവർക്കെല്ലാം ഭക്ഷണവും ജോലിയാകുന്നതുവരെയുള്ള സമയം തലചായ്ക്കാനുള്ള ഇടവും നൽകുന്ന അബുക്കയുടെ വകതന്നെയായിരുന്നു ജോലി തേടിയെത്തിയവർക്കുള്ള ചെലവിനുള്ള പണവും. അഭയമില്ലാത്ത പ്രവാസികളുടെ കാര്യം വന്നാൽ കച്ചവടത്തിൽ പോലും ശ്രദ്ധ പതിപ്പിക്കാതെ അവരെ പരിചരിക്കാനായിരുന്നു എന്നും അബുക്കക്ക് ഇഷ്​ടം. ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഒരേ സമയം പത്തും പതിനഞ്ചും പേർ തിങ്ങിക്കൂടി കഴിഞ്ഞിരുന്നത് അബുക്കയുടെ കടയുടെ ഓരം ചേർന്നുതന്നെ.

പല ജോലികൾ തേടി പലരും യാത്രയാകുമ്പോഴും അടുത്ത ലോഞ്ചിലെത്തുന്നവർക്കായി തുറന്നിട്ടതായിരുന്നു അബുക്കയുടെ കടയും ഇരുട്ടുനിറഞ്ഞ ഒറ്റമുറിയും. പിന്നീട് മികച്ച ജോലി കിട്ടിയ പലരും ഇദ്ദേഹത്തെ തേടിയെത്തുമ്പോഴും പുഞ്ചിരിയല്ലാതെ മറ്റൊന്നും തിരികെ വേണ്ടെന്ന് വാശിപിടിക്കുന്ന അബുക്ക എല്ലാവരുടെ സ്വന്തമായിരുന്നു.

വർഷങ്ങൾക്കിപ്പുറം പ്രവാസം മതിയാക്കി നാട്ടിലെത്തി വിശ്രമജീവിതം തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ദിവസങ്ങൾ കഴിഞ്ഞ് മരണവിവരം അറിഞ്ഞ പലരും ഇപ്പോഴും അബുക്കയുടെ ബന്ധുക്കളുടെ ഫോണുകളിൽ വിളിച്ചുകൊണ്ടിരിക്കുകയാണ്. വിളിക്കുന്നവർ ആരെന്നോ എന്തെന്നോ ആർക്കുമറിയില്ല, കാരണം ആരാണെന്നും എന്താണെന്നും നോക്കാതെതന്നെയാണ് കടൽകടന്നു വന്നവർക്കെല്ലാം അബുക്ക അന്ന് കരവലയം നീട്ടിയതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.