5,732 രക്ഷാപ്രവർത്തനങ്ങൾ നടത്തി ദുബൈ പൊലീസ്; ശരാശരി പ്രതികരണ സമയം 5.6 മിനിറ്റ്
ദുബൈ: ദുബൈ പൊലീസിന്റെ ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂവിന് കീഴിലുള്ള സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം 2025-ൽ ആകെ 5,732 അടിയന്തര രക്ഷാപ്രവർത്തന ദൗത്യങ്ങൾ പൂർത്തിയാക്കി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന 6.7 മിനിറ്റ് എന്ന ലക്ഷ്യത്തെക്കാൾ വേഗത്തിൽ, ശരാശരി 5.6 മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്താൻ സംഘത്തിന് സാധിച്ചു.
വാഹന അപകടങ്ങളിൽ പെട്ടവരെ പുറത്തെടുക്കൽ, കെട്ടിടങ്ങളിൽ നിന്നും ലിഫ്റ്റുകളിൽ നിന്നും ആളുകളെ രക്ഷിക്കൽ, കുട്ടികളെയും മുതിർന്നവരെയും അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതരാക്കൽ തുടങ്ങി സങ്കീർണമായ നിരവധി ദൗത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി നടത്തിയ വാർഷിക പരിശോധനാ സന്ദർശനത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും അപകട സാധ്യത കൂടിയ മേഖലകൾ കണ്ടെത്തി സേനയെ വിന്യസിക്കുന്നതിനും കൃത്യമായ വിവര വിശകലനം സഹായകരമാകുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ഡിപാർട്മെന്റിലെ ജീവനക്കാരുടെ സന്തോഷ സൂചിക 99.84 ശതമാനമായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രക്ഷാപ്രവർത്തനങ്ങളുടെ വേഗതയും കൃത്യതയും വർധിപ്പിക്കുന്നതിനായി എ.ഐ, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കമാൻഡർ ഇൻ ചീഫ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.