യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ


യു.എ.ഇ വൈസ് പ്രസിഡന്‍റും സൗദി പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി

അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ, സൗദി അറേബ്യൻ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി ഞായറാഴ്ച അബൂദബിയിൽ കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു. യു.എ.ഇയും സൗദിയും തമ്മിലുള്ള സുദൃഢമായ സാഹോദര്യ ബന്ധവും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നന്മക്കായി വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കാനുള്ള സന്നദ്ധതയും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ചർച്ച ചെയ്തു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് സഹകരണം വർധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം യോഗത്തിൽ ഇരു നേതാക്കളും എടുത്തുപറഞ്ഞു.

സ്റ്റേറ്റ് മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ ആൽ നഹ്‌യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ് അൽ ശംസി തുടങ്ങി യു.എ.ഇയിലെ ഉയർന്ന ഉദ്യോഗസ്ഥരും സൗദി പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തേ, അബൂദബിയിലെ അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ടിൽ എത്തിയ പ്രിൻസ് ഖാലിദ് ബിൻ സൽമാനെ ശെശഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Tags:    
News Summary - Sheikh Mansour Meets Saudi Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.