അബൂദബിയിൽ ലിവ ഫെസ്റ്റിവല്‍ ഡിസംബര്‍ 11 മുതല്‍
അബൂദബി: രാജ്യത്തെ ഏറ്റവും പ്രശസ്തമായ സാഹസിക വിനോദ ഉത്സവങ്ങളിലൊന്നായ ലിവ ഫെസ്റ്റിവല്‍ ഈ വര്‍ഷം ഡിസംബര്‍ 11 മുതല്‍ 2027 ജനുവരി രണ്ടുവരെ അബൂദബി അല്‍ ദഫ്റ മേഖലയിലുള്ള ലിവ മരുഭൂമിയിലെ തല്‍ മുരീബിന് സമീപം നടക്കും. യു.എ.ഇയിലെ ഏറ്റവും വലിയ മണല്‍ക്കുന്നായ, മുന്നൂറിലധികം മീറ്റര്‍ ഉയരമുള്ള തല്‍ മുരീബിന് ചുറ്റുമാണ് ശീതകാലത്തിന്‍റെ വരവറിയിച്ച് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് ഇവന്‍റ് കലണ്ടര്‍ പരിശോധിക്കാനും പുതിയ വിവരങ്ങള്‍ തത്സമയം അറിയാനും ക്യാംപിങ്, ആര്‍.വി. പാര്‍ക്കിങ് സ്‌പോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനും വാണിജ്യ പങ്കാളിത്ത സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി ഫെസ്റ്റിവലിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഔദ്യോഗിക ആപ്പ് പുറത്തിറക്കും.
കഴിഞ്ഞ വര്‍ഷം 23 ദിവസങ്ങളിലായി 7,00,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ച ഫെസ്റ്റിവലിന് 2026ലെ മിഡില്‍ ഈസ്റ്റ് ഇവന്‍റ്സ് അവാര്‍ഡുകളില്‍ മികച്ച ഫെസ്റ്റിവലിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ പതിപ്പില്‍ പുനര്‍രൂപകൽപന ചെയ്ത ലിവ വില്ലേജ്, പുതിയ അന്താരാഷ്ട്ര വിനോദ ഷോകള്‍, മോട്ടോര്‍ സ്‌പോര്‍ട്ട് മത്സരങ്ങള്‍, പൈതൃക അനുഭവങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള വിവിധ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവലിലെ പകുതിയിലധികം റൈഡുകളും ആകര്‍ഷണങ്ങളും പുതിയതോ പുതുക്കിപ്പണിതതോ ആയിരിക്കും. സര്‍ക്കസ് സ്വിംഗര്‍, തഗാഡ, സ്‌പേസ് ടവര്‍ എന്നിവക്കൊപ്പം പ്ലേ സ്‌ട്രൈക്ക്, നിഞ്ജ ചലഞ്ച്, പിക്‌സല്‍ റണ്‍, ഡെസേര്‍ട്ട് ഹെയ്സ്റ്റ്, ഡ്രിഫ്റ്റ് ട്രൈക്ക്, ടാര്‍ഗെറ്റ് ഷൂട്ടിങ്, ക്ലൈംബ് ക്വസ്റ്റ് എന്നിവ പുതിയ അനുഭവങ്ങളാണ്.
ബംഗീ ജംപ് ഇത്തവണ ആദ്യമായി അരങ്ങേറ്റം കുറിക്കുമ്പോള്‍, ഫെറിസ് വീല്‍, ബമ്പര്‍ കാര്‍സ്, സ്ലിങ്‌ഷോട്ട്, ബൂസ്റ്റര്‍, ക്ലാസിക് കാറുകള്‍, ഗോ വാട്ടര്‍ കാര്‍ട്ട്, മിനി ടാങ്ക് പെയിന്‍റ് ബാള്‍, ഹൗസ് ഓഫ് ഹൊറര്‍, മേസ് അഡ്വഞ്ചര്‍, 4x4 ട്രാക്ക് എന്നിവ തിരിച്ചെത്തുന്ന പ്രധാന ആകര്‍ഷണങ്ങളാണ്. ഡിസംബര്‍ 19, 20 തീയതികളില്‍ നൈട്രോ സര്‍ക്കസ് ആദ്യമായി ഫെസ്റ്റിവലില്‍ അരങ്ങേറും.
