കുട്ടികളുടെ വാക്സിനേഷന് നിര്‍ദേശങ്ങള്‍ പിന്തുടരണം; അബൂദബി ശിശുക്ഷേമ സമിതി
അബൂദബി: കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും മാരക രോഗങ്ങളില്‍നിന്ന് പ്രതിരോധമൊരുക്കാനും നിര്‍ദിഷ്ട വാക്സിനേഷന് പട്ടിക കൃത്യമായി പിന്തുടരണമെന്ന് അബൂദബി ശിശുക്ഷേമ സമിതി വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് മുമ്പായി കുട്ടികളെ മാനസികമായി സജ്ജരാക്കേണ്ടതും കുത്തിവെപ്പ് സമയത്തും ശേഷവും അവര്‍ക്ക് പിന്തുണ നല്‍കേണ്ടതും കുട്ടികളുടെ ഭയവും ആശങ്കയും അകറ്റാന്‍ അത്യാവശ്യമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ഭയമകറ്റാന്‍ ഏഴ് നിര്‍ദേശങ്ങള്‍
- കുട്ടികളുടെ ആശങ്കകള്‍ ശ്രദ്ധയോടെ കേള്‍ക്കുക.
- കുത്തിവെപ്പ് വേളയില്‍ അവര്‍ തനിച്ചായിരിക്കില്ലെന്ന് ഉറപ്പുനല്‍കുക.
- വാക്സിന് കൊണ്ടുള്ള പ്രയോജനങ്ങള്‍ ലളിതമായി വിശദീകരിക്കുക.
- കുട്ടികളുടെ വികാരങ്ങളെ തള്ളിക്കളയാതെ അംഗീകരിക്കുക.
- വാക്സിനേഷന് സമയത്ത് എന്ത് സംഭവിക്കുമെന്ന് സത്യസന്ധമായും വ്യക്തമായും പറയുക.
- കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ കഥകളും പുസ്തകങ്ങളും ഉപയോഗിക്കുക.
- കുടുംബാംഗങ്ങളെയും ഈ പിന്തുണ നല്കുന്നതില് പങ്കാളികളാക്കുക.
മുഴുവന്‍ ഡോസും അനിവാര്യം
കുട്ടികള്‍ക്ക് പൂര്‍ണ പ്രതിരോധ ശേഷി ലഭിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട എല്ലാ ഡോസുകളും എടുക്കണമെന്ന് അതോറിറ്റിയുടെ 'പാരന്റല്‍ ഗൈഡ് ടു ചൈല്‍ഡ്ഹുഡ് ഇമ്യൂണൈസേഷന്' വ്യക്തമാക്കുന്നു. ചില വാക്സിനുകള്‍ക്ക് ഒന്നിലധികം ഡോസുകള്‍ ആവശ്യമാണ്. സമയക്രമേണ കുറഞ്ഞുപോകുന്ന പ്രതിരോധശേഷി വീണ്ടെടുക്കാനും ആദ്യ ഡോസില്‍ ആവശ്യത്തിന് പ്രതിരോധശേഷി ലഭിക്കാത്ത സാഹചര്യങ്ങളിലാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്. ഇന്‍ഫ്ളുവന്‍സ വൈറസ് പോലുള്ള രോഗകാരികളുടെ വകഭേദങ്ങള്‍ക്കെതിരെയും ഇത് സംരക്ഷണം നല്കുന്നു.
രോഗപ്രതിരോധവും സുരക്ഷിതത്വവും
അഞ്ചാംപനി, പോളിയോ, മെനിഞ്ചൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങളെ തടയുന്നതില്‍ വാക്സിനേഷന് പ്രധാന പങ്കുവഹിക്കുന്നു. ജനസംഖ്യയിലെ ഉയര്‍ന്ന വാക്സിനേഷന് നിരക്ക് സമൂഹത്തില്‍ രോഗവ്യാപനം കുറയ്ക്കുകയും വാക്സിന് എടുക്കാന്‍ സാധിക്കാത്തവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും സുരക്ഷയൊരുക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര തത്വങ്ങള്‍ പാലിച്ചുള്ള കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്സിനുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പാക്കുന്നത്.
കുടുംബത്തിന്റെ പങ്ക്
വാക്സിനേഷന് മുന്‍പ് കുട്ടികളോട് ഭയം കൂട്ടുന്ന വാക്കുകള്‍ ഒഴിവാക്കി ലളിതമായ ഭാഷയില്‍ സംസാരിക്കണം. വീട്ടില്‍ വെച്ച് ആഴത്തിലുള്ള ശ്വാസോച്ഛ്വാസവും കൈകള്‍ അയച്ചിടുന്ന രീതികളും പരിശീലിക്കാം. കുടുംബത്തിലെ മുതിര്‍ന്ന സഹോദരങ്ങള്‍ക്കും കുട്ടികളുടെ ഭയമകറ്റാന്‍ വലിയ പങ്കുണ്ട്. വാക്സിന് ശേഷം കുട്ടിയുടെ സഹകരണത്തെ പ്രശംസിക്കണം. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. വാക്സിനേഷന് ശേഷം എന്തെങ്കിലും ലക്ഷണങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.
വാക്സിനും ഓട്ടിസവും: പ്രചാരണം തള്ളി
എം.എം.ആര്. (മീസ്്ലെസ്, മംപ്സ്, റുബെല്ല) വാക്സിന് ഓട്ടിസത്തിന് കാരണമാകുമെന്ന പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് ശിശുക്ഷേമ വിഭാഗം വ്യക്തമാക്കി. നിരവധി പഠനങ്ങള്‍ ഈ വാദം തള്ളിക്കളഞ്ഞതാണ്. സാധാരണയായി 18 മുതല്‍ 30 മാസം വരെയുള്ള പ്രായത്തിലാണ് കുട്ടികളില്‍ ഓട്ടിസം ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഈ സമയത്താണ് എം.എം.ആര്. വാക്സിനും നല്‍കുന്നത് എന്നതിനാലാണ് ഇത്തരമൊരു തെറ്റിദ്ധാരണ പരക്കാന്‍ ഇടയായത്. വ്യാജ പ്രചാരണങ്ങളില്‍ വീഴാതെ ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും യു.എ.ഇയിലുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും വാക്സിനുകള്‍ ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.