‘വൈല്‍ഡ് ലൈഫ് റെസ്പോണ്‍സ് നെറ്റ് വര്‍ക്ക്’ പദ്ധതിയുമായി അബൂദബി പരിസ്ഥിതി ഏജന്‍സി
അബൂദബി: ആപത്തില്‍പ്പെടുന്ന വന്യജീവികള്‍ക്ക് അടിയന്തര പരിചരണവും സംരക്ഷണവും അതിവേഗം ലഭ്യമാക്കാന്‍ 'അബൂദബി വൈല്‍ഡ് ലൈഫ് റെസ്പോണ്‍സ് നെറ്റ്വര്‍ക്ക്' പദ്ധതിക്ക് തുടക്കമിട്ട് അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി). അടിയന്തര ഇടപെടല്‍, ഏകോപനം, വന്യജീവി പരിചരണം എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഏജന്‍സി പദ്ധതി ആരംഭിച്ചത്.
വന്യജീവികളെ ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ട് ചെയ്യുക, സമയബന്ധിതമായി ഇടപെടുക, കൃത്യമായ പുനരധിവാസം ഉറപ്പാക്കുക, തിരികെ സ്വാഭാവിക വാസസ്ഥലങ്ങളിലേക്ക് ഘട്ടങ്ങളായി തുറന്നുവിടുക എന്നിവ ഉള്‍പ്പെടുന്ന ഏകോപിത സംവിധാനമാണ് നെറ്റ്വര്ക്കിന് കീഴില്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര സംഘടനകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സ്വകാര്യ പങ്കാളികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഒരു കുടക്കീഴില് അണിനിരത്തിയാണ് ഇ.എ.ഡി. ഇതിന് രൂപം നല്‍കിയിരിക്കുന്നത്.
സാദിയാത്ത് ദ്വീപില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് വന്യജീവി രക്ഷാപ്രവര്‍ത്തനങ്ങളുടെയും പുനരധിവാസത്തിന്റെയും ഭാഗമായ പദ്ധതി പ്രഖ്യാപിച്ചത്. ചടങ്ങില്‍ വന്യജീവി സംരക്ഷണത്തില്‍ സംഭാവന നല്കിയ വ്യക്തികളെയും പങ്കാളിത്ത സ്ഥാപനങ്ങളെയും ആദരിച്ചു. സുഖം പ്രാപിച്ച കടലാമകളെ സാദിയാത്ത് തീരത്ത് നിന്ന് സ്വാഭാവിക കടല്‍ മാര്‍ഗത്തിലേക്ക് തുറന്നുവിട്ടുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്. 2016 മുതല്‍ വന്യജീവി രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും ഇ.എ.ഡി. കൈവരിച്ച വിപുലമായ അനുഭവസമ്പത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ കടലാമകളെ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ പിന്നീട് കടല്‍പ്പാമ്പുകള്‍, ഡുഗോങ്ങുകള്‍ (കടല്‍പശുക്കള്‍), ഡോള്‍ഫിനുകള്‍, വിവിധതരം പക്ഷികള്‍ എന്നിവയുടെ സംരക്ഷണത്തിലേക്ക് ഇ.എ.ഡിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു.
വന്യജീവി സംരക്ഷണത്തിന് വേഗത്തിലുള്ള ഇടപെടല്‍, ആഴത്തിലുള്ള അറിവ്, അടുത്ത സഹകരണം എന്നിവ അത്യന്താപേക്ഷിതമാണെന്ന ഉറച്ച വിശ്വാസമാണ് പുതിയ നെറ്റ്വര്ക്കിന് പിന്നിലെന്ന് ഇ.എ.ഡി. ടെറസ്ട്രിയല്‍ ആന്റ് മറൈന്‍ ബയോഡൈവേഴ്സിറ്റി ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈത മുഹമ്മദ് അല്‍ ഹമേലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.