അടിച്ചുതകർക്കാൻ അബൂദബി ടി10 ക്രിക്കറ്റ്; ആഗോള നിക്ഷേപം ലക്ഷ്യമിട്ട് പുതിയ നേതൃത്വത്തിന് കീഴിൽ സജീവ ശ്രമങ്ങൾ

അബൂദബി: ക്രിക്കറ്റിൽ യു.എ.ഇക്ക് മാത്രം അവകാശപ്പെടാനാകുന്ന സവിശേഷമായ ഫോർമാറ്റാണ് ടി10. പത്തോവർ വീതമുള്ള കുട്ടിക്രിക്കറ്റിന്‍റെ ഈ ആവേശപ്പോരാട്ടങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, പുതിയ നേതൃത്വത്തിന് കീഴിൽ ആഗോള നിക്ഷേപം ലക്ഷ്യമിടുകയാണ് അബൂദബിയുടെ സ്വന്തം ടി10 ക്രിക്കറ്റ് ചാമ്പ്യൻഷിപ്. ഫ്രാഞ്ചൈസി ഉടമസ്ഥതയ്ക്കായി പുതിയ ബിഡുകൾ ക്ഷണിച്ച്, ടൂർണമെന്‍റിന്‍റെ പൂർണ നിയന്ത്രണം അബൂദബി ക്രിക്കറ്റ് ആൻഡ് സ്പോർട്സ് ഹബ് (എ.ഡി.സി.എസ്.എച്ച്) ഏറ്റെടുത്തു. ടീമുകളുടെയും കളിക്കാരുടെയും പങ്കാളിത്തം നേരത്തെ ഉറപ്പാക്കുകയാണ് ലക്ഷ്യം.

സായിദ് ക്രിക്കറ്റ് സ്റ്റേഡിയം ആസ്ഥാനമായുള്ള എ.ഡി.സി.എസ്.എച്ച്, ടൂർണമെന്‍റിൽ മികച്ച ഘടനയും തുടർച്ചയും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അബൂദബി ടി10 ചാമ്പ്യൻഷിപ്പിന്‍റെ പൂർണ ഉടമസ്ഥത ഏറ്റെടുത്തിരിക്കുന്നത്. മുൻകാലങ്ങളിൽ ടീം ഉടമസ്ഥതയിലുണ്ടായ അടിക്കടിയുള്ള മാറ്റങ്ങളും കളിക്കാരുമായി കരാറിലെത്തുന്നതിലെ കാലതാമസവും ടൂർണമെന്‍റിന്‍റെ ആവേശത്തെ ബാധിച്ചിരുന്നു.

കൃത്യമായ ഒരു ഘടനയും മുൻകൂട്ടിയുള്ള ആസൂത്രണവും വഴി ടീമുകളുടെയും കളിക്കാരുടെയും പങ്കാളിത്തം നേരത്തെ തന്നെ ഉറപ്പാക്കാൻ സാധിക്കും. ഇത് ടൂർണമെന്‍റിന്‍റെ മൂല്യം വർധിപ്പിക്കുമെന്ന് അബൂദബി ടി10ന്‍റെ പുതിയ സി.ഇ.ഒയും എ.ഡി.സി.എസ്.എച്ച് ചീഫ് എക്സിക്യൂട്ടീവുമായ മാറ്റ് ബൗച്ചർ വിശ്വസിക്കുന്നു. ‘മികച്ച ചില ഉടമകളെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അവരുമായി ചർച്ചകൾ നടക്കുന്നു. ജൂൺ അവസാനത്തോടെ ആഗോള വിപണിയിലേക്ക് ബിഡുകൾ ക്ഷണിക്കും.

അബൂദബി സ്പോർട്സ് കൗൺസിൽ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് എന്നിവയുടെ പിന്തുണയോടെയാണ് എ.ഡി.സി.എസ്.എച്ച് ടൂർണമെന്‍റിന്‍റെ സംഘാടനവും നടത്തിപ്പും ഏറ്റെടുക്കുന്നത്. മുമ്പ് വെറും ആതിഥ്യം മാത്രമുള്ള കരാറായിരുന്നു. ഇപ്പോൾ, ചാമ്പ്യൻഷിപ്പിന്‍റെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അധികാരം തങ്ങൾക്കാണെന്നും ബൗച്ചർ വ്യക്തമാക്കി.

നിലവിൽ അബുദാബി ടി10ന് ശക്തമായ പ്രേക്ഷക അടിത്തറയുണ്ട്. 13 ദിവസങ്ങളിലായി എല്ലാ ദിവസവും വൈകുന്നേരം രണ്ട് മണി മുതൽ മൂന്ന് വരെ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇതിന്‍റെ ക്രമീകരണം. ഈ വർഷം നവംബർ ഏഴുമുതൽ 20 വരെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അബൂദബി ടി10 മത്സരങ്ങൾ നടക്കുന്നത്. ലോക ക്രിക്കറ്റിലെ ശ്രദ്ധേയ താരങ്ങളാണ് അബൂദബി ടി10 ക്രിക്കറ്റിന്‍റെ ക്രീസിലിറങ്ങുന്നത്. കൂടുതൽ സൂപ്പർ താരങ്ങളെ അണിനിരത്താനാണ് പുതിയ ഉടമകളുടെ ഉന്നം. ഇത് ഉൾപ്പെടെ വരും വർഷങ്ങളിൽ വലിയ വികസന പദ്ധതികളാണ് ടൂർണമെന്‍റിനുള്ളത്. 2029ഓടെ ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയർത്താനും പദ്ധതിയുണ്ട്.

Tags:    
News Summary - Abu Dhabi T10 Cricket all set to rock; active efforts underway under new leadership aiming for global investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.