അബൂദബിയില്‍ അമുസ്ലിംകള്‍ക്ക്  പ്രത്യേക കോടതി സ്ഥാപിക്കുന്നു

അബൂദബി: അബൂദബി എമിറേറ്റില്‍ അമുസ്ലിംകള്‍ക്കായി വ്യക്തിനിയമ-പിന്തുടര്‍ച്ചാവകാശ കോടതി സ്ഥാപിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും നീതിന്യായ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സേവനം ഉറപ്പാക്കുകയും നീതിന്യായ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന അബൂദബി നീതിന്യായ വകുപ്പിന്‍െറ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാണ് അമുസ്ലിംകള്‍ക്ക് പ്രത്യേക കോടതി സ്ഥാപിക്കുന്നത്.
നീതിന്യായ മേഖലയില്‍ സഹിഷ്ണുതയുടെ സംസ്കാരം വ്യാപിപ്പിക്കുന്നതിന് സാമൂഹിക-വിദ്യാഭ്യാസ-സ്ഥാപന തലത്തില്‍ സമഗ്രമായ നടപടികള്‍ ആവശ്യമാണെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചാന്‍സലര്‍ യൂസുഫ് സഈദ് ആല്‍ ഇബ്റി അഭിപ്രായപ്പെട്ടു. പ്രാമാണികമായ സാമൂഹിക നിയമങ്ങള്‍ക്ക് അനുരൂപകമായി മറ്റുള്ളവരുടെ മൂല്യങ്ങള്‍ അംഗീകരിക്കുകയും സഹിഷ്ണുതാ സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് യു.എ.ഇയുടെ നിയമനിര്‍മാണ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള പിന്തുടര്‍ച്ചാവകാശ നിയമത്തില്‍നിന്ന് മുസ്ലിംകളല്ലാത്തവരെ ഒഴിവാക്കികൊണ്ട് കഴിഞ്ഞ വര്‍ഷം ദുബൈ എമിറേറ്റിലും നിയമം അവതരിപ്പിച്ചിരുന്നു. അമുസ്ലിംകളായവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഏതെങ്കിലും നിയമം അനുസരിച്ചുള്ള പിന്തുടര്‍ച്ചാവകാശത്തിന് ഈ നിയമം അനുമതി നല്‍കുന്നു.
യു.എ.ഇയുടെ സഹിഷ്ണുതക്ക് മറ്റൊരു ഉദാഹരണമാണ് തലസ്ഥാനമായ അബൂദബിയില്‍ അമുസ്ലിംകള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കാനുള്ള തീരുമാനം. 2016 നവംബറില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് പുറത്തിറക്കിയ സഹിഷ്ണുത സൂചിക ഇയര്‍ ബുക്കില്‍ മിന മേഖലയില്‍ യു.എ.ഇ ഒന്നാമതും ആഗോളതലത്തില്‍ മൂന്നാമതും ആയിരുന്നു. 2016 ഒക്ടോബറില്‍ യു.എ.ഇ സഹിഷ്ണുതക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അവാര്‍ഡും ഏര്‍പ്പെടുത്തി. 
സഹിഷ്ണുത പ്രോത്സാഹിപ്പിക്കാനും സഹിഷ്ണുതാ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബൗദ്ധിക-സാംസ്കാരിക-മാധ്യമ ഉദ്യമങ്ങളെ പിന്തുണക്കാനുമാണ് ആഗോളാടിസ്ഥാനത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 

News Summary - abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.