അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ; അബൂദബിയിൽ നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ
അബൂദബി: റോഡ് മുറിച്ചുകടക്കുമ്പോള്‍ കാല്‍നടയാത്രക്കാരും ഇ-സ്കൂട്ടര്‍ യാത്രക്കാരും കാട്ടുന്ന അശ്രദ്ധ വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായി മുന്നറിയിപ്പ്. മൊബൈല്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റോഡ് മുറിച്ചുകടക്കുക, അനുവദനീയമായ ഇടങ്ങളിലൂടെ അല്ലാതെ യാത്ര ചെയ്യുക, വളരെ പതുക്കെ നടക്കുക, അതിവേഗത്തില്‍ ഇ-സ്കൂട്ടറുകള് പെഡസ്ട്രിയന്‍ ക്രോസിംഗിലൂടെ ഓടിച്ചുപോകുക തുടങ്ങിയ അശ്രദ്ധമായ പെരുമാറ്റങ്ങള്‍ ഗുരുതരമായ വാഹനാപകടങ്ങള്‍ക്കും മറ്റ് സുരക്ഷാഭീഷണികള്‍ക്കും കാരണമാകുന്നുവെന്ന് അബൂദബി പൊലീസും ഡ്രൈവര്‍മാരും വ്യക്തമാക്കുന്നു. ഇതില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാല്‍നടയാത്രക്കാരുടെയും സ്കൂട്ടര്‍ യാത്രികരുടെയും ഭാഗത്തുനിന്ന് അപകടകരമായ രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നതായി ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പെട്ടെന്ന് വാഹനം നിര്ത്തേണ്ടിവരുന്നതിനും തുടര്‍ന്നുണ്ടാകുന്ന വാഹന കൂട്ടിയിടികള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
റോഡിലൂടെ നടക്കുമ്പോള്‍ ഫോണ്‍ സ്ക്രീനിലേക്ക് നോക്കുന്നതും ഹെഡ്ഫോണ് ധരിച്ച് വാഹനങ്ങളുടെ ശബ്ദം ശ്രദ്ധിക്കാതെ പോകുന്നതും വന്‍ അപകടസാധ്യത ഉയര്‍ത്തുന്നു.
ഇ-സ്കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങളും ഡ്രൈവര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെയും വേഗത കുറക്കാതെയും ഇ-സ്കൂട്ടറുകള് സീബ്രാ ക്രോസിങ്ങിലൂടെ അമിതവേഗതയില്‍ പായുന്നത് ഡ്രൈവര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. പെഡസ്ട്രിയന്‍ ക്രോസിങ്ങുകള്‍ മുറിച്ചുകടക്കുമ്പോള്‍ ഇ-സ്കൂട്ടറില്‍ നിന്ന് ഇറങ്ങി കൈയില്‍ പിടിച്ച് നടന്നു പോകണമെന്നാണ് സുരക്ഷാ നിയമമെങ്കിലും ഭൂരിഭാഗം ആളുകളും ഇത് പാലിക്കാറില്ല.
കാല്‍നടയാത്രക്കാര്‍ നിശ്ചിത ഇടങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ അബൂദബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
നടപ്പാതകളിൽ സൈക്കിൾ ഓടിച്ചാൽ 500 ദിർഹം പിഴ
അബൂദബി: കാൽനടയാത്രക്കാർക്കായി നീക്കിവെച്ച വഴികളിലൂടെയോ മറ്റ് അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെയോ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി സൈക്കിൾ പാതകളും കാൽനടപ്പാതകളും വേർതിരിച്ചുതന്നെ ഉപയോഗിക്കണമെന്ന് നഗര - ഗതാഗത വകുപ്പ് (ഡി.എം.ടി) അഭ്യർഥിച്ചു. കാൽനടയാത്രക്കാർക്കായി നീക്കിവെച്ച സൗകര്യങ്ങളും വഴികളും ഒഴിവാക്കി, നിശ്ചിത ട്രാക്കുകളിലൂടെ മാത്രം സൈക്കിളുകളും മറ്റ് വ്യക്തിഗത യാത്രാ ഉപാധികളും ഓടിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.