പ്രതീകാത്മക ചിത്രം

മുന്‍കൂട്ടി അറിയിക്കാതെ പിരിച്ചുവിട്ട ജീവനക്കാരന് 90,750 ദിര്‍ഹം നൽകണം: അബൂദബി ലേബര്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്

അബൂദബി: മുന്‍കൂട്ടി നോട്ടിസ് നല്‍കാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാരന് ശമ്പള കുടിശ്ശികയും നോട്ടിസ് പേയും ഉള്‍പ്പെടെ 90,750 ദിര്‍ഹം നല്‍കാന്‍ അബൂദബി ലേബര്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ഉത്തരവിട്ടു. ജീവനക്കാരന്‍ അവധിയെടുത്തെന്ന കമ്പനിയുടെ വാദം തള്ളിയ കോടതി, അവധി അപേക്ഷയില്‍ ജീവനക്കാരന്‍റെ ഒപ്പില്ലാത്തത് ചൂണ്ടിക്കാട്ടി. മൂന്നുമാസത്തെയും 26 ദിവസത്തെയും ശമ്പള കുടിശ്ശികയായി 74,250 ദിര്‍ഹവും ഒരു മാസത്തെ നോട്ടിസ് കാലയളവിനുള്ള നഷ്ടപരിഹാരമായി 16,500 ദിര്‍ഹവുമാണ് ജീവനക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കമ്പനി പ്രതിനിധിയും കോടതിയെ സമീപിച്ചിരുന്നു.

നിശ്ചിത തീയതികളില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ ലേബര്‍ റിലേഷന്‍സ് നിയമം തൊഴിലുടമകളെ ബാധ്യസ്ഥരാക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇരുവിഭാഗവും ഒപ്പുവെച്ച തൊഴില്‍ കരാര്‍ പ്രകാരം ജീവനക്കാരന്‍റെ പ്രതിമാസ ശമ്പളം 16,500 ദിര്‍ഹമാണെന്ന് സ്ഥിരീകരിച്ചു.

ജീവനക്കാരന്‍ ആവശ്യപ്പെട്ട തുക നല്‍കിയെന്നോ ബാധ്യതകള്‍ നിറവേറ്റിയെന്നോ ഉള്ളതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കിയ കോടതി, 74,250 ദിര്‍ഹം കുടിശ്ശികയായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ജീവനക്കാരന്‍ ശമ്പളമില്ലാത്ത അവധി എടുത്തുവെന്ന കമ്പനിയുടെ വാദം തള്ളിയ കോടതി, അവധിയെക്കുറിച്ച് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ടായതിന് തെളിവില്ലെന്നും വ്യക്തമാക്കി.

കമ്പനി സമര്‍പ്പിച്ച രേഖയില്‍ ജീവനക്കാരന്‍റെ ഒപ്പില്ലാത്തതിനാല്‍ അത് ജീവനക്കാരന്‍റേതല്ലെന്നും അത് പ്രതിഭാഗം മാത്രമായി തയാറാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ഏതെങ്കിലും കക്ഷി മറ്റേ കക്ഷിയെ രേഖാമൂലം അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, 30 ദിവസത്തില്‍ കുറയാത്തതും 90 ദിവസത്തില്‍ കൂടാത്തതുമായ നോട്ടിസ് കാലയളവില്‍ ജീവനക്കാരന് മുഴുവന്‍ ശമ്പളത്തിനും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

കമ്പനി ഒരു മുന്നറിയിപ്പും കൂടാതെയാണ് പിരിച്ചുവിട്ടതെന്നു വ്യക്തമാക്കിയ കോടതി, കരാര്‍ പ്രകാരമുള്ള ഒരു മാസത്തെ ശമ്പളമായ 16,500 ദിര്‍ഹത്തിന് ജീവനക്കാരന്‍ അര്‍ഹനാണെന്ന് വിധിച്ചു. കേസ് ചെലവുകള്‍ വഹിക്കാനും കമ്പനിയോട് കോടതി ഉത്തരവിട്ടു.

Tags:    
News Summary - Abu Dhabi Court Orders Company to Pay AED 90,750 to Wrongfully Dismissed Employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.