അബൂദബിയിൽനിന്ന് ദുബൈയിലേക്ക് ഇത്തിഹാദ് റെയിൽ പാതയിലൂടെ പ്രോട്ടോടൈപ് പാസഞ്ചർ ട്രെയിനിൽ യാത്രചെയ്ത സായുധസേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ശൈഖ് അഹ്മദ് ബിൻ തഹ്നൂൻ ആൽ നഹ്യാനും സംഘവും
അബൂദബി: യു.എ.ഇയുടെ സ്വപ്നപാതയായ ഇത്തിഹാദ് റെയിലിൽ രാജ്യത്തിന്റെ സായുധസേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ശൈഖ് അഹ്മദ് ബിൻ തഹ്നൂൻ ആൽ നഹ്യാന്റെ നേതൃത്വത്തിൽ യാത്ര. റെയിൽ പാതയിലൂടെ പ്രോട്ടോടൈപ് പാസഞ്ചർ ട്രെയിനിൽ അബൂദബിയിൽനിന്ന് ദുബൈയിലേക്കാണ് യാത്ര ചെയ്തത്. പ്രതിരോധ മന്ത്രാലയ പ്രതിനിധിസംഘത്തോടൊപ്പം നടന്ന യാത്ര ഇത്തിഹാദ് റെയിലിന്റെ പ്രധാന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന അബൂദബിയിലെ അൽ ഫായയിൽനിന്ന് ആരംഭിച്ച് ദുബൈയിലെ അൽ ഖുദ്റയിലാണ് സമാപിച്ചത്.
ദേശീയ റെയിൽ ശൃംഖലയുടെ ചരക്ക് ഗതാഗതത്തിനുള്ള ട്രെയിൻ സർവിസുകളുടെ പ്രവർത്തനങ്ങളുടെ പുരോഗതിയും കമ്പനിയുടെ ഉദ്ഘാടനത്തിനു ശേഷമുള്ള നേട്ടങ്ങളും സംഘം വിലയിരുത്തി. ശൈഖ് അഹ്മദിനെയും സംഘത്തെയും ഡിപ്പോയിൽ ഇത്തിഹാദ് റെയിൽ സി.ഇ.ഒ ശാദി മലക്കും മുതിർന്ന കമ്പനി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ജനുവരിയിൽ അൽദഫ്റ മേഖലയിലെ അൽദന്നയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാതയിൽ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രിയും അഡ്നോക് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. സുൽത്താൻ അൽ ജാബിറും അഡ്നോകിന്റെ മുതിർന്ന ഉദ്യോഗസ്ഥരും അടക്കമുള്ളവർ കന്നി പാസഞ്ചർ യാത്ര നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ദുബൈയിലേക്കുള്ള യാത്ര, പാസഞ്ചർ ട്രെയിനുകൾ വൈകാതെ സർവിസ് ആരംഭിക്കുമെന്ന പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.
രാജ്യത്തെ മുഴുവൻ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാതയുടെ നിർമാണം പൂർത്തിയാവുകയും ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് പാതയിൽ ആരംഭിക്കുമെന്ന് 2021ൽ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മണിക്കൂറില്‍ 200 കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ അബൂദബിയില്‍നിന്ന് ദുബൈലേക്ക് 50 മിനിറ്റ് കൊണ്ടെത്താൻ വഴിയൊരുക്കും. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയായത് രാജ്യത്തിന് വലിയ നേട്ടമാണ്. 1200 കി.മീ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.