ഇതില്‍ 15ലധികം അത്‌ലറ്റുകള്‍ ഫ്രീസ്‌റ്റൈല്‍ മോട്ടോകോസ്, കൊറിയോഗ്രാഫ് ചെയ്ത പ്രകടനങ്ങള്‍, ഫയര്‍വര്‍ക്കുകള്‍ എന്നിവ മൂന്ന് ഷോകളിലായി അവതരിപ്പിക്കും. ലിവ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ഡിസംബര്‍ 11-12, 21-22 തീയതികളില്‍ ഫ്രീസ്‌റ്റൈല്‍ ഡിസ്‌പ്ലേ, ഡിസംബര്‍ 13ന് മോട്ടോര്‍ബൈക്ക് ഡ്രാഗ് റേസ്, ഡിസംബര്‍ 14-16 തീയതികളില്‍ ഫാല്‍ക്കണ്‍ റേസ്, ഡിസംബര്‍ 18-19, 27-28 തീയതികളില്‍ സാന്‍ഡ് ഫ്രീസ്‌റ്റൈല്‍ ഡിസ്‌പ്ലേ, ഡിസംബര്‍ 20ന് ലിവ യു.ടി.വി ട്രാക്ക്, ഡിസംബര്‍ 22-23 തീയതികളില്‍ പരമ്പരാഗത പ്രാവ് റേസ്, ഡിസംബര്‍ 24ന് ലിവ ബേണ്‍ഔട്ട് ചലഞ്ച്, ഡിസംബര്‍ 25-26 തീയതികളില്‍ ലിവ ഡ്രിഫ്റ്റ് എന്നിവ നടക്കും.
ഡിസംബര്‍ 30 മുതല്‍ 2027 ജനുവരി 2 വരെ നടക്കുന്ന തല്‍ മുരീബ് കാര്‍ ചാംപ്യന്‍ഷിപ്പ് ഫിനാലെയോടെ പരിപാടികള്‍ സമാപിക്കും. ഇതിനുപുറമെ ഡിസംബര്‍ 19ന് ലിവ സൈന്‍ ക്ലൈംബ് ചലഞ്ച്, ഡിസംബര്‍ 21ന് സൈക്ലിങ് റേസ്, ഡിസംബര്‍ 23ന് ലിവ ഫെസ്റ്റിവല്‍ കമ്മ്യൂണിറ്റി റണ്‍, ഡിസംബര്‍ 24-25 തീയതികളില്‍ പാഡല്‍ ടൂര്‍ണമെന്റ്, ഡിസംബര്‍ 29ന് ഫിറ്റ്‌നസ് ടൂര്‍ എന്നീ കായിക-ഫിറ്റ്‌നസ് പരിപാടികളിലും സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാം.
ഇമാറാത്തി ജീവിതരീതികള്‍, ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തത്സമയ പ്രകടനങ്ങളും പരിശീലനങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഫാല്‍ക്കണ്‍ വളര്‍ത്തല്‍, പരിശീലനം, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള തത്സമയ പ്രദര്‍ശനങ്ങള്‍ ഫാല്‍ക്കണ്‍ ടെന്‍റില്‍ ഒരുക്കിയിട്ടുണ്ട്. വടംവലി, ഒട്ടകയോട്ടം, ഈന്തപ്പന കയറല്‍, ഈന്തപ്പനയോല ഉല്‍പന്നങ്ങളുടെ നിര്‍മാണവും നെയ്ത്തും പഠിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ പരമ്പരാഗത ഗെയിംസ് ഏരിയയില്‍ ഉള്‍പ്പെടുന്നു.
ഇമാറാത്തി മജ്ലിസ് സന്ദര്‍ശകര്‍ക്ക് അതിഥികളെ സ്വീകരിക്കുന്നതിലെയും ആദരിക്കുന്നതിലെയും സാമൂഹിക മര്യാദകള്‍ പരിചയപ്പെടുത്തുമ്പോള്‍, ഇമാറാത്തി ഗാവ തയാറാക്കുന്ന രീതിയും സല്‍ക്കാര മര്യാദകളും തത്സമയ വര്‍ക്ക്‌ഷോപ്പിലൂടെ പഠിക്കാം.
പ്രധാന ഫെസ്റ്റിവല്‍ സൈറ്റിന് പുറമേ, അല്‍ ദഫ്റ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ലിവ സൈന്‍ ലാന്‍ഡ്മാര്‍ക്ക്, ധഫീര്‍ കോട്ട, അല്‍ മീല്‍ കോട്ട, അല്‍ യബാന കോട്ട എന്നിവിടങ്ങളിലെ റീട്ടെയില്‍-ഭക്ഷണശാലകള്‍, ഖനൂര്‍ കോട്ടയിലെ പരമ്പരാഗത ഇമാറാത്തി കരകൗശല വസ്തുക്കള്‍, ലിവയുടെ ചരിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മെസൈറ കോട്ടയിലെ സാംസ്‌കാരിക അനുഭവം എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.