തൊഴിലാളികളുടെ ഈദ് ആഘോഷത്തിന്​ ജി.ഡി.ആർ.എഫ്.എ പുറത്തിറക്കിയ ബ്രോഷറിൽനിന്ന്​

തൊഴിലാളികൾക്കായി വമ്പൻ ഈദ് ആഘോഷം

ദുബൈ: യു.എ.ഇയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന് ആദരവും സന്തോഷവും പകർന്ന് ദുബൈയിൽ വിപുലമായ ഈദുൽ അദ്ഹ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്​.എ) നേതൃത്വത്തിലാണ് ‘സെലിബ്രേറ്റ് ഈദ് അൽ അദ്ഹ 2026 വിത്ത് ദുബായ്സ് വർക്ക്‌ഫോഴ്‌സ്” എന്ന പേരിൽ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആഘോഷ പരിപാടികൾ ഒരുക്കുന്നത്.

മേയ് 27, 28 തീയതികളിലായി അൽ ഖൂസ്, ജബൽ അലി, മുഹൈസ്ന (സോണാപൂർ) എന്നീ മേഖലകളിലാണ് ആഘോഷങ്ങൾ. അൽ ഖൂസായിരിക്കും പ്രധാന വേദി. നേരിട്ടുള്ള പരിപാടികൾക്ക് പുറമെ ഡിജിറ്റൽ സംവിധാനങ്ങളും സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് ആഘോഷമായിരിക്കും ഇത്. ‘ബ്ലൂ കണക്ട്’ ആപ്പിലൂടെ ഓൺലൈൻ ആഘോഷങ്ങൾ തത്സമയം തൊഴിലാളികളിലെത്തും.

തൊഴിലാളികളുടെ സന്തോഷവും ക്ഷേമവും മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളുമുണ്ട്. സ്വർണം, കാഷ് പ്രൈസുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ആഡംബര കാർ എന്നിവ ഉൾപ്പെടെ 400-ലേറെ സമ്മാനങ്ങൾ ലഭിക്കും.

സാംസ്കാരിക കലാപരിപാടികൾ, ഫോക് ഷോകൾ, ലൈവ് ഡി.ജെ പ്രകടനങ്ങൾ, നൃത്ത-സംഗീത അവതരണങ്ങൾ, ആപ്പ് അധിഷ്ഠിത ഗെയിമുകൾ, കുടുംബ സൗഹൃദ വിനോദങ്ങൾ എന്നിവയും അരങ്ങേറും. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന്​ കലാകാരന്മാരെത്തും. ഗായകരായ രൂപം ഭട്ടാചാര്യ, ബിശ്വജിത് മഹാപാത്ര, അങ്കുഷ് ഭരദ്വാജ് എന്നിവരും നർത്തകരായ അൻഷിക പാണ്ഡെ, രശ്മി ഗുപ്ത എന്നിവരും ഡി.ജെമാരായ അലി മർച്ചന്റ്, തസ്യ സ്റ്റെപനോവ എന്നിവരും ആഘോഷ വേദിയെ ആവേശഭരിതമാക്കും.

Tags:    
News Summary - A grand Eid celebration for workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.