അബൂദബി: എമിറേറ്റിൽ എണ്ണയിതര വിദേശവ്യാപാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ 34.7 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ആറുമാസത്തിനിടെ 194.4 ശതകോടി ദിര്‍ഹമിന്റെ ഇടപാടാണുണ്ടായത്. ഇക്കാലയളവില്‍ കയറ്റുമതി 64 ശതമാനം വര്‍ധിച്ച് 78.5 ശതകോടി ദിര്‍ഹമിലെത്തി. ഇറക്കുമതിയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ച് 80 ശതകോടി ദിര്‍ഹമിന്റെ ഇടപാടാണ് നടന്നത്. പുനര്‍ കയറ്റുമതി രംഗത്ത് 35 ശതമാനം വളര്‍ച്ച നേടി 36 ശതകോടി ദിര്‍ഹമിന്റെ ഇടപാടുണ്ടായെന്നും അബൂദബി കസ്റ്റംസ് രേഖകള്‍ ഉദ്ധരിച്ച് അബൂദബി മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്തു.
അബൂദബിയുടെ സാമ്പത്തിക നയങ്ങളുടെ വിജയമാണ് എണ്ണയിതര വിദേശ വ്യാപാരരംഗത്തെ വളര്‍ച്ച തെളിയിക്കുന്നതെന്ന് അബൂദബി കസ്റ്റംസിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ജനറല്‍ റാശിദ് അൽ മന്‍സൂരി പറഞ്ഞു. നൂതന സംവിധാനങ്ങള്‍, നൂതനാശയങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ മുതലായവ പ്രയോജനപ്പെടുത്തിയാണ് ഈ രംഗത്ത് വളര്‍ച്ച നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി2025ന്റെ ആദ്യ പാദത്തില്‍ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) 291 ശതകോടി ദിര്‍ഹമായതായി അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.4 ശതമാനത്തിന്റെ വര്‍ധനയാണ് ഈവര്‍ഷം രേഖപ്പെടുത്തിയത്.
എണ്ണയിതര വരുമാനരംഗത്ത് കൈവരിച്ച വളര്‍ച്ചയാണ് ജി.ഡി.പി വര്‍ധനക്ക് കാരണം. 6.1 ശതമാനം വളര്‍ച്ചയാണ് എണ്ണയിതര വരുമാനത്തിലുണ്ടായത്. ജി.ഡി.പിയുടെ 56.2 ശതമാനവും എണ്ണയിതര മേഖലയില്‍ നിന്ന് ലഭിക്കുന്നത് ഇതാദ്യമായാണ്. എണ്ണവരുമാനത്തിലൂടെ 127.4 ശതകോടി (43.8 ശതമാനം) ദിര്‍ഹമാണ് ജി.ഡി.പിക്ക് ലഭിച്ചത്. സാമ്പത്തികാടിത്തറയുടെ വൈവിധ്യത്തിനായി അബൂദബി തുടരുന്ന ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ജി.ഡി.പിയില്‍ എണ്ണയിതര രംഗത്തുനിന്നുണ്ടായ വരുമാന വര്‍ധനയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഉല്പാദനം, നിര്‍മാണം, സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, വ്യാപാരം തുടങ്ങിയ രംഗത്തുനിന്നാണ് എമിറേറ്റ് മികച്ച വരുമാനം നേടിക്കൊണ്ടിരിക്കുന്നത്. 2025ലെ ആദ്യ പാദത്തില്‍ 28.5 ശതകോടി ദിര്‍ഹമാണ് ഉല്പാദന രംഗത്തെ ജി.ഡി.പി സംഭാവന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കൈവരിച്ച ഉല്പാദനരംഗം മൊത്തം ജി.ഡി.പിയുടെ 9.3 ശതമാനമാണ് ഈ വര്‍ഷം സംഭാവന ചെയ്തിരിക്കുന്നത്.നിര്‍മാണരംഗം 10.2 ശതമാനം വളര്‍ച്ച കൈവരിച്ചു. 27.5 ശതകോടി ദിര്‍ഹമാണ് നിര്‍മാണ രംഗത്തിന്റ സംഭാവന. ധന, ഇന്‍ഷുറന്‍സ് രംഗം 9.1 ശതമാനം വളര്‍ച്ച കൈവരിക്കുകയും 19.6 ശതകോടി ദിര്‍ഹമിന്റെ സംഭാവന നല്‍കുകയും ചെയ്തു. മൊത്ത, ചില്ലറ വ്യാപാരമേഖല 3.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 16 ശതകോടി ദിര്‍ഹമാണ് ഈ രംഗത്തുനിന്ന് സംഭാവന ചെയ്തത്. അതായത് മൊത്തം ജി.ഡി.പിയുടെ 5.5 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.