അബൂദബി: റോഡപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് കൃത്യമായ മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ അവതരിപ്പിച്ച് അബൂദബി.
2040 ഓടെ റോഡപകട മരണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. റോഡുകളിൽ ഗതാഗത നീക്കങ്ങളെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും തൽസമയം ശരിയായ തീരുമാനമെടുക്കാൻ കഴിയുന്ന സ്മാര്‍ട്ട് ഗതാഗത സുരക്ഷാ മാനേജ്മെന്റ് സംവിധാനമാണിത്. അപകടങ്ങള്‍ സംഭവിച്ച ശേഷം അവ കൈകാര്യം ചെയ്യുന്ന പരമ്പരാഗത രീതികളില്‍ നിന്ന് മാറി, കൃത്രിമബുദ്ധി, ബിഗ് ഡേറ്റ എന്നിവയെ ആശ്രയിച്ച്, അപകടകരമായ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുകയും സാധ്യതയുള്ള അപകട സ്ഥലങ്ങള്‍ പ്രവചിക്കാനും കഴിയുന്നതാണ് പുതിയ സംവിധാനമെന്ന് സംയോജിത ഗതാഗത കേന്ദ്രത്തിലെ ഗതാഗത സുരക്ഷാ വിഭാഗം മേധാവി സുമയ്യ അല്‍ നിയാദി പറഞ്ഞു.
നിരീക്ഷണ കാമറകള്‍ വഴി ഡ്രൈവർമാരുടെ പെരുമാറ്റങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍ വിഷന്‍, ലാംഗ്വേജ് മോഡലുകള്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്ന ഹീറ്റ് മാപ്പുകള്‍, ആസന്നമായ അപകടങ്ങള്‍ കണ്ടെത്താനും അവയുടെ തീവ്രത വിലയിരുത്താനും കഴിവുള്ള നിര്‍മിത ബുദ്ധി എന്നിവയുള്‍പ്പെടെ വിപുലമായ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം നിര്‍മിച്ചിരിക്കുന്നത്. തിരിച്ചറിഞ്ഞ ഹോട്ട്സ്പോട്ടുകളിലേക്ക് പൊലീസ് സേനയെയും എന്‍ജിനീയറിങ് ടീമുകളെയും കൃത്യതയോടെ വിന്യസിക്കാനും ഫലപ്രാപ്തി വിലയിരുത്താനും ആവര്‍ത്തിച്ചുള്ള അപകട രീതികളും അവയുടെ മൂലകാരണങ്ങളും തല്‍ക്ഷണം തിരിച്ചറിയാനും ഈ നൂതന സാങ്കേതികവിദ്യ ഫീല്‍ഡ് ടീമുകളെ പ്രാപ്തരാക്കും. ട്രാഫിക് മോണിറ്ററിങ്, സിഗ്നല്‍ നിയന്ത്രണ സംവിധാനങ്ങള്‍, അപകട മാനേജ്മെന്റ് പ്ലാറ്റ്ഫോമുകള്, അപകടങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ ഡാറ്റ എന്നിവയുള്‍പ്പെടെ എമിറേറ്റിലുടനീളമുള്ള മറ്റ് സംവിധാനങ്ങളുമായി ഈ സംവിധാനം പൂര്‍ണമായും സംയോജിപ്പിച്ചിട്ടുണ്ടെന്ന് അല്‍ നിയാദി വ്യക്തമാക്കി.
ഈ സംയോജനം ഗതാഗതം മെച്ചപ്പെടുത്തുന്നതിനും അപകടങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നായ തിരക്ക് കുറക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം പ്രസക്തമായ സ്ഥാപനങ്ങളിലുടനീളം ഡേറ്റ ബന്ധിപ്പിച്ച് ഏകീകൃതവും സമഗ്രവുമായ അടിയന്തര പ്രതികരണം സാധ്യമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.